watching through

Sunday, December 15, 2019

കയാക്കിങ് ; ഒരു ഒന്നൊന്നര അഡാർ ഇവൻറ്....PART I



 ( 30th event of Sanjari Kollam Unit : a small travelogue cum discovery of the hidden beauty of backwater )
#image courtsy :@brahmadatthan/Ambadi/Rahul/Shyam/Manu
----------------------------------------------------------------------------------------------------------------------


കയാക്കിന്റെ കഥ
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പാണ് എസ്കിമോസ് എന്നറിയപ്പെടുന്ന വംശജർ ആർട്ടിക് പ്രദേശത്തു നായാട്ടിനും മീൻ പിടുത്തതിനും വേണ്ടി കണ്ടു പിടിച്ച ഒന്നാണ് ഈ കയാക്ക്.
അവയുടെ നിർമ്മാണം ഒഴുകി വരുന്ന തടികളും , അല്ലെങ്കിൽ തിമിംഗലം പോലുള്ള വലിയ മീനുകളുടെ എല്ലുകളും , പിന്നെ മൃഗങ്ങളുടെ തൊലികളും ഉപയോഗിച്ച് കൊണ്ടായിരുന്നു .
എന്നാല്‍ ഇപ്പോള്‍ ഇത് പുതിയ രൂപത്തിലും ഭാവത്തിലും സാഹസികത നിറഞ്ഞ യാത്രകള്‍ക്കായി ഉപയോഗിക്കുന്നു
----------------------------------------------------------------------------------------------------------------------
പതിവിലും വിപരീതമായി അന്ന് കതിരവൻ പൊൻകിരണങ്ങളുമായി ഉയർന്നുവന്നു, ആ കിരണങ്ങളെ നോക്കി ഞാൻ മനസ്സിൽപറഞ്ഞു ; ഇന്നെന്തായാല്ലും നല്ല കാലാവസ്ഥ തന്നെ ആയിരിക്കും, കാരണം ഇന്നാണല്ലോ നമ്മുടെ ഇവന്റ് .
കഴിഞ്ഞ കുറെ ദിവസങ്ങളായി വെയിലിനുവേണ്ടി കാത്തിരുന്ന കൂട്ടത്തിൽ നമ്മളും മുൻപിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പേ നടക്കേണ്ട പ്രോഗ്രാം ആയിരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം നിശ്ചയിച്ച തീയതി മാറ്റി ജൂലൈ 29 ലേക്ക്ഫിക്സ്ചെയ്തു. പറഞ്ഞുവരുന്നത്കൊല്ലം സഞ്ചാരിയുടെ മുപ്പതാമത്‌ഇവൻറ് ആയ കായാക്കിങ്ങിനെ കുറിച്ചാണ് . നിർദേശിച്ച പ്രകാരം രാവിലെ തന്നെ,കൊല്ലംബീച്ചിൽ,എല്ലാവരും ഒത്തുചേർന്നു , അവിടെനിന്ന്കടലോരംവഴി , നേരെ മയ്യനാട് ലക്ഷ്മി പുരം തോപ്പ് എന്ന സ്ഥലത്തേക്ക് അരമണിക്കൂറിനകം നമ്മൾ എത്തി .
ലൊക്കേഷൻ : Syzygy Ecosports
നമ്മളെ സ്വാഗതം ചെയ്തതിനു ശേഷം , ചെറുതും എന്തന്നാൽ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളുടെ വിവരണം അവിടുത്തെ ഗൈഡ് കൃത്യമായി തന്നെ അവതരിപ്പിച്ചു.,
എല്ലാവർക്കും ( നമ്മളൾ 24 പേരുണ്ടായിരുന്നു ) സുരക്ഷയുടെ ഭാഗമായി ലൈഫ്ജാക്കറ്റുംപിന്നെതുഴയുംവിതരണംചെയ്തു . അടുത്ത ഏതാനും മിനുട്ടുകൾ അവ കൃത്യമായി ധരിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.
