watching through

Monday, November 20, 2023

"വാൽപ്പാറയിലെ വശ്യത.."

"വാൽപ്പാറയിലെ വശ്യത...."
യാത്രാപ്രേമികൾക്ക് മാത്രമായുള്ള റൂട്ടിലൂടെയാണ്  ഇത്തവണ കെ എം എം ഓഫിസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ 22 ന് പുറപ്പെട്ട വാൽപ്പാറ യാത്ര.  രാത്രി പത്തുമണിയോടെ കൊല്ലം ക്ലബ്ബ് പരിസരത്തു നിന്നാരംഭിച്ച മുപ്പതു പേരടങ്ങുന്ന ഞങളുടെ യാത്ര കരുനാഗപ്പള്ളി,കായംകുളം, ആലപ്പുഴ ,എറണാകുളം വഴി ചാലക്കുടിയിലൂടെ അതിരപ്പിള്ളിയിൽ പുലർച്ചെ മൂന്നര മണിയോടെയാണ് എത്തിച്ചേർന്നത്. രാത്രിയാത്ര തിരഞ്ഞെടുത്തത് ,സമയനഷ്ടം കൂടാതെ ചെക്ക് പോസ്റ്റിൽ രാവിലെ തന്നെ എത്തിച്ചേരാൻ ആയിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ച റിസോർട്ടിൽ ഞങ്ങൾക്കു വേണ്ടി  തയ്യാറാക്കിയ മുറികളിൽ അൽപ്പ നേരത്തെ ഉറക്കത്തിനു ശേഷം ഏഴ് മണിയോടെ ഉണർന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു.
അതിമനോഹരമായിരുന്നു റിസോർട്ടിനു മുന്നിലുള്ള കാഴ്ച. മൂടൽ മഞ്ഞു പുതച്ച മലയോരം ഒരു ഭാഗത്ത് , മറ്റൊരു ഭാഗം എണ്ണപ്പന തോട്ടം. അതിനപ്പുറം കുത്തിയൊഴുക്കില്ലാതെ കളകളാരവം ഉയർത്തി, പാറകളിൽതട്ടി പതഞ്ഞു പൊങ്ങി ഒഴുകുന്ന ചാലക്കുടിപ്പുഴ.ഞങ്ങളിൽ കുറച്ചു പേർ പുഴയുടെ സൗന്ദര്യവും നുകർന്ന് കുളിക്കാനായി തിരക്ക് കൂട്ടി. കുളിർമഴയുടെ വരവും തണുപ്പും കൂടി ചേർന്നപ്പോൾ ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. തുടർന്നുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര പുറപ്പെട്ട ഞങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേർന്നു.വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ ആരെയും മയക്കുന്ന രീതിയിൽ പൊട്ടിച്ചിരിച്ചു കൊണ്ട് അതി വേഗത്തിലൊഴുകി താഴോട്ട് പതിക്കുന്ന നയനാനന്ദകരമായ ആ വെള്ളച്ചാട്ട കാഴ്ച എന്നും ഓർമ്മയിൽ ഉണ്ടാകും.  പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശം കൂടിയാണ് അതിരപ്പള്ളി. പരന്ന പാറപ്പുറത്തിന് മുകളിൽ നിന്നും 24 മീറ്റർ താഴേക്കാണ് കേരത്തിലെ നയാഗ്രാ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പതിക്കുന്നത്. അൽപ്പനേരത്തിനു ശേഷം ഞങളുടെ വാഹനം അതിരപ്പിള്ളി ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു. അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറ കൂടിയാണ്. ചെക്കിങ്ങിനു ശേഷം വനത്തിലൂടെ ഞങളുടെ വാഹനം കിതപ്പോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ചാലക്കുടിയിൽനിന്ന് ആരംഭിച്ച് പശ്ചിമഘട്ടത്തിലെ മനോഹരമായ മഴക്കാടുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര...ചാലക്കുടി നദിക്കരയിൽനിന്നു പടിഞ്ഞാറോട്ട് പോയി അതിരപ്പിള്ളി-പുളിയിലപ്പാറ-മലക്കപ്പാറ-ഷോലയാർ-വാൽപ്പാറ-ആളിയാർ വഴി കടന്നുപോകുന്ന ഈ വഴി അവസാനം തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ചെന്നു ചേരുന്നു....ഇതിനിടെ ഷോളയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ വാൽവ് ഹൗസിനു മുന്നിലായി അൽപ്പ സമയം ഞങൾ ചെലവഴിച്ചു.ചെക്ക് പോസ്റ്റ് കഴിഞ്ഞതിനു ശേഷം , തേക്കും മുളങ്കാടുകളും പറങ്കി മാവുകളും നമുക്ക് കാണാനാകും .വനങ്ങൾ പിന്നിട്ടു മുന്നോട്ട് പോയാൽ തേയില തോട്ടങ്ങൾ ദൃശ്യമാകും .ബ്രിട്ടീഷ് കാലത്ത് നിർമ്മിക്കപ്പെട്ട വീടുകളും കെട്ടിടങ്ങളും ഇപ്പോഴും കാണാൻ കഴിയും..  പ്രിയ സുഹൃത്തും ക്ലബ്ബ് സെക്രട്ടറിയുമായ ജസിൽ മൈക്ക് കയ്യിലെടുത്തുകൊണ്ട് എല്ലാവരെയും ഒരിക്കൽ കൂടി ഊഷ്മളമായി സ്വാഗതം ചെയ്ത് ഒരു കുഞ്ഞു നർമ്മ ഭാഷണത്തിലൂടെ എല്ലാവരുടെയും മനം കവർന്നു. തുടർന്ന്, കാണാൻ പോകുന്ന കാഴ്ചകളെക്കുറിച്ചും, കടന്നു പോകുന്ന വഴികളെ ക്കുറിച്ചും ആകാംക്ഷാ ഭരിതവും   മനോഹരവുമായ വിവരണവുമായി നമ്മുടെ ക്ലബ്ബിന്റെ മുൻ ഭാരവാഹിയും സുഹൃത്തുമായ അക്ബർഷായും,   യാത്രയ്ക്ക് ചൂട് പകർന്നു.  കടന്നു പോകുന്ന പാതയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ എടുത്തു പറയേണ്ടുന്ന ഒന്നാണ്. അത്യാവശ്യം എല്ലാത്തരം മൃഗങ്ങളും അധിവസിക്കുന്നിടം. വാൽപാറയിലും മലക്കപ്പാറയിലും പുലി ഇറങ്ങുക എന്നത് ഒരു നിത്യ സംഭവമാണ്.ഇത് ഞങ്ങളുടെ കാടാണ് എന്ന് പറയാതെ പറയുന്ന ആനപ്പിണ്ടങ്ങൾ, ഒരു മുന്നറിയിപ്പ് പോലെ തോന്നിപ്പിച്ചു. വലിയ വാഹനം  ആയതു കൊണ്ടും കൂടുതൽ പേരുള്ളതുകൊണ്ടും ആരെയും ഭയം ലവലേശം അലട്ടിയതേയില്ല. നേരെ മറിച്ച്‌ ഒരു ഇരു ചക്ര വാഹനത്തിലെ യാത്ര ആയിരുന്നെകിൽ പലരും പല ഭാവത്തിൽ ആയിരിക്കും യാത്ര ചെയ്യുക. കോടമഞ്ഞ് പൊതിയുന്ന കാട്ടുവഴികളിലൂടെ യാത്രയിൽ ഇടതൂർന്ന് വളരുന്ന മരങ്ങളും ഇടയ്ക്ക് മൃഗങ്ങൾ വിശ്രമിക്കാനെത്തുന്ന പുൽമേടുകളും താണ്ടി മുന്നോട്ട് കുതിച്ചു. കാടിന്റെ ഹൃദയം തുടങ്ങുന്നത് വാഴച്ചാൽ ഭാഗത്താണ് എന്ന് തോന്നും വിധത്തിലാണ് ഇടതൂർന്ന മരങ്ങൾ നിൽക്കുന്നത്. ചാർപ്പ വെള്ളച്ചാട്ടവും വാഴച്ചാൽ വെള്ളച്ചാട്ടവും  പിന്നിട്ടു തൊട്ടാപുര വഴി ഞങ്ങളുടെ വാഹനം കടന്നു പോയി .യാത്രയിൽ ലോവര്‍ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ വിദൂര ഭംഗിയും കണ്ണുകളെ കുളിരണിയിച്ചു. ഇടയ്ക്ക് വെച്ച് ഞങളുടെ വാഹനത്തിന്റെ മുൻവശത്തെ ബമ്പർ ഗാർഡ് ഇളകി വീഴുകയുണ്ടായി.അതൊക്കെ , വീണ്ടും യഥാ സ്ഥാനത്ത് താൽക്കാലികമായി ഉറപ്പിച്ചു നിർത്താനുള്ള ശ്രമത്തിനിടയിൽ അല്പനേരത്തേക്കു റോഡ് ബ്ലോക്കായി, എങ്കിലും പെട്ടന്ന് തന്നെ ഞങ്ങൾക്ക് യാത്ര തുടരാനായി. അങ്ങിനങ്ങിനെ ചൊരിങ്ങലും പെരുമ്പാറയും ഒക്കെ പിന്നിട്ടു കൊണ്ട് മലക്കപ്പാറയിലേക്ക് ഞങൾ എത്തിച്ചേർന്നു. കാടിന്റെ കാഴ്ചകൾ കണ്ടു മലക്കപ്പാറ എത്തുമ്പോൾ വിശപ്പ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു.  

വിശപ്പിന്റെ  വിളിയിൽ  മലയാളി
കടയിലെ മസാല കൂട്ടുകളുടെ ആധിക്യം തെല്ലുമില്ലാത്ത രുചികരമായ ഉച്ചഭക്ഷണം , ശേഷം അതേ കടയിൽ നിന്ന് തന്നെ പലരും പല ഉൽപ്പന്നങ്ങളും ,വാങ്ങി കൂട്ടുന്നുണ്ടായിരുന്നു.  കാട്ടുള്ളി തൈലം അൽപ്പം വിരലുകളിലാക്കി ഒന്ന് മണപ്പിച്ചപ്പോഴേക്കും പലരുടെയും കിളി പറന്നു പോയി , അത്ര രൂക്ഷമായിരുന്നു ആ തൈലം. മൂക്കടപ്പും , തലവേദനയും പമ്പ കടത്താൻ പാകത്തിൽ ആയിരുന്നു അതിന്റെ നിർമ്മാണം. ഒരു ചെറിയ കുപ്പിക്ക് നൂറു രൂപാ നിരക്കിൽ വാങ്ങാൻ കിട്ടുന്ന ആ തൈലം ഉപകാരപ്പെടും എന്നതിനാൽ മിക്കവരും ഓരോന്ന് വാങ്ങി കയ്യിൽ സൂക്ഷിച്ചു.

ഉച്ചയൂണിനു ശേഷം മലക്കപ്പാറയിൽ നിന്നും  ഞങൾ വീണ്ടും യാത്ര തിരിച്ചു. പലരും ഉച്ചയുറക്കത്തിന്റെ കോണിലേക്കു വഴുതി വീണു കൊണ്ടിരുന്നു. തണുത്ത കാറ്റും ഇടയ്ക്കിടെയുള്ള ചാറ്റൽ മഴയും യാത്രയ്ക്ക് കൂട്ടായിരുന്നു. ഒടുവിൽ കുന്നിറങ്ങിയും കയറിയും കാടിന്റെ ഭംഗി നുകർന്നുകൊണ്ട് ഒരു വലിയ തേയിലത്തോട്ടത്തിനു നടുവിൽ ഞങൾ എത്തിച്ചേർന്നു. അതെ,  ‘വാൽപ്പാറ’ എന്നറിയപ്പെടുന്ന മനോഹരമായ ഭൂപ്രദേശം… വാഹനം മെയിൻ റോഡിൽ ഒതുക്കി നിർത്തി, താമസം ഏർപ്പാടാക്കിയ കോട്ടേജിലേക്ക്  ചെറിയൊരു ഒറ്റ വാഹനത്തിനു പോകാൻ മാത്രം വീതിയിലുള്ള റോഡിലൂടെ ഞങ്ങൾ നടന്നു കയറി. കുന്നിൻ ചരിവുകൾക്കും ഭൂപ്രകൃതിക്കും അനുസൃതമായി നിർമ്മിച്ചതാണ് ഓരോ കോട്ടേജുകളും.അമ്പതോളം പടികൾ കയറിയാലാണ് ഏറ്റവും മുകളിലെ കോട്ടേജിൽ എത്താൻ പറ്റുക. മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരം തന്നെയാണ്.

തണുത്ത കാറ്റും ഇടക്കിടെയുള്ള കോടമഞ്ഞും മനസ്സിന് കുളിർമ്മ നൽകിക്കൊണ്ടിരുന്നു. അൽപ്പ നേരത്തെ വിശ്രമം , പിന്നെ ചൂട് ചായ . ഇടയിൽ അൽപ്പം ചരിത്രവുമാകാം ..

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് ഈ മനോഹരമായ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. കേരളത്തിലെ ചാലക്കുടിയിൽ നിന്നും സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി - വാഴച്ചാൽ- മലക്കപ്പാറ വഴി വാൽപ്പാറയിൽ എത്തിച്ചേരാം. ഞങളുടെ യാത്ര ചാലക്കുടി വഴിയായിരുന്നല്ലോ.

