watching through

Monday, January 21, 2019

ഒന്ന് വിടരാൻ



പുലരും മുമ്പ് പൂമൊട്ട് 

എന്നോട് ചോദിച്ചു, 

ഞാനൊന്ന് വിടർന്നോട്ടെ ? 

വേണ്ടെന്ന് ഞാൻ - 

മധ്യാഹ്നത്തിലായാലോ ? 

അതും വേണ്ട- 

എങ്കിൽ 

സായം സന്ധ്യയിൽ ? 

വേണ്ടേ വേണ്ട 

ഞാൻ ആണയിട്ടു .. 

എന്നാൽ 

പാതിരാവിൽ ......? 

ആവാം അല്ലേ ...? 

ങഹാ ! അതാണ് നല്ലത് .. 


നിഴൽ



ബാല്യത്തിൽ 
നീയൊരോമന കൗതുകം 
കൗമാരത്തിൽ 
നീ വെറും കോരകം 
യൗവ്വനത്തിൽ 
നീയൊരു ഉൾപ്പുളകം 
വാർദ്ധക്യത്തിൽ 
നീ പ്രഹേളിക ..

കണ്ണൂർ.


പറന്നു പറന്നു പറന്നു ചെല്ലാൻ 
മാനത്തിന്നതിരുകളില്ലാ... 
അതിരുകളില്ലാമാനത്ത്... 
മോഹത്തിൻ ചിറക് വിരിച്ച്.. 
കണ്ണൂരിന്നുയരുകയായ്... 
ആഹ്ലാദമാണിനി.. 
ആമോദമാണിനി... 
ആഘോഷത്തോടെ പറന്നുയരാം.. 
ആകാശപ്പൊയ്കയിൽ 
നീന്തിത്തുടിച്ചിടാൻ 
കണ്ണൂരിനിയെന്നും മുന്നിലുണ്ട്.. 
വനിലുയരുന്ന കണ്ണൂരിനിമുതൽ 
പാരിലെ നക്ഷത്രമായ് വിളങ്ങും... 




K A N N U R 


ഇപ്പോൾ കറുപ്പിനഴകില്ല


അങ്ങൊരു മലയുണ്ട് 
ആന കേറാമല 
ആടു കേറാമല 
ആയിരം കാന്താരി 
പൂത്തുലയും മല. 
അവിടെ, 
സഹനവും 
സ്‌നേഹവും 
സാഹോദര്യവും 
ത്രിവേണീ സംഗമമായി. 
ആ കാനന ഛായയിൽ 
അമ്പലവും പള്ളിയും 
മുഖത്തോടു മുഖം നോക്കി 
കാണികളെ കൈമാടി വിളിച്ചു. 
അചിരേണ 
മാമലയ്ക്കപ്പുറവും ഇപ്പുറവും 
ആട്ടവും പാട്ടും പൊടിപൊടിച്ചു ! 
എണ്ണപ്പെട്ട പടികൾ 
എണ്ണമയമായതും 
ആരോഹണക്കാരും 
അവരോഹണക്കാരും 
'തലമറന്നെണ്ണ തേച്ചതും" 
താഴികക്കുടത്തിൽ 
നിണത്തുള്ളികൾ പടർന്നതും 
നിനച്ചിരിക്കാത്ത നേരത്താണ്. 
പുലരിത്തുടിപ്പിനെ 
ദുർമ്മേദസ്സ് ഗ്രസിച്ചപ്പോൾ 
ശാന്തിയും സമാധാനവും 
പേടിയോടെ, ശരണം വിളിച്ച് 
മലമാളത്തിലൊളിച്ചു. 
ഇപ്പോൾ കറുപ്പിനഴകില്ല..