അപ്പോഴേക്കും അവർ നമുക്ക് വേണ്ടി കയാക്ക് തയ്യാറാക്കി നിർത്തി. ചുകപ്പ് , പച്ച , മഞ്ഞ , നീല നിറങ്ങളിലുള്ള ചെറുതോണികൾ കണ്ടപ്പോൾ മനം നിറയുന്ന പോലെ തോന്നി. ആദ്യ കൊച്ചു തോണി കായലിൽ ഇറക്കി വീണ്ടും നമുക്ക് ചെറിയ ഒരു വിവരണം കൂടി തന്നു, തുഴ എങ്ങിനെ കൈകാര്യം ചെയ്യണം. കാരണം കായലിൽ രണ്ടുപേരും തുഴയും പിന്നെ ചെറുതോണിയും അല്ലാതെ വേറെ ആരും നമ്മുടെ കൂടെ ഉണ്ടാവില്ല. എല്ലാവരും വളരെ ശ്രദ്ധയോടെ വിവരണം ശ്രവിച്ചു. അപ്പൊ ' ഇനി കേറിക്കോ ' എന്നു ജീവനക്കാരിൽ ഒരു ചേട്ടൻ . എല്ലാവരും പരസ്പരം നോക്കി , ആര് കേറും , ആരെങ്കിലും കേറേണ്ടേ , വല്യ കാര്യത്തിൽ തുഴ എറിയാൻ വന്നവരാ , എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം കളയുന്നു....എല്ലാര്ക്കും ചെറിയൊരു ഭയവും ഇല്ലാതില്ല , അതാണല്ലോ ഒരു അമാന്തം.. ഉടനെ തന്നെ കൂട്ടത്തിൽ ഒരാൾ തുഴയുമായി മുന്നോട്ടു വന്നു , എന്തായാലും യുദ്ധത്തിനൊന്നുമല്ലല്ലോ പോകുന്നത് , അപ്പൊ ഞാൻ കേറിക്കൊള്ളാം എന്നും പറഞ്ഞു ചാടി കേറി , കൊച്ചു വള്ളം ഒന്ന് ഉലഞ്ഞു , ഭാഗ്യത്തിന് അപ്പൊ വെള്ളം കേറിയില്ല .. ഗൈഡ് ആയ ചേട്ടൻ ഒന്ന് സംയമനം പാലിച്ചു കൊണ്ട് അടുത്ത ആളിനെയും ക്ഷണിച്ചു ... അങ്ങിനെ രണ്ടു പേർ കയറിയ ചുകപ്പ് നിറമുള്ള കായാക്ക് ആർപ്പുവിളികളുടെ അകമ്പടിയോടെ കായലിലേക്ക് യാത്രയാരംഭിച്ചു. അടുത്ത് തന്നെ ബാക്കിയുള്ള ചെറു തോണികൾ നമുക്ക് വേണ്ടി തയ്യാറായി നില്പൂണ്ട് .അങ്ങിനെ ഓരോരുത്തരും കയറി ( ഒരു മത്സരം അല്ലാത്തത്തിനാലും ആദ്യ അനുഭവം ആയതിനാലും " ഗപ്പ് " എടുക്കാനുള്ള വ്യഗ്രത ആരും കാണിച്ചു കണ്ടില്ല )
കൂട്ടത്തിൽ നാലു പേർക്ക് കയറാവുന്ന രണ്ടു തോണികൾ വേറെയും ഉണ്ടായിരുന്നു. കായലിലേക്ക് കണ്ണെറിഞ്ഞപ്പോൾ അൽപ്പം ദൂരെയായി ഒരു മണൽ തിട്ട ചൂണ്ടി കാണിച്ചു കൊണ്ട് നമ്മുടെ ഗൈഡ് പറഞ്ഞു , ആദ്യം അവിടേക്കു പോകാം. ദൂരെയായി ഒരു റെയിൽവേ മേൽപ്പാലം ശ്രദ്ധയിൽ പെട്ടു. അങ്ങിനെ ഓളങ്ങളുമായി കിന്നാരം പറഞ്ഞു കൊണ്ട് ഞങ്ങളും തുഴയെറിഞ്ഞു.