 1846ൽ രാമസ്വാമി മുതലിയാർ കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലം മുതലുള്ളതാണ് ഈ പ്രദേശത്തിൻറെ ആദ്യകാല രേഖകൾ.1864 ൽ കർണാട്ടിക് കോഫി കമ്പനി അവരുടെ കാപ്പി തോട്ടങ്ങൾ ഇവിടെ ആരംഭിച്ചുവെങ്കിലും അവർക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വിറ്റു. 1875 ൽ, ഇംഗ്ലണ്ടിലെ ‘വെയിൽസ്’ രാജകുമാരൻറെ സന്ദർശനത്തിനായി പട്ടാളക്കാർ റോഡുകളും ഗസ്റ്റ് ഹൗസുകളും നിർമ്മിച്ചു. ഇന്നും അക്കാലത്തെ പല കെട്ടിടങ്ങളും , ബംഗ്ലാവുകളും നമുക്ക് ടീ എസ്റ്റേറ്റ്കളിൽ കാണാൻ സാധിക്കും.റോഡ്‌ ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക്‌ ഉള്ളൂ. വനഭൂമിയിലും , തേയില തോട്ടങ്ങളിലും സന്ദർശകർക്ക് പ്രവേശനമില്ല.

പ്ലാന്റ് വാലി, വില്ലോണി, അണലി, തോണി മുടി, തായ്മുടി, മുത്തുമുടി, നെടുമല എസ്‌റ്റേറ്റുകളിലായി  ഒരുപാട് കുരുന്നുകളെ പുലികൾ  വേട്ടയാടിയതായി അറിയാൻ കഴിഞ്ഞത് താമസ സ്ഥലത്തെ ജോലിക്കാരിൽ നിന്നാണ്.പുലിയിറങ്ങുന്ന എസ്റേറ്റുകളായി മുദ്ര കുത്തിയ സ്ഥലമായിരുന്നു ഒരുകാലത്ത് വാൽപ്പാറ. അമ്മയുടെ കയ്യില്‍ നിന്ന്  മൂന്ന് വയസ്സുകാരിയെ തട്ടിയെടുത്ത പുലി തേയിലതോട്ടത്തില്‍ മറഞ്ഞ കഥയും മനസ്സിനെ തെല്ലൊന്നു വേദനിപ്പിച്ചു. കരടിയും പുള്ളിമാനും മുള്ളന്‍പന്നികളും വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുമെല്ലാം സ്വച്ചമായി കഴിഞ്ഞിരുന്ന വാൽപ്പാറ കാടുകളുടെ ജീവതാളം എന്നേ കൈവിട്ടു പോയിരിക്കുന്നു.

ചാറ്റൽ മഴ തുടരുകയാണ്, ചായക്ക് ശേഷം സായന്തന കാഴ്ചകൾക്കായി ഞങൾ വീണ്ടും വണ്ടിയിലേക്ക് കയറി. തേയില തോട്ടങ്ങളുടെ ഇടയിലൂടെ,അല്പനേരത്തെ യാത്രയിൽ ഞങൾ വാൽപ്പാറ ടൗണിൽ എത്തിച്ചേർന്നു. ഇടുങ്ങിയ റോഡും വാഹന ബാഹുല്യവും എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നായി തോന്നി.  
ഇരുട്ടും മുന്നേ വീട്ടിലെത്താനുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ ഇടയ്ക്കിടെ നമ്മുടെ മുന്നിലൂടെ കടന്നുപോയികൊണ്ടിരുന്നു.
അല്ലറ ചില്ലറ ഷോപ്പിംഗുമായി കുറച്ചുപേർ.ഒരു കാപ്പി കുടിക്കാനായി അടുത്ത് കണ്ട ബേക്കറി യിൽ ഞങ്ങൾ കയറി.1947 നു മുമ്പേ ഒരു മലയാളി തുടങ്ങി വെച്ച ബേക്കറി യായിരുന്നു അത്. പിൻ തലമുറ ക്കാർ ആ സ്ഥാപനത്തെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നു.അക്കാലത്തെ ഉൽഘാടന ഫോട്ടോ അവിടെ ഇപ്പോഴും ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. തൊട്ടു മുന്നിലുള്ള ഒരു തമിഴ് കോവിലിൽ നിന്ന് ചെവി തുളക്കും ശബ്ദത്തിൽ പാട്ടു  കേൾക്കാം.അതൊരു ഭക്തിഗാനമായിരുന്നു എങ്കിലും ഒരു ഡപ്പാം കൂത്ത് ശൈലിയിലുള്ളതായിരുന്നു. അൽപ്പ നേരത്തിനു ശേഷം എല്ലാരും എത്തിച്ചേർന്നു. വണ്ടി എത്തി. തിരികെ താമസ സ്ഥലത്തേക്ക് യാത്ര തുടർന്നു. പത്ത്‌ പതിനഞ്ച് മിനിറ്റിനകം അവിടെ എത്തി. നല്ല മഴയും കാറ്റും കാരണം തണുപ്പ് ഇരച്ചു കയറുന്നുണ്ട്.
റൂമിലെത്തി ഒന്നു ഫ്രഷ് ആയി. തട്ടു തട്ടായി  കിടക്കുന്ന പാറയിൽ പരിസ്ഥിതിക്ക് അനുകൂലമായി നിർമ്മിച്ച കെട്ടിടങ്ങൾ ..ഏറ്റവും മുകളിലത്തെ നിലയിൽ കൂടുതൽ പേർക്ക് താമസം ഒരുക്കിയിട്ടുണ്ട്.അവിടെ ആണ് ആട്ടവും പാട്ടും ബഹളവും ക്യാംപ് ഫയറും പ്ലാൻ ചെയ്തിരിക്കുന്നത്.അമ്പതോളം സ്റ്റെപ്പ് കയറിയാൽ മുകളിലെത്താം.ഭക്ഷണം റെഡിയായതായി അറിയിപ്പ് വന്നു.ചൂട് ചപ്പാത്തിയും,മസാലയുടെ അകമ്പടിയില്ലാതെ കോഴിക്കറിയും  ആയുരുന്നു ഡിന്നർ. ഡിന്നറിന് ശേഷം മുകളിലെ നിലയിൽ കലാവിരുന്നുകളുടെ കെട്ട് തുറന്നു.  ഡാൻസും പാട്ടും മേളവും പാതിരാത്രി വരെ തുടർന്നു. മഴയുടെ ആധിക്യം കാരണം രാത്രി സഫാരി ഒഴിവാക്കി. 
പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ്, ടീ എസ്റ്റേറ്റിനകത്തു കൂടെ ഞങ്ങൾ നടന്നു തുടങ്ങി. ചെറിയ തണുപ്പും ശുദ്ധവായുവും ഉന്മേഷം പകർന്നു. ഒരു ചെറിയ വളവിൽ പേരക്ക നിറഞ്ഞു നില്കുന്നത് ശ്രദ്ധയിൽ പെട്ടു.ഓരോന്നായി പറിച്ചെടുത്ത് കഴിച്ചപ്പോൾ മാത്രമാണ്‌ അതിന്റെ രുചി ശരിക്കും അറിഞ്ഞത്. മൂത്തു പഴുത്താൽ അതിന്റെ രുചി വേറെ ലെവൽ ആയിരിക്കുമെന്ന് മനസ്സിലായി. അത്ര രുചികരമായിരുന്നു. കാട്ടിലെ കഥകളും പണ്ട് കണ്ട കാഴ്ചകളെ കുറിച്ചും വാ തോരാതെ സംസാരിച്ചു കൊണ്ട് ഞങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. ബസ്സുകൾ അതിരാവിലെ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയി. സമീപത്തെ പെട്ടിക്കടയിൽ തീയും പുകയും ഉയരാൻ തുടങ്ങുമ്പോൾ , ഓരോ ചായ കുടിച്ചാലോ എന്ന തോന്നൽ. ബിസ്കറ്റും മറ്റു തമിഴ് ചുവയുള്ള കടല മിട്ടായിയും അകമ്പടിയായി സേവിച്ചു.ഫോട്ടോയെടുപ്പും കൂടി കഴിഞ്ഞപ്പോൾ മഴ വീണ്ടും ...സമീപത്തെ ഹോസ്പിറ്റലിനു മുന്നിലായിരുന്നു അപ്പോൾ ഞങ്ങൾ.പെട്ടന്ന് അല്പം അകലെ ഉയരത്തിൽ കുറെ കാട്ടുപോത്തുകൾ പ്രത്യക്ഷപ്പെട്ടു. മേയാൻ വന്നതാണ്. ദൂരെ നിന്ന് ദർശനം നൽകി അവ നമുക്ക് സന്തോഷം പകർന്നു.ഉന്മേഷ ദായകമായ ആ നടത്തം പര്യവസാനിപ്പിച്ചു കൊണ്ട് പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി ഇഡ്ഡലിയും സാമ്പാറും ചുടു ചായയും കുടിച്ചു റൂം കാലിയാക്കി വണ്ടിയിലേക്ക് കയറി. ഇവിടുന്നങ്ങോട്ടുള്ള യാത്ര ഇനി കാഴ്ച്ചകൾ നിറഞ്ഞതാണ്.
വൽപ്പാറ ടൗണിലേക്ക് പോകാതെ നേരെ ഷോളയാർ വഴി യാത്ര ആരംഭിച്ച ഞങ്ങൾക്ക് മുന്നിൽ മനോഹരമായ കാഴ്ചകളായിരുന്നു.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ വരവേറ്റത് കോടമഞ്ഞും , തണുപ്പും ചാറ്റൽ മഴയുമായിരുന്നു. ആ സമയത്തെ അനുഭൂതിയുടെ ആഴം എത്രത്തോളമെന്നു പറഞ്ഞറിയിക്കുക പ്രയാസമാണ്. വാഹനം നിർത്തി ചാടിയിറങ്ങിയ എല്ലാവരും തന്നെ ഓരോ നിമിഷവും ആസ്വദിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . അൽപ്പനേരം അവിടെ ഫോട്ടോ ഷൂട്ടിനും മറ്റും ചിലവഴിച്ചതിന് ശേഷം വീണ്ടും എല്ലാവരെയും വാഹനത്തിൽ നിർബന്ധിച്ചു കയറ്റി.  പിന്നീടങ്ങോട്ട് നീങ്ങുംതോറും മലനിരകളിലൂടെ ചെരിഞ്ഞിറങ്ങുന്ന സൂര്യപ്രകാശമേറ്റ് സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്ന തോട്ടങ്ങൾ കണ്ണിന് ആനന്ദകരമായ കാഴ്ചകളായിരുന്നു. പശ്ചിമ ഘട്ടത്തിന്റെ തനതു സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ പ്രദേശത്തിന്റെ നെറുകയിലൂടെ നാൽപ്പതോളം ഹെയർ പിൻ വളവുകളിലൂടെ ഞങളുടെ വാഹനം മുന്നോട്ട് പോയി . ദൂരെ അങ്ങ്  താഴെ ആളിയാര്‍ അണക്കെട്ടിലെ തിളങ്ങുന്ന കാഴ്ചകൾ കാണാം. ആകാശം നീല നിറത്തിൽ കുട ചൂടി നിൽക്കുന്ന വശ്യമായ കാഴ്ചകളുടെ അകമ്പടിയിൽ ഞങൾ മുന്നോട്ട് നീങ്ങി.  വാൽപ്പാറയിൽ നിന്നും ഏകദേശം 38 കിലോമീറ്റർ ദൂരത്തിൽ നമ്മുടെ അടുത്ത ഡെസ്റ്റിനേഷനായ "മങ്കി ഫോൾസ് " എന്ന വെള്ളച്ചാട്ടത്തിനടുത്തെത്തി.വണ്ടി അരികു ചേർത്ത് നിർത്തി. എല്ലാവരും ഇറങ്ങി.
വെള്ളച്ചാട്ടത്തിൽ കുളിക്കാനും ,മനസ്സു കുളിർപ്പിക്കാനും  ആർക്കാണ് ഇഷ്ടമല്ലാത്തത്.പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണത്.ഒരു പുഴയിലോ ,നീന്തൽ കുളത്തിലോ ,എന്തിനധികം ഒരു കടലിലോ കുളിച്ചാൽ ഈ അനുഭൂതി കിട്ടില്ല.അത്രയ്ക്ക് സുഖകരവും ഒപ്പം ഊഷ്മളമള തയും പകർന്ന് തന്ന കുളിയായിരുന്നു അവിടെ ഞങ്ങൾക്ക് കിട്ടിയത്.മുകളിൽ നിന്ന് കുത്തിയൊഴുകി ,പതഞ്ഞു ,വിവശയായി വരുന്ന വെള്ളച്ചാട്ടത്തിൽ തല ചേർത്തു നിൽക്കുമ്പോൾ ഒരുവേള ശ്വാസം നിലച്ചു പോകും പോലെ തോന്നിയേക്കാം , അത്രയ്ക്ക് നമ്മളെ അതിലേക്ക് അടുപ്പിച്ചു നിർത്തുന്നുണ്ട് ആ വെള്ളച്ചാട്ടം. അതായിരിക്കും എല്ലാർക്കും പ്രിയപ്പെട്ടതായി തോന്നാൻ കാരണം.
സഞ്ചാരികളുടെ തിരക്ക്  കൂടി വരുന്ന സമയം ആയിരുന്നു അപ്പോൾ.അധികം വൈകാതെ ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി.എല്ലാ ക്ഷീണവും മങ്കി ഫാൾസിൽ ഉപേക്ഷിച്ചു കൊണ്ട് കാഴ്ചയ്ക്കും അതുപോലെ അനുഭവത്തിലും ഒരുപോലെ സന്തോഷം സമ്മാനിച്ച ആ  പ്രകൃതിയുടെ വരദാനത്തിനു മുന്നിൽ , മനസ്സിൽ നന്ദി അർപ്പിച്ചു.