അൽപ്പ നേരത്തെ തുഴച്ചിലിനു ശേഷം ഒരു മൺതിട്ടയിൽ ഞങ്ങൾ കരതൊട്ടു. ഒരു സ്വാന്തനം പോലെ കുളിർ കാറ്റും നമുക്ക് കൂട്ടായി വന്നു . അപ്പോഴേക്കും ഒന്ന് രണ്ടു ടീം നമ്മുടെ തൊട്ടു പുറകിൽ എത്തി. കുറച്ചകലെയായി മൺതിട്ടയിൽ വിശ്രമിക്കാനായി പറവകളും കൊറ്റികളും സ്ഥാനം പിടിച്ചതും നമ്മുടെ ശ്രദ്ധയിൽ പെട്ടു. കായൽ ശാന്തമായിരുന്നെങ്കിലും വെയിലിനു കാഠിന്യം കൂടുന്നുണ്ടോ എന്നൊരു സംശയം , പക്ഷെ മാനത്തിനെ മേഘങ്ങൾ നിറം മാറ്റുന്നുണ്ടായിരുന്നു. വഞ്ചികൾ വീണ്ടും ഓരോന്നായി കായലിന്റെഹൃദയ ഭാഗം ലക്‌ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി. ദൂരെ കായലിനു കുറുകെ റെയിൽ പാലം ദൃശ്യമായി. പാലത്തിൽ കൂടി ചുവന്ന ഒരു നീളൻ വണ്ടിനെ പോലെ രാജധാനി എക്സ്പ്രസ്സ് ട്രെയിൻ ചൂളം വിളിച്ചു കടന്നുപോയ ദൃശ്യമാണ് നമ്മുടെ കണ്ണിൽ പെട്ടത്. കണ്ടതിനേക്കാളും മനോഹരമായി ആ രംഗം മനസ്സിലെ കാൻവാസിൽ പകർത്തിയെടുത്തു വീണ്ടും ഞങ്ങൾ തുഴയെറിഞ്ഞു.
കുറച്ചു സമയത്തിനു ശേഷം നമ്മൾ റെയിൽ പാലത്തിന്റെ കൃത്യം അടിവശത്തേക്കു എത്തി ചേർന്നു. കായലിന്റെ ആഴം അവിടെ അനുഭവപ്പെട്ടു. അതൊരു റെസ്റ്റിംഗ്പോയിന്റായി നമ്മൾ മാറ്റി. കുറച്ചു പേർ മീൻ പിടിക്കാൻ ചൂണ്ടയുമായി ഇരിക്കുന്നതും മറ്റൊരു കാഴ്ചയായിരുന്നു. തുഴച്ചിലിനിടയിൽ പാട്ടും ആർപ്പുവിളിയും....