വീണ്ടും കുറെ ദൂരം വണ്ടി സമ നിരപ്പിലൂടെ മുന്നോട്ടുപോയി. അപ്പോഴേക്കും സമയം മധ്യാഹ്‌നമായിരുന്നു. വിശപ്പ് അതിൻറെ മൂർദ്ധന്യത്തിൽ എത്തിയിരുന്ന നേരം,  സാമാന്യം ഭേദം എന്നു തോന്നിയ വൃത്തിയും വെടിപ്പുമുള്ള ഒരു ഹോട്ടലിന്റെ മുന്നിൽ ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്തു. വിഭവസമൃദ്ധം എന്ന് പറയാൻ പറ്റില്ലെങ്കിലും മസാലകളുടെ ആധിക്യം ഇല്ലാതെ തമിഴ്ചുവയുള്ള ബിരിയാണിയും ഉച്ചയൂണും യാത്രക്കാർക്ക് വേണ്ടി അവിടെ കരുതിയിട്ടുണ്ടായിരുന്നു. യാത്രക്കാർ പല വാഹനങ്ങളിലുമായി എത്തിക്കൊണ്ടിരുന്നു.ഞങ്ങൾ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞു. കൂട്ടത്തിൽ കുളത്തിലോ മറ്റോ വളർത്തിയിരുന്ന മീൻ വറുത്തതും ഉണ്ടായിരുന്നു ഏകദേശം അരമണിക്കൂറിനകം ഭക്ഷണവും മധുര സേവയും കഴിഞ്ഞ് ഞങ്ങൾ പുറപ്പെടാൻ തയ്യാറായി.ആ ഹോട്ടലിന്റെ ഒരു വശം മുഴുവൻ നോക്കത്താ ദൂരത്തോളം തെങ്ങിൻ തോപ്പുകൾ ആയിരുന്നു. അത് കണ്ടപ്പോൾ മനസ്സിൽ തെല്ലൊരു അതൃപ്തി സ്വന്തം നാട്ടിനോട് തോന്നാതിരുന്നില്ല,കാരണം കേര വൃക്ഷങ്ങളുടെ നാട്ടിൽ നിന്ന് അന്യം നിന്നു പോകുന്നവയെ കൺകുളിർക്കെ  കാണാൻ തമിഴകത്തേക്ക് യാത്ര ചെയ്യേണ്ടി വരുമല്ലോ എന്ന സന്ദേഹം.ആ ദൃശ്യങ്ങൾ മനസ്സിനെ വലച്ചു.വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു. ഉച്ചച്ചൂടിൽ പുറം കാഴ്ച്ചകൾ ജ്വലിച്ചു നിന്നു.വാഹനത്തിലെ ശീതളിമയിൽ മിക്കവരും ഉറക്കത്തിലേക്ക് വഴുതി.
എങ്കിലും തമിഴ്നാട് റോഡുകളിലൂടെയുള്ള യാത്രയെ മറക്കാതിരിക്കാൻ ഉറങ്ങാതിരിക്കാനുള്ള എന്റെ ശ്രമം വിഫലമായില്ല.പൊള്ളാച്ചിയിൽ നിന്നും കൊല്ലങ്കോട്, നെന്മാറ ,വടക്കഞ്ചേരി വഴി കുതിരാൻ തുരങ്കവും കടന്നു ചാലക്കുടിയിൽ നിന്ന് ഓരോ ചായയും കുടിച്ചു കൊണ്ട് യാത്ര തുടർന്ന ഞങ്ങൾ കൊച്ചിയിൽ എത്തിയപ്പോഴേക്കും ഇരുട്ട് വീഴാറായി. പതുക്കെ ഞങ്ങളും നഗരത്തിരക്കിൽ അലിഞ്ഞു ചേർന്ന് മുന്നോട്ടു നീങ്ങി. വിരസത അകറ്റാൻ വാഹനത്തിൽ അനുഭവങ്ങളുടെ നേർക്കാഴ്ച്ചകൾ പങ്കു വെച്ച ടോക്ക് ഷോയും രസം പകർന്നു.
ആലപ്പുഴയിൽ രാത്രി ഭക്ഷണം ത്തിന് വണ്ടി നിർത്തി, തീന്മേശയിലേക്ക്‌ വിഭവങ്ങൾ വരുന്നതിനു മുമ്പ് ക്ലബ്ബ് സെക്രട്ടറി യുടെ പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ഗംഭീരമായ അത്താഴത്തിന് ശേഷം യാത്ര തുടർന്നു.മിക്കവരും അവരവരുടെ യാത്രാ അനുഭവം പങ്കുവെക്കുകയും ചെയ്തു. മനോഹരമായ രണ്ടു ദിവസത്തെ എന്നത്തേക്കും ഓർമ്മിക്കാൻ പാകത്തിൽ മനസ്സിലേക്ക് കോറിയിട്ടുകൊണ്ട് ഉറവിടത്തിലേക്ക് തിരിച്ചെ ത്തിയപ്പോൾ നൽപ്പത്തിയെട്ടു മണിക്കൂർ നീണ്ട യാത്രയ്ക്ക് പരിസമാപ്തിയായി.
യാത്രകൾ തുടരും...........














Wednesday, April 12, 2023

പാടിയും പറഞ്ഞും പാലക്കയം തട്ടിൽ......

 പാടിയും പറഞ്ഞും പാലക്കയം തട്ടിൽ.....

** ** ** ** ** ** ** ** ** ** ** ** ** ** **

           1990-91 വർഷത്തിലെ, മയ്യിൽ ഗവ.ഹൈ സ്കൂളിലെ പത്താം തരം സതീർത്ഥ്യർ ഒന്നായി കൂട്ടുകൂടി യാത്ര ചെയ്ത മനോഹരമായ ഒരു ദിവസമായിരുന്നു 2023 ഫെബ്രുവരി അഞ്ചാം  തീയ്യതി ഞായറാഴ്ച. പറഞ്ഞുറപ്പിച്ച പോലെ തന്നെ രാവിലെ 7 മണിക്ക് മയ്യിൽ സ്കൂളിന് സമീപം ടെമ്പോ ട്രാവലർ കാത്തു നിൽപ്പുണ്ടായിരുന്നു.മയ്യിലും പരിസരത്തുമുള്ളവർ കയറിയതിന് ശേഷം  പുറപ്പെട്ട വണ്ടി , എട്ടെയാർ ,മലപ്പട്ടം , ശ്രീകണ്ഠപുരം ,ചെമ്പേരി കുടിയാൻമല റൂട്ടിലായിരുന്നു നമ്മുടെ യാത്ര. ഏകദേശം 08.30 മണിക്ക് നമ്മുടെ ട്രാവലർ, സഹപാഠിയായ ജോഷിയുടെ വീടിനു പരിസരത്തെത്തി. വണ്ടിയിൽ നിന്നിറങ്ങി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെയുള്ള ചെറിയ റോഡിലൂടെ എല്ലാരും നടന്നു നീങ്ങി. പുലർകാല ഗ്രാമ സൗന്ദര്യത്തിന്റെ ചിത്രം മാഞ്ഞു തുടങ്ങിയില്ല. ഇലച്ചാർത്തുകളിൽ അവിടവിയെയായി മഞ്ഞു തുള്ളികൾ കാണാമായിരുന്നു. ചെറിയൊരു കയറ്റവും ഇറക്കവും വീണ്ടും മറ്റൊരു ചെറിയ കയറ്റവും ഒടുവിൽ, റബ്ബർ മരങ്ങൾക്കു നടുവിൽ ഒറ്റയാനെ പോലൊരു മനോഹരമായ വീടും പരിസരവും. മുറ്റത്ത്  അരികിലായി, പുക ഉയരുന്നന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്റെ കാഴ്ച അങ്ങോട്ട് ഉടക്കി. അടുത്ത് ചെന്നു നോക്കിയപ്പോൾ റബ്ബർ ഉണക്കാനുള്ള പുരയാണെന്നു മനസ്സിലായി. വിവിധ ചെടികളും പൂക്കളും കണ്ണിൽപ്പെട്ടു. ഉമ്മറത്ത് ഞങ്ങളെയും കാത്തു നിന്നിരുന്ന വീട്ടുകാരിയും കുഞ്ഞുങ്ങളും സ്നേഹപൂർവ്വം  എല്ലാവരെയും സ്വാഗതം ചെയ്തു.അപ്പോഴാണ് ജോഷിയുടെ മകളുടെ ടീച്ചർ  നമ്മുടെ യാത്രക്കാരിയായി കൂടെ ഉള്ളത് അറിഞ്ഞത്. അങ്ങിനെ പെട്ടെന്ന് തന്നെ ടീച്ചർ പത്തര മാറ്റുള്ള സ്‌പെഷ്യൽ ഗസ്റ്റ് ആയി മാറി ,അവരുടെ കൂടെ ഞങ്ങളും ചേർന്നപോൾ എല്ലാവരും വിശേഷപ്പെട്ടവരായി..   സ്വീകരണമുറിയിലെ മേശപ്പുറത്തു അപ്പോഴേക്കും കാച്ചിലും ചേമ്പും കിഴങ്ങും കാന്താരി മുളക് ചമ്മന്തിയും ഞങ്ങളുടെ രസമുകുളങ്ങൾക്ക് വിരുന്നേകാൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.ഒന്ന് കൈ കഴുകി , പരിമിതമായ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇരിപ്പുറപ്പിച്ചവരുടെ മുന്നിലേക്ക് വ്യത്യസ്തമാർന്ന വിഭവങ്ങൾ നിരന്നു..കുറെ പേർ നിന്നുകൊണ്ടും , കോലായിൽ ഇരുന്നും പ്രഭാത ഭക്ഷണം കഴിച്ചു. അതിനിടെ പയ്യന്നൂരിനും അപ്പുറത്ത് നിന്ന് സതീർഥ്യരുടെ കൂടെ ചേരാൻ വന്ന സുഹൃത്തിനെയും കൂട്ടു കാരിയയെയും കൊണ്ടുവരാൻ ജോഷിയുടെ നാനോ കാറിനും അവസരം ലഭിച്ചു. എരിവുള്ള കാന്താരിമുളക് ചമ്മന്തിയുടെ രസം നാവിൽ നിന്നും മാറുന്നതിനു മുന്നേ കട്ടൻ ചായയയുടെ അകമ്പടി , അതും കുടിച്ചു...അധികം വൈകാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് എല്ലാവരും, കൂടെ വീട്ടുകാരും ഞങ്ങളോടൊപ്പം ഇറങ്ങി. വീണ്ടും റബ്ബർ മരങ്ങളുടെ ഇടയിലൂടെ മെയിൻ റോഡിലേക്ക്...ട്രാവലർ ഞങ്ങൾ 26 പേരെയും ചുമലിലേറ്റി പൈതൽ മലയിലേക്ക് കയറ്റം തുടങ്ങി...

മഞ്ഞ വെയിൽ അതിന്റെ കാഠിന്യം കൂട്ടുന്നതിന് മുന്നേ മുകളിൽ എത്തണം.മുരണ്ടും ചാഞ്ഞും ചരിഞ്ഞും ചെങ്കുത്തായ കയറ്റങ്ങളും കയറി ഒടുവിൽ ഞങ്ങൾ മലയുടെ പരിസരം പൂകി.ഇനി അങ്ങോട്ട് ജീപ്പിൽ പോകണം. മൂന്നു ജീപ്പുകളിലായി എല്ലാവരും മുന്നോട്ടുള്ള പാതയിൽ കുത്തനെ കയറ്റം തുടങ്ങി.ദുർഘടമായ , ഉരുളൻ കല്ലുകളും , വെള്ളമൊഴിഞ്ഞ നീർച്ചാലുകളും ഉള്ള വഴിയിലൂടെ 4×4 ജീപ്പുകൾക്ക് മാത്രമേ സുഗമമായി കയറാൻ പറ്റുകയുള്ളു..ആ റോഡും വഴികളും ഒരിക്കലും അറ്റ കുറ്റ പണികൾ നടത്താതെ ഇട്ടിരിക്കുന്ന ഒന്നായി തോന്നി.കാരണം യാത്രക്കാർ എല്ലാവർക്കും സ്വന്തം വാഹനങ്ങളിൽ പോകാൻ സാധിക്കരുത് എന്നതാണ് അധികൃതരും , ലോക്കൽ വാഹന ഉടമകളും തമ്മിലുള്ള ഉടമ്പടി എന്നത്‌ സത്യമായി തോന്നി.അല്ലെങ്കിൽ എന്നോ ശരിയാക്കി എടുക്കേണ്ട ചുമതല പഞ്ചായത്ത് അധികൃതർ കാണിക്കേണ്ടതാണ്.യാത്രക്കാരെ , കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ടൂറിസം മേഖലയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ജീപ്പുകാർക്ക് കുറഞ്ഞ സമയം കൊണ്ട്‌ വൻ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാൻ ഉദ്യോഗസ്ഥർ തന്നെ കഷ്ടപ്പെടുകയാണ്.

 ചിന്തിച്ചു സമയം പോകുന്നതിനു മുന്നേ , എൻട്രി ഗേറ്റിനു മുന്നിലേക്ക് ഓരോ ജീപ്പുകളും എത്തിച്ചേർന്നു.സഞ്ചാരികളുടെ ബാഹുല്യം ഇല്ലാത്തതു കൊണ്ട് തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടറിൽ നിന്നും ഞങ്ങൾ എല്ലാവർക്കും എൻട്രി പാസ്സ് കിട്ടി.കൂട്ടം കൂടി ചെറിയ കയറ്റം ആരംഭിച്ചു. ചൂട് കൂടി വരുന്നത് കൊണ്ടു തന്നെ എത്രയും പെട്ടന്ന് മലയുടെ മുകൾ കാഴ്ച്ചകൾ കണ്ട് തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ചെങ്കുത്തായ മലനിരകളുടെ അകലകാഴ്ചകൾ നയന മനോഹരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ ഭാഗത്തുനിന്ന് നോക്കിയാലും നമ്മുടെ കണ്ണൂരിന്റ വിദൂര ദൃശ്യങ്ങൾ മനസ്സിലേക്ക് പകർത്താൻ പാകത്തിൽ വിശാലമായ കാൻവാസ്‌ പ്രകൃതി ഒരുക്കിയ പ്രദേശമാണ് പാലക്കയം തട്ട്.അതിമനോഹരമായ രാത്രിക്കാഴ്ചകളും സഞ്ചാരികൾക്ക് ഒരുക്കിയ സ്ഥലം കൂടിയാണ് അത്.ഒരുവശത്ത് കൂടി നോക്കുമ്പോൾ ദൂരെ പൈതൽ മലയും ദൃശ്യമായിരുന്നു.കർണ്ണാടക , കേരളാ അതിർത്തികൾ പങ്കിടുന്ന നിബിഡ വന പ്രദേശങ്ങളും ദൃശ്യമായി. മലയിലെ ഫ്രയിമിൽ നിന്ന് മനോഹരമായ ദൃശ്യങ്ങൾ പകർത്താനും സാധിച്ചു. ഗ്രൂപ്പ് ഫോട്ടോ, ഈ യാത്രയുടെ ഓർമ്മകൾക്ക് മാറ്റുകൂട്ടുന്ന ഒന്നായി മാറി. സൊറ പറഞ്ഞും ചാഞ്ഞിരുന്നും വെയിലുകൊണ്ടും കയറ്റിയിറക്കങ്ങൾക്ക് വിരാമ മാക്കിക്കൊണ്ട് , സഹപാഠികളിൽ ആരോ ഒരാൾ ഏർപ്പാടാക്കിയ    ഓരോ നാരങ്ങാ മുട്ടായി (പഴയ സ്കൂൾ കാല ഓർമ്മകളെ താലോലിച്ചു കൊണ്ട്) നുണഞ്ഞു ഞങ്ങൾ താഴേക്കിറങ്ങി. ...വീണ്ടും ഇറക്കമിറങ്ങി ജീപ്പ്‌ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് എത്തി. അപ്പോഴേക്കും ചൂട് തുടങ്ങിയിരുന്നു. എത്തിയ ഉടനെ സ്വന്തം ട്രാവലറിൽ ഓടിക്കയറി സീറ്റ് പിടിച്ച ചിലരെങ്കിലും ഉണ്ടായിരുന്നു.

ഉച്ചച്ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്താറായി. നാവിഗേറ്ററുടെ നിർദ്ദേശത്തിൽ വണ്ടി വളവു തിരിഞ്ഞു കുന്നിറങ്ങി ജോഷിയുടെ വീടിനു സമീപം എത്തിച്ചേർന്നു.വാഹനം ഒതുക്കി, ഒരു കാട്ടുചോലയിലേക്കാണ്‌ ഞങ്ങൾ ഇറങ്ങിച്ചെന്നത് .വേനലിൽ ആ നീർച്ചോല തന്ന അനുഭവം പറഞ്ഞറിയിക്കുക എന്നതിനപ്പുറം ,അറിഞ്ഞനുഭവിച്ചവരുടെ വികാരം ഒന്ന് വേറെ തന്നെയാണ്. ആടിയും പാടിയും നീർച്ചോല കുറുകെ കടന്നും, പാറയിൽ കുത്തിയിരുന്നും, കുഞ്ഞുങ്ങളെ പോലെ വെള്ളം തെറിപ്പിച്ചും , കളിയാക്കിയും , കാട്ടു മരങ്ങളുടെ വള്ളിയിൽ തൂങ്ങിയും , കാട്ടുചെടികൾ പറിച്ചെടുത്തും , ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ടാണ് നമ്മുടെ പ്രിയ സഹപാഠികൾ ആ തണുപ്പിൽ മതിമറന്നത്. കുറെ നല്ല ഫോട്ടോ മുഹൂർത്തങ്ങൾ അവിടെ വീണുകിട്ടി.ആ നീർച്ചോലയിൽ മുഖവും ,കാലും കൈകളും കഴുകി ഉന്മേഷത്തിന്റെ  പാരമ്യത്തിൽ മദിച്ചു നിൽക്കുമ്പോൾ ജോഷിയുടെ സ്നേഹപൂർവ്വമായ , ശാസനയും വിളിയും...

"ഊണിനു കാലമായി"

വിശപ്പുള്ളവർക്ക് കഴിക്കാം"

അപ്പോഴാണ് വയറിന്റെ  വിളി അറിയാൻ എല്ലാരും ശ്രമിച്ചത്. തണുത്ത വെള്ളത്തിൽ എല്ലാം മറന്ന് കളിച്ചവർ ആ വിളികേട്ട് കര കയറി.ഓടിച്ചെന്നത്‌ തൊട്ടടുത്ത വീട്ടുമുറ്റത്ത്.. വീട്ടുടമയും  ജോഷി യും ചേർന്ന് ഒരുക്കിയ ഗംഭീര ഉച്ച ഭക്ഷണം , കഴിക്കുന്നതിനു മുമ്പ് തന്നെ മണത്തിലൂടെ രുചി അറിഞ്ഞു. ഫ്രൈഡ് റൈസും ചിക്കൻ കറിയും ,വെജിറ്റബിൾ കുറുമയും,നാരങ്ങാ അച്ചാറും, കൂട്ടത്തിൽ , മിനിയും ,ബിന്ദുവും കൊണ്ടുവന്ന മാങ്ങാ , ഈന്തപ്പഴം അച്ചാറും.. ഒന്നും പറയണ്ട, വിളമ്പലും കഴിക്കലും സൊറപറയലും വയറു നിറയലും എല്ലാം ഒരു പ്രത്യേക രുചിയുമായി രുന്നു.ഇത്രയേറെ ആസ്വദിച്ചു ആ വീട്ടുമുറ്റത്ത് ഓരോരുത്തരും ഉച്ചഭക്ഷണം കഴിച്ചു, നമുക്കു വേണ്ടി അല്പ സമയം വീട്ടിൽ അനുവദിച്ച വീട്ടുകാരോടു നന്ദിയും പറഞ്ഞു ഞങ്ങൾ ,വീണ്ടും വാഹനത്തിൽ കയറി.അവിടെ നിന്ന് കുറെ ചെടികൾ (റോസാ, കടലാസുപൂക്കൾ)പാർസൽ ആക്കാനും കൂട്ടുകാർ മറന്നില്ല.

സമയം ഓടിക്കൊണ്ടിരിക്കുന്നു  എന്ന സത്യത്തെ ഉൾക്കൊണ്ട് കൊണ്ട് , സഞ്ചാരികളുടെ മോഹമായ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ വികൃതി കാണാനായി ഞങ്ങൾ ഉത്സാഹം കാട്ടി.ടിക്കറ്റ് എടുത്ത് ഉടനെ തന്നെ ഞങ്ങൾ കൂട്ടമായി ഗേറ്റ് കടന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ , ഏഴു വലിയ കുഴികളിൽ പതിക്കുന്ന വെള്ളച്ചാട്ടവും ഒരു ചെറിയകുഴിയിൽ പതിക്കുന്ന  വെള്ളച്ചാട്ടവും ചേർന്നതാണ് ഏഴരക്കുണ്ട് എന്ന മനോഹരമായ ഭൂപ്രദേശം.മഴക്കാലം അല്ലാതിരുന്നതിനാൽ വെള്ളം കുറവായിരുന്നു ,എങ്കിലും അതൊന്നും നമ്മുടെ യാത്രയെ ഒട്ടും ബാധിച്ചില്ല. കാരണം ഒറ്റ മനസ്സോടെ ഒരേ ഓർമ്മകളോടെ , വെള്ളച്ചാലുകളുടെ അരിക്‌ പറ്റി മുകളിലേക്ക് ട്രക്കിങ് ചെയ്ത് കയറുമ്പോൾ ഒരേ വികാരമാണ്. ആ പത്താം തരം കുട്ടികൾ.അതു മാത്രം മതിയായിരുന്നു കുന്നു കയറലിന്റെ കഷ്ടത അലിയിച്ചു കളയാൻ.ഇടയ്ക്കിടെ അരുവികൾക്ക് കുറുകെ കടക്കാൻ തടികൊണ്ടുള്ള പാലവും, മനോഹരമായ ഒരു തൂക്കുപാലവും അതിനു മുകളിൽ മുള കൊണ്ട് തണൽ വിരിച്ചതും എല്ലാം നനു നനുത്ത അനുഭവം ആണ് ഓരോരാൾക്കും സമ്മാനിക്കുക എന്നതിൽ അശേഷം  സംശയം ഇല്ല.ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അവിടെ തയ്യാറാക്കിയ സൗകര്യങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.വെള്ളക്കെട്ടിൽ കുളിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ പോലും ഏർപ്പാടാക്കി മാതൃക കാണിച്ചിട്ടുണ്. മുകളി എത്തിയ ഞങ്ങൾക്ക്‌ ,വലിയ വെള്ളച്ചാട്ടത്തിന്റ രികിൽ നിന്ന് ഉച്ചച്ചൂടിലും പകർന്നു കിട്ടിയ കുളിർമ്മ അനുഭവം വേറെ ലെവൽ ആണ്.

ദാഹം അതിന്റെ പാരമ്യത്തിൽ എത്തിയതിനാൽ എല്ലാരും സോഡാ നാരങ്ങ കഴിച്ചു കൊണ്ട് ശമനം കണ്ടെത്തി.ആ മലമുകളിൽ നമ്മുടെ,  പ്രിയസുഹൃത്ത് ഡോക്ടർ നൗഷാദിനെ ( കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്) കണ്ടുമുട്ടിയതും മറക്കാൻ പറ്റില്ല. കുറച്ചുപേർ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ശരീരം തണുപ്പിച്ചു. സമയത്തിന്റെ അപര്യാപ്തത ഞങ്ങളെ കുന്നിറങ്ങാൻ പ്രേരിപ്പിച്ചു.ഓരോ കൂട്ടമായി ഞങ്ങൾ പാടിയും പറഞ്ഞും ,പാറക്കൂട്ടങ്ങളിൽ കയറി ഗ്രൂപ്പ് ഫോട്ടോ എടുത്തും താഴേക്കിറങ്ങി. കൂട്ടത്തിൽ,കർണ്ണാടക,കൂർഗ് മലനിരകളിൽ കൂടെ  അതിഥികളായി എത്തിയ  എത്തിയ ദേശാടന ശലഭങ്ങൾ പാറക്കൂട്ടങ്ങളുടെ മുകളിൽ നിറമാർന്ന കാഴ്ച പകർന്നു.അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ ദേഹത്തേക്ക് വീഴുമ്പോഴേക്കും ഏഴരക്കുണ്ടിന്റെ മനോഹാരിത നുണഞ്ഞുകൊണ്ട്  അടിവാരം പുൽകിയ ഞങ്ങളെയും വഹിച്ചു കൊണ്ട്  യാത്രാ വണ്ടി മുന്നോട്ട് നീങ്ങി. സ്വന്തം തട്ടകത്തിൽ സതീർഥ്യർ വിരുന്നുകാരായി എത്തിയപ്പോൾ എങ്ങിനെയൊക്കെ അവരെ സ്വീകരിക്കാം, സൽക്കരിക്കാം, മനോഹരമായ ഓർമ്മകൾ സമ്മാനിക്കാം എന്നതിന്റെ പൂർണ്ണ രൂപങ്ങളായി ജോഷിയും കുടുംബവും മാറിക്കഴിഞ്ഞിരുന്നു. അവർക്കുള്ള നന്ദി വെറും വാക്കുകളിൽ ഒതുങ്ങില്ല എന്ന ബോധ്യം എല്ലാർക്കും ഉണ്ട്. അത്കൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് തയ്യാറായിക്കൊള്ളാൻ പറഞ്ഞിട്ടാണ് കുടിയാൻമലയിൽ നിന്നും ബൈ പറഞ്ഞത്‌..വഴിയിൽ നിർത്തി ഓരോ ചൂട് ചായയും  മനം നിറയ്ക്കാൻ പഴംപൊരിയും കഴിച്ച് ശ്രീകണ്ഠപുരം , കണിയാർ വയൽ , ചേടിച്ചേരി ,പാവന്നൂർ കടവ് വഴി മയ്യിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷവും അനന്ദകരവുമായ ഒരു ദിവസം ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പാകത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ ചേർത്തുവെച്ച പ്രതീതി..."അതേ, യാത്രകൾ ഇനിയും തുടരും..കണ്ടത് മനോഹരം..കാണാൻ പോകുന്നത് അതിമനോഹരം..........           °°°°°°° °°°°°°°° °°°°°°°°° °°°°°°°° °°°°°°°°°°









Saturday, September 12, 2020

കൊറോണ



കൊറോണ , 

നീയിന്നൊരു കണക്കു പുസ്‌തകമാണ്‌ ..

കൂട്ടലും കിഴിക്കലും 

എത്രയെളുപ്പം നീ ചെയ്യുന്നു ....

ലോക ജനതയുടെ 

"അൽഗൊരിതം" 

നീ മെനഞ്ഞു ...

ആൾജിബ്രയിലൂടെയും ....

ജ്യോമട്രിയിലൂടെയും 

നീ , ഈ ലോകത്തിന്റെ 

ലോഗരിതം കുറിച്ചു ...

നിനക്കിതൊക്കെ 

കണക്കിലെ കളികളായിരിക്കും  

ഇല്ല , കൊറോണ ,

നമ്മെ തോൽപ്പിക്കാൻ 

നിനക്കാവില്ല ....

നിന്റെ കണക്കുകൾക്ക് 

നാം , പകരം ചോദിക്കും ...

നമ്മുടെ കാലാളിന്റെ 

പതനം കണ്ട് 

നീ ചിരിക്കേണ്ട ...

ഇനി അസ്തമിക്കുന്നത് 

നീ കെട്ടിപ്പടുത്ത സാമ്രാജ്യം ..

കൊറോണാ ... നിന്റെ 

ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു .....


.............................................................................


Monday, January 27, 2020

കുറ്റപത്രം

കുറ്റപത്രം

                                                               
നീ അമ്മയും 
പെങ്ങളും 
കൂട്ടുകാരിയുമായിരുന്നു ...
ഭൂമീ ദേവിയോളം,
 ക്ഷമയുള്ളവളെന്നു പക്ഷം ..
എങ്കിലും,.. .
ഒരിക്കലും, 
നീയതൊന്നുമായിരുന്നില്ല ....
ഒരിക്കൽ പോലും ....

നിന്റെ ചിന്തകൾ ,
ക്രൗര്യമായിരുന്നു ..
കഴുകൻ കണ്ണുകളാൽ 
നീ ...
നിന്റെ മുഖകാന്തി 
കൂട്ടിക്കൊണ്ടേയിരുന്നു ...
സ്വാർത്ഥതയുടെ ..
കൊടും കയങ്ങളിൽ 
നീ മേഞ്ഞു നടന്നു ...
അതി തീക്ഷ്ണമായ ..
കനലുകളാൽ ..
നീ ..നീയല്ലാതായി ...

പൊന്നാമറ്റത്തെ.. 
രുദ്ര യക്ഷിയായ്...
പുഞ്ചിരിയെ മറയാക്കി ..
നീയില്ലാതാക്കിയത് ..
എത്രയോ ജീവനുകൾ ..

സ്ത്രീ സ്വത്വത്തിന്റെ 
കൃതിമത്വത്തിൽ...
നീ പേറി നടന്നത്...
നിന്റെ ദുരന്തമായിരുന്നു...

അതാണിനി..
നിന്റെ കുറ്റപത്രം ....

*************




Sunday, January 12, 2020

കയത്തിൽ മുങ്ങിയ പണപ്പെട്ടികൾ....

കയത്തിൽ മുങ്ങിയ
പണപ്പെട്ടികൾ....  


കാണ്മൂ നാമിപ്പോഴുമാ
കോണ്ക്രീറ്റ് സൗധത്തിൽ നി-
ന്നടർന്നു വീണീടുന്ന
മുതല കണ്ണീർക്കണം..

     കോടികൾ മുടക്കിയോർ
     ധാടി കാട്ടുന്നെന്നിട്ടും
     ചുരുക്കം ചിലർ മാത്രം
    വിധിയെ പഴിക്കുന്നു...

മേൽപ്പോട്ട് മാത്രം നോക്കി
പണിതു മാനം മുട്ടെ..
തന്ത്രങ്ങളോരോന്നായി
മെനഞ്ഞിട്ടാഹ്ലാദിച്ചു...

       വിറ്റു പോയെല്ലാ ഫ്ളാറ്റും
       രൊക്കമായ് ബ്ലാക്കിൽ തന്നെ
       ഉറ്റവർ പരസ്‌പരം
        ഒന്നുമേ മിണ്ടതായ്.....

പാർട്ണറിലേറെപ്പേർ
      ബാങ്കിലെ ക്വുവിൽ നില്പ്പൂ..
അവർക്കുമറിയില്ലാ..
ഫ്ളാറ്റിന്റെ മറിമായം..

          പ്രളയം വന്നീ നാട്ടിൽ
           പ്രകൃതി കോപിച്ചപ്പോൾ
           വയലും,തോടും,കുണ്ടും
           വേർ തിരിച്ചറിയാതായ്...

   അന്ധാളിച്ചേവരും നിൽക്കേ..
കോടതി വിധി വന്നൂ....
"പൊളിച്ചു മാറ്റിടേണം..
 സൗധങ്ങളുടൻ തന്നെ"..

             സമരങ്ങൾ ചെയ്തുനോക്കീ..
              കൊടികൾ കൂട്ടിക്കെട്ടീ...
              ചാനലിൽ ചർച്ചകൾ മൂത്തു
              ഫല മുണ്ടായീലൊട്ടും...

ഇല്ല കണ്ടില്ലാ ലക്ഷ്യം..
"വകുപ്പ്" മാറില്ലിനി..
നിയമം നടപ്പാക്കൽ
മാത്രമായ് കരണീയം..

               പറത്താൻ പറ്റില്ലല്ലോ
               നിയമങ്ങളെ കാറ്റിൽ
               പറത്താൻ ശ്രമിച്ചവർ
               അഴികൾക്കുള്ളിലുമായി....

 നീതിയും നിയമവും
   ഏവർക്കുമൊരു പോലെ
വന്നിടേണമെന്നാലെ
   സമത്വം വിരിഞ്ഞിടൂ...

               'മരട്' വെറും  പഴ-
               -ങ്കഥയായ് മാറീ ക്ഷണാൽ..
                കയത്തിൽ മുങ്ങിപ്പോയി..
                കറുത്ത പണപ്പെട്ടി..........


Sunday, December 15, 2019

" തിരുവിതാംകൂറിന്റെ രാജ സംസ്കാരം തേടി തമിഴ് മണ്ണിലേക്ക് "

കൊച്ചു വെളുപ്പാൻ കാലത്തു മിക്കവരും പുതച്ചു മൂടി, അലസതയോടെ ഞായറിനെ വരവേല്ക്കുമ്പോൾ ഇവിടെ ഒരു കൂട്ടം സഞ്ചാരികൾ നിറഞ്ഞ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ( കാരണം ബാക്കി ദിവസങ്ങളിൽ നമ്മൾ സാധാരണ മനുഷ്യരെപ്പോലെ അലസരും എന്നാൽ യാത്ര എന്ന് കേൾക്കുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്നവീരന്മാരുംആണെന്നാണല്ലോവെപ്പ്). തയ്യറെടുപ്പുകൾ ശരിക്കും സാഹസം നിറയുന്ന സമയം തീർച്ചയായും ഉണ്ടാകാറുണ്ട്. ആരങ്കിലുംവിളിച്ചുണർത്തിയാൽ അവരെ രണ്ടു വാക്കും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന പ്രകൃതം ഉള്ളിലൊതുക്കിക്കൊണ്ടു, ഇന്നേ ദിവസം എല്ലാ ടിയാൻമാരും യുദ്ധ സമാന രീതിയിൽ , രാഷ്ട്ര ഭാഷയിൽ പറഞ്ഞാൽ " ബഹുത്ത് ജൽദി തയ്യാർ ഹോത്താ ഹേ " ....
യുദ്ധം ; ടൂത്ത് ബ്രഷ് , സോപ്പ് , വെള്ളം എന്നിവയോടാണല്ലോ. അങ്ങിനെ പറഞ്ഞ സമയം പാലിക്കാൻ സ്വയം നിർബന്ധിതമാകുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ മാത്രമേ ഒരുവൻ സഞ്ചാരി ആകൂ.
തയ്യറെടുപ്പിനൊടുവിൽ , പറഞ്ഞ സമയത്തിനു തന്നെ എത്താൻ വെപ്രാളപ്പെടുന്ന അവസ്ഥ; അത് വേറൊരു ലെവലാണ്.....

ടൈറ്റിൽ ഹെഡിങ് പോലെ " തിരുവിതാംകൂറിന്റെ രാജ സംസ്കാരം തേടി തമിഴ് മണ്ണിലേക്ക് " പോകുമ്പോൾ ആ ഒരു സെറ്റ് അപ്പ് ഒക്കെ വേണ്ടേ? വേണം ..അതല്ലേ അതിന്റെ ഒരു ഇത് .....
അങ്ങിനെ എല്ലാ കൊച്ചു രാജാക്കന്മാരും പല പല നാട്ടു വഴികളിലൂടെ സ്വന്തം പടക്കുതിരയെ നയിച്ചും , മറ്റു ചിലർ രാജാക്കന്മാരുടെ പുറകിൽ മന്ത്രിമാരായും പലായനം ചെയ്ത് മുൻകൂട്ടി നിശ്ചയിച്ച ഗോദയിലേക്കു വാളും പരിചയുമായി എത്തിച്ചേർന്നു. അതിരാവിലെ ചിലയിടങ്ങളിൽ പെയ്തിറങ്ങിയ തണുത്ത മഴ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.പക്ഷെ മഴ ഒരു ശകുനമായി തോന്നിയതേയില്ല .

(സഞ്ചാര വഴി -- കരുനാഗപ്പള്ളി -കൊല്ലം-കടപ്പാക്കട-ആറ്റിങ്ങൽ -വെഞ്ഞാറമൂട് -വെമ്പായം-ആര്യനാട് -കോട്ടൂർ -നെയ്യാർ ഡാം -തൃപ്പരപ്പ്‌ - പദ്മനാഭപുരം കൊട്ടാരം -നെയ്യാറ്റിൻകര- എയർപോർട്ട് റോഡ് - കഴക്കൂട്ടം -കൊല്ലം )

പടയോട്ടത്തിന്റെ ആദ്യ മണിക്കൂറിൽ അമൃതേത്തും കഴിഞ്ഞു കുതിച്ചു പാഞ്ഞ ഞങ്ങൾ എത്തിച്ചേർന്നത്
കാപ്പുക്കാടിനടുത്തുള്ള കോട്ടൂർ എന്ന സ്ഥലത്താണ് . വന്യ ജീവി സംരക്ഷണത്തിന്റെ ഭാഗമായുള്ള പുനരധിവാസ കേന്ദ്രം. അതും ഗജവീരന്മാരുടെ ; തലയെടുപ്പുള്ള കരി വീരന്മാരുടെ പുനരധിവാസ കേന്ദ്രം.... അല്ലേലും ആനയും അമ്പാരിയുംരാജകുമാരന്മാർക്ക്പുത്തരിയല്ലല്ലോ. പടയോട്ടത്തിൽ തളർന്നുവീഴാതിരിക്കാൻ ആനയും അമ്പാരിയും മാത്രമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നാട്ടു രാജാക്കന്മാരുടെ നിരവധി പോരാട്ടങ്ങൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിരുന്ന ഓർമ്മകൾ നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി എന്ന് വേണമെങ്കിൽ ഭംഗ്യന്തരേണ പറയാം. ആ ആനക്കൊട്ടിലിൽ നമ്മെ എതിരേറ്റ കാഴച്ചകളിൽ ആദ്യത്തേത് കരിവീരന്മാരുടെ ആഡംബര പൂർണ്ണമായ കുളിയായിരുന്നു.
നമുക്ക് പുത്തനാണെങ്കിലും ഈ നീരാട്ടും മറ്റും അവിടുത്തെ സ്ഥിരം കാഴ്ചയാണ്. അതി രാവിലെ തന്നെയുള്ള ഗജ നീരാട്ടിനു ശേഷം അവരെ ഊട്ടുന്നതും ( "ആനയൂട്ടു") നമുക്ക് ദർശിക്കാം . ചോറും ശർക്കരയും, പിന്നെ മഞ്ഞൾ ചേർത്ത ആഹാരവും അവരുടെ മെനുവിൽ ഉൾപ്പെടുത്തി ഉഷാറാക്കാൻ അവിടുത്തെ നല്ലൊരു ടീം കഠിനമായി തന്നെ അധ്വാനിക്കുന്നുണ്ട് . ഒരു തരത്തിൽ പറഞ്ഞാൽ ആനകളെ സംബന്ധിച്ചിടത്തോളം 56 ഏക്കർ നിറഞ്ഞു കിടക്കുന്ന വന പ്രദേശം ഒരു ഓർഫനേജ് അല്ലെങ്കിൽ ഒരു റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതാണ്. മുപ്പതോളം ആനകളെ ഒരേ സമയം പരിപാലിക്കാനും കൊണ്ടു നടക്കാനുമുള്ള സൗകര്യം അവിടെ ഉണ്ട് എന്നുള്ളത് തന്നെ വളരെ വലിയ കാര്യമാണ്. മറ്റു വന്യജീവികളിൽ നിന്ന് സംരക്ഷിക്കാൻ പാകത്തിൽ അവിടെ കിടങ്ങുകളും തീർത്തിട്ടുണ്ട്. കൂട്ടത്തിൽ ചിലർക്കൊക്കെ ആനപ്പുറത്തു കയറി മേഞ്ഞു നടക്കാൻ മോഹം ഇല്ലാതിരുന്നില്ല .
കാടിനകത്തെ തടാകത്തിൽ ബോട്ടിങ്ങിനും മറ്റും സൗകര്യം ഉണ്ട് . സഞ്ചാരികൾക്കു വേണമെങ്കിൽ താമസിക്കാനും വന ജീവിതം ആസ്വദിക്കാനുമുള്ള കോട്ടേജുകളും മറ്റും അവിടെ തന്നെ ഒരുക്കിയിട്ടുണ്ട്.
നഗര മാലിന്യങ്ങളും വിഷമയങ്ങളും ഇല്ലാത്ത അവിടുത്തെ തടാകം കാനന ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട് എന്നു പറയാതിരിക്കാൻ വയ്യ. നല്ലൊരു തടാകം അല്ലെങ്കിൽ തെളിനീരൊഴുകുന്ന പുഴ കാണാൻ കാടു കയറി പോകേണ്ട അവസ്ഥയിലേക്ക് കാലം മുന്നേറി. ഇത്തരം കാഴ്ചകൾ ഒക്കെ തന്നെ ഒരു വേള നമ്മെ ചിന്തിപ്പിക്കും .അതു തീർച്ചയാണ്..
കാടിന്റെയും ഗജവീരന്മാരുടെയും കുട്ടിയാനകളുടെയും കാഴ്ചകൾക് ശേഷം നമ്മൾ നെയ്യാർ ഡാമിനെ ലക്ഷ്യമാക്കി പടയോട്ടം തുടർന്നു. കുറച്ചു നേരത്തെ ഡ്രൈവിനു ശേഷം ഡാമിന്റെ മടിതട്ടിലേക്കു നമ്മൾ എത്തിച്ചേർന്നു . ചൂടിന്റെ കാഠിന്യം ഏറി വരുന്നുണ്ടായിരുന്നു .
പശ്ചിമഘട്ട മലനിരകൾക്കു കീഴെ , ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിൽ 1956 ൽ സ്ഥാപിതമായ ഈ ഡാമിന് 56 മീറ്റർ ഉയരവും 294 മീറ്റർ നീളവും ഉണ്ട്. 10,60,000000 M3 വെള്ളം സ്റ്റോർ ചെയ്യാനുളള കപ്പാസിറ്റി ഉണ്ട്.
ഡാമിന് തൊട്ടടുത്ത് തന്നെ ചെറിയൊരു മരത്തണലിൽ അല്പ നേരം ഇരിക്കാനുള്ള സ്ഥലം നമ്മൾ കണ്ടെത്തി. സഞ്ചാരികൾ പരസ്പരം പരിചയപ്പെട്ടും വിശേഷങ്ങൾ പങ്കു വച്ചും (തള്ളൽ/കത്തി/സുവിശേഷം/ബോറടിപ്പിക്കൽ ) കുറച്ചു നേരം സൊറ പറഞ്ഞും ഇരുന്നു. സമയം അധികം നഷ്ടപ്പെടുത്താൻ ഇല്ലാത്തതിനാൽ ചൂടേറി വന്ന ആ അന്തരീക്ഷത്തിൽ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു നമ്മൾ നെയ്യാർ വന്യ ജീവി സങ്കേതത്തിന്റെ ഹൃദയം തേടി മുകൾ ഭാഗത്തേക്ക് പടക്കുതിരയുമായി കുതിച്ചു. സഞ്ചാരികളെ കാത്തു കിടക്കുന്ന ബോട്ടുകളേയും ജീവനക്കാരേയും നമുക്കവിടെ കാണാം. ഒരുഭാഗത്ത് കുന്നിൻ മുകളിൽ കുറച്ചു മുതലകളെയും പിന്നെ അലസനായി കൂട്ടിൽ കിടക്കുന്ന ഒരു പെരുമ്പാമ്പിനെയും കണ്ടു. അതേ കൂട്ടിൽ തന്നെ ഒരു വലിയ കോഴിയെയും കണ്ട നമ്മൾ സംശയ നിവൃത്തി വരുത്തി. അപ്പോഴാണ് ആ കോഴി പെരുമ്പാമ്പിന്റെ ഇരയാണെന്നു മനസ്സിലായത്. രണ്ടാഴ്ചയിൽ കൂടുതലായി ആ പാമ്പ് ഭക്ഷണം കഴിച്ചിട്ട്.അപ്പോൾ ആ പാമ്പിന്റെ അടുത്ത ഇരയാണ് നമ്മൾ കണ്ട കോഴി.പക്ഷെ കോഴി അതിരറ്റ
സന്തോഷത്തിലും .കാരണം അതിനാറിയില്ലല്ലോ ഇനി ഇരയാവാൻ പോകുന്നത് താനാണെന്ന്.കണ്ടപ്പോൾ ചെറിയ വിഷമം തോന്നാതിരുന്നില്ല. കഥയല്ല അവയുടെ ജീവിതം.

തിരിച്ചിറങ്ങിയ നമ്മൾ ഊരിപ്പിടിച്ച വാൾ ഉറയിലേക്ക് തിരുകി വീണ്ടും ഓട്ടം തുടർന്നു. വിശപ്പിന്റെ വിളി കഠിനം എന്നു പറയാൻ പറ്റില്ല.എങ്കിലും സമയം മധ്യാഹ്നം .അപ്പൊ എന്തെങ്കിലും കഴിച്ചില്ലേൽ യാത്രയ്ക്ക് ഭംഗം വരും. സ്ഥലം - വെള്ളറട , അവിടെ ഒരു നാടൻ ഊണ് തരമായി.ഏകദേശം അരമണിക്കൂറിന് ശേഷം അവിടെ നിന്നും നമ്മൾ പദ്മനാഭ പുരം കൊട്ടാരം ലക്ഷ്യമാക്കി യാത്ര തുടർന്നു..കിലോമീറ്ററുകൾ താണ്ടിയപ്പോൾ പാണ്ടി രാജ്യത്തിന്റെ അതിരുകൾ ദൃശ്യമായി തുടങ്ങി.മനസ്സിൽ പണ്ട് വായിച്ചിരുന്നു വീര സ്മരണകൾ ഓരോന്നായി തികട്ടി വരാൻ തുടങ്ങി. അങ്ങിനെ നീണ്ട യാത്രക്കൊടുവിൽ കുലശേഖരം , കുമാര പുരം ,പിന്നെ മാർത്താണ്ഡം എന്നീ സ്ഥലങ്ങൾ പിന്നിട്ട ഞങ്ങൾ പ്രധാന റോഡിൽ നിന്ന് അല്പം അകത്തോട്ട് തിരിഞ്ഞു..അതേ അവിടെ കൊട്ടാരം ദൃശ്യമായിത്തുടങ്ങി.നമ്മുടെ മുന്നിൽ സമയം കുറവാണ് .എത്രയും പെട്ടന്നു തുറന്നു കിടക്കുന്ന കൊട്ടാര വാതിൽ കയറണം.എല്ലാവരും കുതിരകളെ (അതെ, സഞ്ചാരികളുടെ ഇരുചക്ര വാഹനത്തിനു ഇതിലും നല്ല പേരില്ല ) അല്പനേരത്തേക്ക് മേയാൻ വിട്ടു.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടു നടപ്പ് പാലിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.കൊട്ടാരം കാവൽക്കാരിൽ ഒരാൾ ടിക്കറ്റ് കൗണ്ടർ എവിടെയെന്ന് ചൂണ്ടിക്കാട്ടി. ( " എന്ത് ? നമുക്ക്‌ ടിക്കേറ്റോ " എന്ന ചോദ്യം രാജകുമാരൻമാരുടെയും മന്ത്രി പുംഗവരുടെയും ചിന്തയിൽ ഉദിച്ചെങ്കിലും പുറത്തു കാണിക്കാതെ നമ്മൾ ക്ഷമ പാലിച്ചു ) . അങ്ങിനെ കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് ഓരോരുത്തരായി രംഗപ്രവേശം നടത്തി.പൂമുഖത്തു തന്നെ നമ്മെ വരവേറ്റു കൊണ്ടു ഗൈഡ് നിൽപ്പുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു അഭിസംബോധന ചെയ്തു കൊണ്ട് ഒരു ചെറിയ വിവരണമാണ് അവർ കൊട്ടാരത്തെ കുറിച്ചു പറഞ്ഞു തന്നത്.
കൊല്ലവർഷം 1601 ൽ ഇരവി വർമ്മ കുലശേഖര പെരുമാളിന്റെ മേൽനോട്ടത്തിൽ നിർമിതമായതാണ്‌ ഈ കൊട്ടാരം എന്നു ചരിത്രം പറയുന്നു . അദ്ദേഹം വേണാട് ഭരിച്ചിരുന്നതു 1592 മുതൽ 1609 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു .പിന്നീട് ഇന്നത്തെ തിരുവിതാംകൂർ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ ഈ കൊട്ടാരം പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട് ., പൂർണ്ണമായും തേക്ക് മരത്തിൽ നിർമ്മാണം നിർവഹിച്ച ആ കൊട്ടാരത്തിന്റെ ചരിത്രം നമ്മൾ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് . നമ്മുടെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ ആ കൊട്ടാരത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരും . ആകർഷകമായ തൂക്കു വിളക്കാണ് പൂമുഖത്തിന്റെ ഐശ്വര്യമായി ഇപ്പോഴും നിലകൊള്ളുന്നത് . ഏതു വശത്തേക്കും തിരിച്ചു വെക്കാമെന്നുള്ള പ്രത്യേകതയാണ് കുതിരക്കാരൻ വിളക്ക് എന്നറിയപ്പെടുന്ന ആ തൂക്കു വിളക്കിനുള്ളത്. ബിയറിങ്ങും പിന്നെ വെയിറ്റ് ബാലൻസും ആ വിളക്കിന്റെ പ്രത്യേകതയാണ് . തൊണ്ണൂറു തരത്തിലുള്ള പൂക്കൾ കൊത്തിവെച്ച സീലിംഗ് മറ്റൊരു അത്ഭുതം തന്നെയാണ് .മണി മാളിക , നാടക ശാല മന്ത്രശാല , നൃത്ത മണ്ഡപം എന്നിവ കാണേണ്ട കാഴ്ച തന്നെയാണ് . അന്തപുര റാണി മാർ ഉപയോഗിച്ചിരുന്ന നിലക്കണ്ണാടി കൊട്ടാരത്തിന്റെ ഹാളിൽ ഇപ്പോഴും കാണാം .അകത്തളത്തിലെ തറകൾക്ക് ഇപ്പോഴും മാര്ബിളിനെ വെല്ലുന്ന ഉറപ്പും തിളക്കവും നമുക്ക് ദർശിക്കാം . ചുണ്ണാമ്പും , മുട്ടയുടെ വെള്ളയും കരിയും മറ്റും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ആ കൊട്ടാരത്തിന്റെ തറ നിർമ്മാണം നിർവ്വഹിച്ചത്. കൽ തൂണുകളുടെ ഗാംഭീര്യം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് . രാജാവിന്റെ ശയ്യാ മുറിയും ഔഷധ മരങ്ങൾ കൊണ്ടു നിർമിച്ച സപ്ര മഞ്ച കട്ടിലും ഇന്നും കേടുകൂടാതെ ഇരിക്കുന്നു. നിരനിരയായി കാണപ്പെട്ട ആട്ടു കല്ലുകൾ അന്നത്തെ അടുക്കളയുടെ പ്രതാപം വിളിച്ചോതുന്നു. തേഞ്ഞു തീരാറായ അര കല്ലും അവിടെ ദൃശ്യമായിരുന്നു. അരയന്നങ്ങൾ നീന്തി തുടിച്ചിരുന്ന കുളവും , രാജ നീരാട്ടിന്റെ ഓർമ്മകൾ കാട്ടിത്തരുന്ന കുളപ്പുരയും കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. അതു പോലെ തന്നെ വിദേശ അഥിതികൾക്കായി പണി കഴിപ്പിച്ച മന്ദിരം വിശിഷ്യമായി എപ്പോഴും നിലകൊള്ളുന്നു. ഹാളിൽ പലയിടത്തും ക്യാൻവാസുകളിൽ കോറിയിട്ട മനോഹരമായ ചിത്രങ്ങൾ കാണാം.താഴേക്ക് ഇറങ്ങി വരാന്തയിലൂടെ മുന്നോട്ട് നടന്നപ്പോൾ ഒരു വശത്തു വലിയ ഒരു കിണറും ശ്രദ്ധയിൽ പെട്ടു.അതി പുരാതനമായ പ്രൗഢിയോടെ ആ കൊട്ടാരം ഇന്നും നിലകൊള്ളുകയാണ് എന്ന വസ്തുത മനസ്സിൽ പതിഞ്ഞു. കൊട്ടാരത്തിന്റെ അങ്കണത്തിൽ വെച്ചു വീണ്ടും ഒത്തു ചേർന്ന സഞ്ചാരികൾ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു കൊട്ടാര വാതിലിലൂടെ പുറത്തേക്ക് പ്രയാണം ആരംഭിച്ചു . പഴയ പ്രതാപത്തിന്റെ ഐശ്വര്യം വിളിച്ചോതിക്കൊണ്ടു ഇപ്പോഴും സഞ്ചാരികളെ മാടി വിളിക്കുന്ന ഒരു വലിയ ലോകമാണ് പദ്മനാഭപുരം കൊട്ടാരം... സത്യത്തിൽ യാത്രാ ക്ഷീണം മറന്നു മനസ്സു നിറഞ്ഞ നിമിഷങ്ങളായിരുന്നു നമ്മൾ അവിടെ ചിലവഴിച്ചത്. നേരം വൈകിയെങ്കിലും "miles to go before I sleep" എന്ന ചിന്തയിൽ വീണ്ടും തിരികെ യാത്ര ആരംഭിച്ചു. തമിഴ് മണ്ണിന്റെ ഹൃദയത്തിലൂടെ കുളമ്പടി കേൾപ്പിച്ചു കൊണ്ടു സഞ്ചാരികളുടെ കുതിരകൾ ഓരോന്നായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു. ഇടയ്ക്ക് വെച്ചു സംഘം രണ്ടു വഴിക്കും പിന്നീട് അൽപ നേരത്തിനു ശേഷം ഒന്നിക്കുകയും ഓരോ ചായ കുടിച്ചതിനു ശേഷം , കളിയാക്കവി ള , വിഴിഞ്ഞം , കോവളം വഴി പ്രധാന ഹൈവേയിൽ എത്തി.അപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. പിന്നീട് പലരും പല ദിക്കുകൾ വഴി സ്വന്തം കൊട്ടാരത്തിലേക്ക് യാത്ര തുടർന്നു.അവിസ്മരണീയമായ , മറ്റൊരു ഏടു കൂടി പൂർത്തിയാക്കി കുറെ പുതു മുഖങ്ങളെയും പരിചയപ്പെട്ടുകൊണ്ടു അന്നത്തെ യാത്ര അവസാനിച്ചപ്പോൾ അടുത്ത യാത്രയ്ക്കായി വീണ്ടും മനസ്സ് തയ്യാറെടുത്തു .എല്ലാവരും തിരിച്ചെത്തി എന്നുറപ്പ് വരുത്തിയ അഡ്മിനും ടീമുകൾക്കും സുഖ നിദ്ര പറഞ്ഞും , കൊട്ടാര ഓർമ്മകളുമായി ചിലമ്പൊലികൾക്ക് കാതോർത്തും മറ്റൊരു പുലരിയെ വരവേൽക്കാനായി ഉറക്കം പൂണ്ടു.... ...
















കയാക്കിങ് ; ഒരു ഒന്നൊന്നര അഡാർ ഇവൻറ്....PART I



 ( 30th event of Sanjari Kollam Unit : a small travelogue cum discovery of the hidden beauty of backwater )
#image courtsy :@brahmadatthan/Ambadi/Rahul/Shyam/Manu
----------------------------------------------------------------------------------------------------------------------


കയാക്കിന്റെ കഥ
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പാണ് എസ്കിമോസ് എന്നറിയപ്പെടുന്ന വംശജർ ആർട്ടിക് പ്രദേശത്തു നായാട്ടിനും മീൻ പിടുത്തതിനും വേണ്ടി കണ്ടു പിടിച്ച ഒന്നാണ് ഈ കയാക്ക്.
അവയുടെ നിർമ്മാണം ഒഴുകി വരുന്ന തടികളും , അല്ലെങ്കിൽ തിമിംഗലം പോലുള്ള വലിയ മീനുകളുടെ എല്ലുകളും , പിന്നെ മൃഗങ്ങളുടെ തൊലികളും ഉപയോഗിച്ച് കൊണ്ടായിരുന്നു .
എന്നാല്‍ ഇപ്പോള്‍ ഇത് പുതിയ രൂപത്തിലും ഭാവത്തിലും സാഹസികത നിറഞ്ഞ യാത്രകള്‍ക്കായി ഉപയോഗിക്കുന്നു
----------------------------------------------------------------------------------------------------------------------
പതിവിലും വിപരീതമായി അന്ന് കതിരവൻ പൊൻകിരണങ്ങളുമായി ഉയർന്നുവന്നു, ആ കിരണങ്ങളെ നോക്കി ഞാൻ മനസ്സിൽപറഞ്ഞു ; ഇന്നെന്തായാല്ലും നല്ല കാലാവസ്ഥ തന്നെ ആയിരിക്കും, കാരണം ഇന്നാണല്ലോ നമ്മുടെ ഇവന്റ് .
കഴിഞ്ഞ കുറെ ദിവസങ്ങളായി വെയിലിനുവേണ്ടി കാത്തിരുന്ന കൂട്ടത്തിൽ നമ്മളും മുൻപിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പേ നടക്കേണ്ട പ്രോഗ്രാം ആയിരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം നിശ്ചയിച്ച തീയതി മാറ്റി ജൂലൈ 29 ലേക്ക്ഫിക്സ്ചെയ്തു. പറഞ്ഞുവരുന്നത്കൊല്ലം സഞ്ചാരിയുടെ മുപ്പതാമത്‌ഇവൻറ് ആയ കായാക്കിങ്ങിനെ കുറിച്ചാണ് . നിർദേശിച്ച പ്രകാരം രാവിലെ തന്നെ,കൊല്ലംബീച്ചിൽ,എല്ലാവരും ഒത്തുചേർന്നു , അവിടെനിന്ന്കടലോരംവഴി , നേരെ മയ്യനാട് ലക്ഷ്മി പുരം തോപ്പ് എന്ന സ്ഥലത്തേക്ക് അരമണിക്കൂറിനകം നമ്മൾ എത്തി .
ലൊക്കേഷൻ : Syzygy Ecosports
നമ്മളെ സ്വാഗതം ചെയ്തതിനു ശേഷം , ചെറുതും എന്തന്നാൽ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളുടെ വിവരണം അവിടുത്തെ ഗൈഡ് കൃത്യമായി തന്നെ അവതരിപ്പിച്ചു.,
എല്ലാവർക്കും ( നമ്മളൾ 24 പേരുണ്ടായിരുന്നു ) സുരക്ഷയുടെ ഭാഗമായി ലൈഫ്ജാക്കറ്റുംപിന്നെതുഴയുംവിതരണംചെയ്തു . അടുത്ത ഏതാനും മിനുട്ടുകൾ അവ കൃത്യമായി ധരിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.
അപ്പോഴേക്കും അവർ നമുക്ക് വേണ്ടി കയാക്ക് തയ്യാറാക്കി നിർത്തി. ചുകപ്പ് , പച്ച , മഞ്ഞ , നീല നിറങ്ങളിലുള്ള ചെറുതോണികൾ കണ്ടപ്പോൾ മനം നിറയുന്ന പോലെ തോന്നി. ആദ്യ കൊച്ചു തോണി കായലിൽ ഇറക്കി വീണ്ടും നമുക്ക് ചെറിയ ഒരു വിവരണം കൂടി തന്നു, തുഴ എങ്ങിനെ കൈകാര്യം ചെയ്യണം. കാരണം കായലിൽ രണ്ടുപേരും തുഴയും പിന്നെ ചെറുതോണിയും അല്ലാതെ വേറെ ആരും നമ്മുടെ കൂടെ ഉണ്ടാവില്ല. എല്ലാവരും വളരെ ശ്രദ്ധയോടെ വിവരണം ശ്രവിച്ചു. അപ്പൊ ' ഇനി കേറിക്കോ ' എന്നു ജീവനക്കാരിൽ ഒരു ചേട്ടൻ . എല്ലാവരും പരസ്പരം നോക്കി , ആര് കേറും , ആരെങ്കിലും കേറേണ്ടേ , വല്യ കാര്യത്തിൽ തുഴ എറിയാൻ വന്നവരാ , എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം കളയുന്നു....എല്ലാര്ക്കും ചെറിയൊരു ഭയവും ഇല്ലാതില്ല , അതാണല്ലോ ഒരു അമാന്തം.. ഉടനെ തന്നെ കൂട്ടത്തിൽ ഒരാൾ തുഴയുമായി മുന്നോട്ടു വന്നു , എന്തായാലും യുദ്ധത്തിനൊന്നുമല്ലല്ലോ പോകുന്നത് , അപ്പൊ ഞാൻ കേറിക്കൊള്ളാം എന്നും പറഞ്ഞു ചാടി കേറി , കൊച്ചു വള്ളം ഒന്ന് ഉലഞ്ഞു , ഭാഗ്യത്തിന് അപ്പൊ വെള്ളം കേറിയില്ല .. ഗൈഡ് ആയ ചേട്ടൻ ഒന്ന് സംയമനം പാലിച്ചു കൊണ്ട് അടുത്ത ആളിനെയും ക്ഷണിച്ചു ... അങ്ങിനെ രണ്ടു പേർ കയറിയ ചുകപ്പ് നിറമുള്ള കായാക്ക് ആർപ്പുവിളികളുടെ അകമ്പടിയോടെ കായലിലേക്ക് യാത്രയാരംഭിച്ചു. അടുത്ത് തന്നെ ബാക്കിയുള്ള ചെറു തോണികൾ നമുക്ക് വേണ്ടി തയ്യാറായി നില്പൂണ്ട് .അങ്ങിനെ ഓരോരുത്തരും കയറി ( ഒരു മത്സരം അല്ലാത്തത്തിനാലും ആദ്യ അനുഭവം ആയതിനാലും " ഗപ്പ് " എടുക്കാനുള്ള വ്യഗ്രത ആരും കാണിച്ചു കണ്ടില്ല )
കൂട്ടത്തിൽ നാലു പേർക്ക് കയറാവുന്ന രണ്ടു തോണികൾ വേറെയും ഉണ്ടായിരുന്നു. കായലിലേക്ക് കണ്ണെറിഞ്ഞപ്പോൾ അൽപ്പം ദൂരെയായി ഒരു മണൽ തിട്ട ചൂണ്ടി കാണിച്ചു കൊണ്ട് നമ്മുടെ ഗൈഡ് പറഞ്ഞു , ആദ്യം അവിടേക്കു പോകാം. ദൂരെയായി ഒരു റെയിൽവേ മേൽപ്പാലം ശ്രദ്ധയിൽ പെട്ടു. അങ്ങിനെ ഓളങ്ങളുമായി കിന്നാരം പറഞ്ഞു കൊണ്ട് ഞങ്ങളും തുഴയെറിഞ്ഞു.
അൽപ്പ നേരത്തെ തുഴച്ചിലിനു ശേഷം ഒരു മൺതിട്ടയിൽ ഞങ്ങൾ കരതൊട്ടു. ഒരു സ്വാന്തനം പോലെ കുളിർ കാറ്റും നമുക്ക് കൂട്ടായി വന്നു . അപ്പോഴേക്കും ഒന്ന് രണ്ടു ടീം നമ്മുടെ തൊട്ടു പുറകിൽ എത്തി. കുറച്ചകലെയായി മൺതിട്ടയിൽ വിശ്രമിക്കാനായി പറവകളും കൊറ്റികളും സ്ഥാനം പിടിച്ചതും നമ്മുടെ ശ്രദ്ധയിൽ പെട്ടു. കായൽ ശാന്തമായിരുന്നെങ്കിലും വെയിലിനു കാഠിന്യം കൂടുന്നുണ്ടോ എന്നൊരു സംശയം , പക്ഷെ മാനത്തിനെ മേഘങ്ങൾ നിറം മാറ്റുന്നുണ്ടായിരുന്നു. വഞ്ചികൾ വീണ്ടും ഓരോന്നായി കായലിന്റെഹൃദയ ഭാഗം ലക്‌ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി. ദൂരെ കായലിനു കുറുകെ റെയിൽ പാലം ദൃശ്യമായി. പാലത്തിൽ കൂടി ചുവന്ന ഒരു നീളൻ വണ്ടിനെ പോലെ രാജധാനി എക്സ്പ്രസ്സ് ട്രെയിൻ ചൂളം വിളിച്ചു കടന്നുപോയ ദൃശ്യമാണ് നമ്മുടെ കണ്ണിൽ പെട്ടത്. കണ്ടതിനേക്കാളും മനോഹരമായി ആ രംഗം മനസ്സിലെ കാൻവാസിൽ പകർത്തിയെടുത്തു വീണ്ടും ഞങ്ങൾ തുഴയെറിഞ്ഞു.
കുറച്ചു സമയത്തിനു ശേഷം നമ്മൾ റെയിൽ പാലത്തിന്റെ കൃത്യം അടിവശത്തേക്കു എത്തി ചേർന്നു. കായലിന്റെ ആഴം അവിടെ അനുഭവപ്പെട്ടു. അതൊരു റെസ്റ്റിംഗ്പോയിന്റായി നമ്മൾ മാറ്റി. കുറച്ചു പേർ മീൻ പിടിക്കാൻ ചൂണ്ടയുമായി ഇരിക്കുന്നതും മറ്റൊരു കാഴ്ചയായിരുന്നു. തുഴച്ചിലിനിടയിൽ പാട്ടും ആർപ്പുവിളിയും....
നീലാകാശം മേഘാവൃതം ആകുന്നതിന്റെ മുന്നോടിയായി തെക്കൻ കാറ്റ് സാമാന്യം ശക്തിയോടെ വീശിത്തുടങ്ങി. അതുവരെയും തുഴഞ്ഞു തളർന്ന നമ്മളിലേക്ക് ഊർജ്ജമായി ആ കാറ്റിന്റെ സാന്നിധ്യം ചെറിയ കുളിരൊന്നുമല്ല പകർന്നു തന്നത് . ആ ഊർജ്ജത്തിന്റെ തുഴച്ചിലിൽ എപ്പോഴോ എന്റെ ഓർമ്മകളിൽ നീല കടലിന്റെ ചിത്രം തെളിഞ്ഞു. ഗ്രീസിന്റെ ഭാഗമായ "കസ്റ്റല്ലോറിസോ" എന്ന ദ്വീപ് .നീല കടലും നീല ഗുഹകളും ഉള്ള ഒരു സ്വപ്ന ദീപ്; നീല ഗുഹകൾ ഇല്ലെങ്കിലും ഒരു പക്ഷെ അതെ കാഴ്ച എന്റെ ഉള്ളിൽ രൂപം കൊള്ളുന്നുണ്ടോ എന്നൊരു തോന്നൽ. അത്രയ്ക്ക് മനോഹരമായിരുന്നു കായലില്‍ അനുഭവപ്പെട്ട കാഴ്ചകൾ . റെയില്‍ പാലത്തിന്റെ കീഴില്‍ നിന്നും അടുത്ത ട്രെയിന്‍ വരും മുന്‍പേ ഞങ്ങള്‍ വീണ്ടും തുഴ എറിഞ്ഞു. അല്‍പ്പം മുന്നോട്ട് പോയപ്പോഴേക്കും നമ്മെ നനയിക്കാന്‍ നമ്മെ നനയിക്കാന്‍ മഴത്തുള്ളികള്‍ , പെയ്തു തുടങ്ങി, അത് അതിന്റെ പൂര്‍ണ്ണ ഭാവം കാട്ടാനും തുടങ്ങി . ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍മഴയും കാറ്റും ഇവ മാത്രം പ്രണയിച്ച നമ്മള്‍, ഇന്ന് കായലില്‍ പൂര്‍ണമായും നനയുകയാണ്‌. മുകളില്‍ ആകാശം കണ്ണീര്‍ പൊഴിക്കുന്ന അത്ഭുത കാഴ്ച , കീഴെ കായലിന്‍ ആഴങ്ങള്‍ , അതിനിടയില്‍ ഒരു ചെറു വഞ്ചിയില്‍ , കൂടാതെ നല്ല കാറ്റും ... ശരിക്കും ത്രില്ലിംഗ് അതോടൊപ്പം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവം . നനഞ്ഞു നനഞ്ഞു തുഴ ആഴങ്ങളിലേക്ക് വീശുമ്പോള്‍ കിട്ടിയ അനുഭവം വേറെ ലെവലാണ്.
തണുപ്പും മഴയും കാറ്റും വെള്ളവും എല്ലാം ഇഷ്ടം പോലെ. തുഴ വീശി ഞങ്ങള്‍ പിന്നീടു എത്തിച്ചേര്‍ന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു ദ്വീപില്‍ ആയിരുന്നു.ഒറ്റ കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു ചെറിയ കോവില്‍ ആണ് അവിടുത്തെ പ്രത്യകത. കുറഞ്ഞ ചുറ്റളവ്‌ മാത്രം ഉള്ള ആ ചെറു ദ്വീപില്‍‌ ഇങ്ങനെ ഒരു കോവില്‍ ഉണ്ടായ സാഹചര്യം വ്യക്തമല്ല. പൂജകള്‍ ഇടയ്ക്കിടെ നടക്കാറുണ്ട് എന്ന് അവിടുത്തെ സാഹചര്യം നമ്മെ ഓര്‍മിപ്പിക്കുന്നു. കയ്യില്‍ കരുതിയ ഒന്നോ രണ്ടോ മൊബൈല്‍ ക്യാമറയില്‍ ചിലര്‍ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. സാധാരണ രീതിയില്‍ അത്രയും ദൂരം കയാക്കിംഗ് അനുവദിച്ചു കൊടുക്കാറില്ല എന്നതും കൂടെ ഉണ്ടായിരുന്ന ഒരേയൊരു ഗൈഡ് നമ്മളെ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ ആവേശം അത് നമ്മുടെ പ്രചോദനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി വേണമെങ്കില്‍ ആ കാണുന്ന കണ്ടല്‍ കാടുകള്‍ക്ക് ഇടയിലൂടെ ഒന്ന് ചുറ്റി വരാമെന്ന് ഒന്നോ രണ്ടോ പേര്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ വീണ്ടും മുന്നോട്ടു പോയി. അലപം അകലെ കരയില്‍ ഏതോ സുഖവാസ കേന്ദ്രം തെളിഞ്ഞു കാണാമായിരുന്നു. കുറച്ചു പേര്‍ അവിടുന്ന് തിരിച്ചു തുഴയാന്‍ തുടങ്ങി. അപ്പോഴേക്കും വെയിലിന്നു കാഠിന്യം കൂടി വരുന്നതായി അനുഭവപ്പെട്ടു. സമയം ഏകദേശം രണ്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു.വീണ്ടും മറ്റൊരു ചെറു ദ്വീപിനെ ചുറ്റി ഞാനും സുഹൃത്തും തിരിച്ചു തുഴയാന്‍ തീരുമാനിച്ചു . ആ ദ്വീപില്‍ വെറും രണ്ടോ മൂന്നോ തെങ്ങുകള്‍ തലപൊക്കി നില്‍പ്പുണ്ടായിരുന്നു. കുറച്ചു തേങ്ങകളും കണ്ണില്‍ പെട്ടു. ദാഹം അതിശക്തമായി അനുഭവപ്പെടാന്‍ തുടങ്ങി. വെള്ളക്കുപ്പികളും മറ്റും കൂടെ കരുതാതിരുന്നത് വലിയ മണ്ടത്തരമായി തോന്നി. വേലിയേറ്റത്തിന്റെ മുറുക്കം പതുക്കെ കായലില്‍ അനുഭവപ്പെട്ടു. കാറ്റും പിന്നെ ഉയര്‍ന്നു പൊങ്ങിയ ഓളങ്ങളും നമ്മെ ചെറുതായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ചെറു വഞ്ചിയുടെ ദിശാ നിയന്ത്രണം കാറ്റിലും ഓളത്തിലും വിഷമം സൃഷ്ടിക്കാന്‍ തുടങ്ങി. കായലില്‍ വഞ്ചികള്‍ പല ദിശകളില്‍ കറങ്ങുന്നത് കാണാമായിരുന്നു. ഒരു വേള നമ്മള്‍ കായലിന്റെ ഓരം ചേര്‍ന്ന് തുഴയാന്‍ തീരുമാനിച്ചു , കാരണം ശക്തമായ കാറ്റും ഉയര്‍ന്നു പൊങ്ങുന്ന ഓളങ്ങളും , അങ്ങിനെ തീരം ചേര്‍ന്ന് മുന്നോട്ടു വരുമ്പോള്‍ ഒരു കുട്ടി മീന്‍പിടുത്തക്കാരന്‍ നമ്മുടെ മുന്നില്‍ പെട്ടു. അപ്പോള്‍ തന്നെ അവന്റെ ചൂണ്ടയില്‍ ചെറിയൊരു മീന്‍ കുടുങ്ങി. ഉച്ച ഭക്ഷണത്തിന് കൂടെ പൊരിച്ചു കഴിക്കാനാണ് എന്നവന്‍ പറയുന്നുണ്ടായിരുന്നു. മീനിനു വില പേശാന്‍ നില്‍ക്കാതെ നമ്മള്‍ ഓരം ചേര്‍ന്ന് തുഴഞ്ഞു തുടങ്ങി. കായലോര സുഖവാസ കേന്ദ്രത്തില്‍ നിന്നും ജീവനക്കാരായ മൂന്നു ചേച്ചിമാരും ഒരു ചേട്ടനും നമ്മളോട് കുശലം പറഞ്ഞു. കൂടെയുള്ളവരെ ആരെയും കാണാനില്ലല്ലോ എന്ന ചോദ്യം എറിഞ്ഞു കൊണ്ട് അവര്‍ നമ്മളോട് എത്രയും പെട്ടന്ന് പോകാന്‍ നിര്‍ദേശിച്ചു, കാരണം മറ്റൊന്നുമല്ല , വേലിയേറ്റം കൂടിയാല്‍ തുഴയാന്‍ ബുദ്ധിമുട്ടും, കാറ്റിന്റെ ദിശ ഇപ്പോള്‍ മാറിയിരിക്കുന്നു എന്നും പറഞ്ഞു. അതും കേട്ട്, ഞങ്ങള്‍ വീണ്ടും ഓരം ചേര്‍ന്ന് കുറച്ചു കൂടി മുന്നോട്ടു വന്നു. വെയില്‍ വീണ്ടും ശക്തി പ്രാപിച്ചു, ഓളങ്ങള്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. “ദിശ ശരിയാവണില്യ” എങ്കിലും ആവേശം വിടാതെ ഞങ്ങള്‍ തുഴഞ്ഞു. ഞങ്ങള്‍ രണ്ടു പേര്‍ക്കും ദാഹം കനത്തു. “വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലത്രേ” എത്ര അന്വര്‍ത്ഥമായ വരികള്‍. അത് പാടിക്കൊണ്ട് നമ്മള്‍ ഊര്‍ജ്ജം വീണ്ടെടുത്ത്‌ തുഴഞ്ഞു മുന്നോട്ടു നീങ്ങി. കൊല്ലവര്‍ഷം 1498 ല്‍ കോഴിക്കോടിനടുത്ത് കാപ്പാട് ബീച്ചില്‍ പായക്കപ്പലിറങ്ങിയ വാസ്കോ ഡി ഗാമയെ കുറിച്ചായി പിന്നീട് നമ്മുടെ സംസാരം. ബാലി ദ്വീപിലും , കാപ്പിരികളുടെ നാട്ടിലും പോയ നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനെയും ഉള്‍പ്പെടുത്തി സംഭാഷണത്തിന് പൂര്‍ണ്ണ ഭാവം വരുത്തി . ഇനി നമ്മള്‍ ഏതു തീരത്തേക്ക് എന്ന ചോദ്യം തമാശ രൂപത്തില്‍ ഉയര്‍ന്നു. തികച്ചും സാഹസികമായ യാത്രയുടെ ത്രില്‍ അപ്പോള്‍ ഓളങ്ങള്‍ക്കൊപ്പം മനസ്സിലും ഉയര്‍ന്നു പൊങ്ങി. ദൂരെ പച്ച കളറിലും ചുവന്ന കളറിലും ഉള്ള ചെറു വഞ്ചികള്‍ പ്രത്യക്ഷപ്പെട്ടു. ഒരു നേര്‍ത്ത വര പോലെ റെയില്‍ പാലം കണ്ണില്‍ പെട്ടു. അപ്പോഴാണ് യഥാര്‍ത്ഥ ദൂരത്തിന്റെ ബോധം നമ്മള്‍ ഉള്‍ക്കൊണ്ടത്‌. ഇടയ്ക്കിടെ ആ ചെറുവഞ്ചിയില്‍ മലര്‍ന്നു കിടന്ന് ക്ഷീണം തീര്‍ക്കാന്‍ ശ്രമിച്ചു. അങ്ങിനെ ഏകദേശം പത്തിരുപതു മിനുട്ട് കള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും റെയില്‍ പാലത്തിന്റെ അടിയില്‍ എത്തി.
വീണ്ടും ഒരു ട്രെയിന്‍ കൂടി തലയ്ക്കു മുകളിലൂടെ കൂകി പാഞ്ഞു കടന്നു പോയി .
കാറ്റിന്റെ ദിശ എതിരായിരുന്നതിനാല്‍ തുഴച്ചില്‍ ശരിക്കും ബുദ്ധിമുട്ടി .കുറെ നേരം കായലില്‍ തന്നെ വട്ടം കറങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അടുത്ത ലാന്റിംഗ് പോയിന്‍റു നമ്മള്‍ ആദ്യം എത്തിയ മണ്‍തിട്ട ആയിരുന്നു. കുറച്ചു പേര്‍ അവിടെയും നില്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന തീരെ ചെറിയ വഞ്ചിയും ഉണ്ടായിരുന്നു . (ഏകാന്ത പഥികന്‍ ഞാന്‍ എന്ന പാട്ട് ഇടയ്ക് വെച്ച് മുഴങ്ങി കേട്ടപ്പോഴേ ആളിനെ നമ്മള്‍ ശ്രദ്ധിച്ചു;അതൊരു ബോംബെക്കാരന്‍ സഞ്ചാരി ആയിരുന്നു)
അഡ്മിന്‍ ശ്യാമും കുടുംബവും ഒരു വഞ്ചിയില്‍ ഇരുന്നു മൊത്തം ഫോട്ടോ എടുത്തു തീര്‍ത്തു.ബാകിയുള്ളവര്‍ പിന്നെ എന്തെടുക്കും എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത്തവണ വനിതാ മാഗസിനിലും ഒരു ഹണി മൂണ്‍ താരമായി അവര് മിന്നിതിളങ്ങിയ കാര്യം പിന്നീടു അവര്‍ തന്നെ വെളിപ്പെടുത്തി.
അങ്ങിനെ
സാഹസികത നിറഞ്ഞു കവിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ നമ്മള്‍ എല്ലാവരും കരയെ പുല്‍കി.അപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞ് മുപ്പതു മിനുട്ട്. ഗൈഡ്നും മറ്റു ജോലിക്കാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് നമ്മള്‍ അടുത്ത ലക്ഷ്യ സ്ഥാനമായ നാടന്‍ ഹോട്ടലിലേക്ക് പുറപ്പെട്ടു. നേരത്തെ എല്ലാവര്ക്കും വേണ്ടി ഭക്ഷണം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ ബുദ്ധിമുട്ടുണ്ടായില്ല. വിശപ്പിന്റെ വിളിയില്‍ നല്ല രുചിയോടെ തന്നെ എല്ലാവരും കഴിച്ചു. കൂട്ടത്തില്‍ ചില വെജിറ്റെറിയന്കാര്‍ വറുത്ത മീന്‍ രുചിയോടെ കഴിച്ചതും ചര്‍ച്ചാ വിഷയമായി.
ഊണിനു ശേഷം നമ്മള്‍ വീണ്ടും കാപ്പില്‍ ബീച്ചിലേക്ക്. കാറ്റാടി മരങ്ങള്‍ക്കിടയില്‍ തണുത്ത കാറ്റേറ്റ് ഊര്‍ജ്ജ സൊലതയോടെ എല്ലാവരും പരിചയം ഒന്ന് കൂടി പുതുക്കി. പുതിയ സഞ്ചാരികളെ പരസ്പരം പരിചയപ്പെട്ടും, അന്നത്തെ യാത്രാനുഭവം പങ്കുവെച്ചും അല്പ നേരം ചിലവഴിച്ചു .താരങ്ങളായ് നിറഞ്ഞാടിയ നരസിംഹ മന്നാടിയരും , ഹിറ്റ്‌ലറും , ബ്രഹ്മദത്തനും പിന്നെ കടമെടുത്ത ബുള്ളറ്റില്‍ കൊച്ചി വരെ പോയ ഡോക്ടര്‍ (ഒടുവില്‍ കണ്ണൂരില്‍ ട്രാഫിക് പോലിസ് പെറ്റിയടിച്ചപ്പോഴാണ് കൊച്ചിക്ക് പോയ ഡോക്ടര്‍ യാത്രാ ഭ്രമം മൂത്ത് മംഗലാപുരം വരെ എത്തിയ കഥ പുറത്തു വന്നത്) എല്ലാവരും കൂടി സഞ്ചാരിയുടെ മുപ്പതാമത് പ്രോഗ്രാം ഒരു സംഭവമാക്കി മാറ്റി. മനുവിന്റെ ‘മണി’യടി കഥയാക്കി മാറ്റിയ ചിലരും , ഹരിനന്ദന്റെ അനുഭവങ്ങളും, അജാസിന്റെ ചോദ്യ ശരങ്ങളും , അമ്പാടിയുടെയും രാഹുലിന്റെയും പിന്നെ ഈയുള്ളവന്റെയും ക്യാമറ കണ്ണുകളും ഒക്കെ ഒരു ഓര്‍മ്മചെപ്പിലോതുക്കാന്‍ പാകത്തില്‍, വീണ്ടും കാണാമെന്നുള്ള വാക്കോടെ, തുടിക്കുന്ന മനസ്സോടെ അന്നത്തേക്ക്‌ പിരിഞ്ഞു.
*******