നീലാകാശം മേഘാവൃതം ആകുന്നതിന്റെ മുന്നോടിയായി തെക്കൻ കാറ്റ് സാമാന്യം ശക്തിയോടെ വീശിത്തുടങ്ങി. അതുവരെയും തുഴഞ്ഞു തളർന്ന നമ്മളിലേക്ക് ഊർജ്ജമായി ആ കാറ്റിന്റെ സാന്നിധ്യം ചെറിയ കുളിരൊന്നുമല്ല പകർന്നു തന്നത് . ആ ഊർജ്ജത്തിന്റെ തുഴച്ചിലിൽ എപ്പോഴോ എന്റെ ഓർമ്മകളിൽ നീല കടലിന്റെ ചിത്രം തെളിഞ്ഞു. ഗ്രീസിന്റെ ഭാഗമായ "കസ്റ്റല്ലോറിസോ" എന്ന ദ്വീപ് .നീല കടലും നീല ഗുഹകളും ഉള്ള ഒരു സ്വപ്ന ദീപ്; നീല ഗുഹകൾ ഇല്ലെങ്കിലും ഒരു പക്ഷെ അതെ കാഴ്ച എന്റെ ഉള്ളിൽ രൂപം കൊള്ളുന്നുണ്ടോ എന്നൊരു തോന്നൽ. അത്രയ്ക്ക് മനോഹരമായിരുന്നു കായലില്‍ അനുഭവപ്പെട്ട കാഴ്ചകൾ . റെയില്‍ പാലത്തിന്റെ കീഴില്‍ നിന്നും അടുത്ത ട്രെയിന്‍ വരും മുന്‍പേ ഞങ്ങള്‍ വീണ്ടും തുഴ എറിഞ്ഞു. അല്‍പ്പം മുന്നോട്ട് പോയപ്പോഴേക്കും നമ്മെ നനയിക്കാന്‍ നമ്മെ നനയിക്കാന്‍ മഴത്തുള്ളികള്‍ , പെയ്തു തുടങ്ങി, അത് അതിന്റെ പൂര്‍ണ്ണ ഭാവം കാട്ടാനും തുടങ്ങി . ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍മഴയും കാറ്റും ഇവ മാത്രം പ്രണയിച്ച നമ്മള്‍, ഇന്ന് കായലില്‍ പൂര്‍ണമായും നനയുകയാണ്‌. മുകളില്‍ ആകാശം കണ്ണീര്‍ പൊഴിക്കുന്ന അത്ഭുത കാഴ്ച , കീഴെ കായലിന്‍ ആഴങ്ങള്‍ , അതിനിടയില്‍ ഒരു ചെറു വഞ്ചിയില്‍ , കൂടാതെ നല്ല കാറ്റും ... ശരിക്കും ത്രില്ലിംഗ് അതോടൊപ്പം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവം . നനഞ്ഞു നനഞ്ഞു തുഴ ആഴങ്ങളിലേക്ക് വീശുമ്പോള്‍ കിട്ടിയ അനുഭവം വേറെ ലെവലാണ്.
തണുപ്പും മഴയും കാറ്റും വെള്ളവും എല്ലാം ഇഷ്ടം പോലെ. തുഴ വീശി ഞങ്ങള്‍ പിന്നീടു എത്തിച്ചേര്‍ന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു ദ്വീപില്‍ ആയിരുന്നു.ഒറ്റ കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു ചെറിയ കോവില്‍ ആണ് അവിടുത്തെ പ്രത്യകത. കുറഞ്ഞ ചുറ്റളവ്‌ മാത്രം ഉള്ള ആ ചെറു ദ്വീപില്‍‌ ഇങ്ങനെ ഒരു കോവില്‍ ഉണ്ടായ സാഹചര്യം വ്യക്തമല്ല. പൂജകള്‍ ഇടയ്ക്കിടെ നടക്കാറുണ്ട് എന്ന് അവിടുത്തെ സാഹചര്യം നമ്മെ ഓര്‍മിപ്പിക്കുന്നു. കയ്യില്‍ കരുതിയ ഒന്നോ രണ്ടോ മൊബൈല്‍ ക്യാമറയില്‍ ചിലര്‍ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. സാധാരണ രീതിയില്‍ അത്രയും ദൂരം കയാക്കിംഗ് അനുവദിച്ചു കൊടുക്കാറില്ല എന്നതും കൂടെ ഉണ്ടായിരുന്ന ഒരേയൊരു ഗൈഡ് നമ്മളെ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ ആവേശം അത് നമ്മുടെ പ്രചോദനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി വേണമെങ്കില്‍ ആ കാണുന്ന കണ്ടല്‍ കാടുകള്‍ക്ക് ഇടയിലൂടെ ഒന്ന് ചുറ്റി വരാമെന്ന് ഒന്നോ രണ്ടോ പേര്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ വീണ്ടും മുന്നോട്ടു പോയി. അലപം അകലെ കരയില്‍ ഏതോ സുഖവാസ കേന്ദ്രം തെളിഞ്ഞു കാണാമായിരുന്നു. കുറച്ചു പേര്‍ അവിടുന്ന് തിരിച്ചു തുഴയാന്‍ തുടങ്ങി. അപ്പോഴേക്കും വെയിലിന്നു കാഠിന്യം കൂടി വരുന്നതായി അനുഭവപ്പെട്ടു. സമയം ഏകദേശം രണ്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു.വീണ്ടും മറ്റൊരു ചെറു ദ്വീപിനെ ചുറ്റി ഞാനും സുഹൃത്തും തിരിച്ചു തുഴയാന്‍ തീരുമാനിച്ചു . ആ ദ്വീപില്‍ വെറും രണ്ടോ മൂന്നോ തെങ്ങുകള്‍ തലപൊക്കി നില്‍പ്പുണ്ടായിരുന്നു. കുറച്ചു തേങ്ങകളും കണ്ണില്‍ പെട്ടു. ദാഹം അതിശക്തമായി അനുഭവപ്പെടാന്‍ തുടങ്ങി. വെള്ളക്കുപ്പികളും മറ്റും കൂടെ കരുതാതിരുന്നത് വലിയ മണ്ടത്തരമായി തോന്നി. വേലിയേറ്റത്തിന്റെ മുറുക്കം പതുക്കെ കായലില്‍ അനുഭവപ്പെട്ടു. കാറ്റും പിന്നെ ഉയര്‍ന്നു പൊങ്ങിയ ഓളങ്ങളും നമ്മെ ചെറുതായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ചെറു വഞ്ചിയുടെ ദിശാ നിയന്ത്രണം കാറ്റിലും ഓളത്തിലും വിഷമം സൃഷ്ടിക്കാന്‍ തുടങ്ങി. കായലില്‍ വഞ്ചികള്‍ പല ദിശകളില്‍ കറങ്ങുന്നത് കാണാമായിരുന്നു. ഒരു വേള നമ്മള്‍ കായലിന്റെ ഓരം ചേര്‍ന്ന് തുഴയാന്‍ തീരുമാനിച്ചു , കാരണം ശക്തമായ കാറ്റും ഉയര്‍ന്നു പൊങ്ങുന്ന ഓളങ്ങളും , അങ്ങിനെ തീരം ചേര്‍ന്ന് മുന്നോട്ടു വരുമ്പോള്‍ ഒരു കുട്ടി മീന്‍പിടുത്തക്കാരന്‍ നമ്മുടെ മുന്നില്‍ പെട്ടു. അപ്പോള്‍ തന്നെ അവന്റെ ചൂണ്ടയില്‍ ചെറിയൊരു മീന്‍ കുടുങ്ങി. ഉച്ച ഭക്ഷണത്തിന് കൂടെ പൊരിച്ചു കഴിക്കാനാണ് എന്നവന്‍ പറയുന്നുണ്ടായിരുന്നു. മീനിനു വില പേശാന്‍ നില്‍ക്കാതെ നമ്മള്‍ ഓരം ചേര്‍ന്ന് തുഴഞ്ഞു തുടങ്ങി. കായലോര സുഖവാസ കേന്ദ്രത്തില്‍ നിന്നും ജീവനക്കാരായ മൂന്നു ചേച്ചിമാരും ഒരു ചേട്ടനും നമ്മളോട് കുശലം പറഞ്ഞു. കൂടെയുള്ളവരെ ആരെയും കാണാനില്ലല്ലോ എന്ന ചോദ്യം എറിഞ്ഞു കൊണ്ട് അവര്‍ നമ്മളോട് എത്രയും പെട്ടന്ന് പോകാന്‍ നിര്‍ദേശിച്ചു, കാരണം മറ്റൊന്നുമല്ല , വേലിയേറ്റം കൂടിയാല്‍ തുഴയാന്‍ ബുദ്ധിമുട്ടും, കാറ്റിന്റെ ദിശ ഇപ്പോള്‍ മാറിയിരിക്കുന്നു എന്നും പറഞ്ഞു. അതും കേട്ട്, ഞങ്ങള്‍ വീണ്ടും ഓരം ചേര്‍ന്ന് കുറച്ചു കൂടി മുന്നോട്ടു വന്നു. വെയില്‍ വീണ്ടും ശക്തി പ്രാപിച്ചു, ഓളങ്ങള്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. “ദിശ ശരിയാവണില്യ” എങ്കിലും ആവേശം വിടാതെ ഞങ്ങള്‍ തുഴഞ്ഞു. ഞങ്ങള്‍ രണ്ടു പേര്‍ക്കും ദാഹം കനത്തു. “വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലത്രേ” എത്ര അന്വര്‍ത്ഥമായ വരികള്‍. അത് പാടിക്കൊണ്ട് നമ്മള്‍ ഊര്‍ജ്ജം വീണ്ടെടുത്ത്‌ തുഴഞ്ഞു മുന്നോട്ടു നീങ്ങി. കൊല്ലവര്‍ഷം 1498 ല്‍ കോഴിക്കോടിനടുത്ത് കാപ്പാട് ബീച്ചില്‍ പായക്കപ്പലിറങ്ങിയ വാസ്കോ ഡി ഗാമയെ കുറിച്ചായി പിന്നീട് നമ്മുടെ സംസാരം. ബാലി ദ്വീപിലും , കാപ്പിരികളുടെ നാട്ടിലും പോയ നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനെയും ഉള്‍പ്പെടുത്തി സംഭാഷണത്തിന് പൂര്‍ണ്ണ ഭാവം വരുത്തി . ഇനി നമ്മള്‍ ഏതു തീരത്തേക്ക് എന്ന ചോദ്യം തമാശ രൂപത്തില്‍ ഉയര്‍ന്നു. തികച്ചും സാഹസികമായ യാത്രയുടെ ത്രില്‍ അപ്പോള്‍ ഓളങ്ങള്‍ക്കൊപ്പം മനസ്സിലും ഉയര്‍ന്നു പൊങ്ങി. ദൂരെ പച്ച കളറിലും ചുവന്ന കളറിലും ഉള്ള ചെറു വഞ്ചികള്‍ പ്രത്യക്ഷപ്പെട്ടു. ഒരു നേര്‍ത്ത വര പോലെ റെയില്‍ പാലം കണ്ണില്‍ പെട്ടു. അപ്പോഴാണ് യഥാര്‍ത്ഥ ദൂരത്തിന്റെ ബോധം നമ്മള്‍ ഉള്‍ക്കൊണ്ടത്‌. ഇടയ്ക്കിടെ ആ ചെറുവഞ്ചിയില്‍ മലര്‍ന്നു കിടന്ന് ക്ഷീണം തീര്‍ക്കാന്‍ ശ്രമിച്ചു. അങ്ങിനെ ഏകദേശം പത്തിരുപതു മിനുട്ട് കള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും റെയില്‍ പാലത്തിന്റെ അടിയില്‍ എത്തി.
വീണ്ടും ഒരു ട്രെയിന്‍ കൂടി തലയ്ക്കു മുകളിലൂടെ കൂകി പാഞ്ഞു കടന്നു പോയി .
കാറ്റിന്റെ ദിശ എതിരായിരുന്നതിനാല്‍ തുഴച്ചില്‍ ശരിക്കും ബുദ്ധിമുട്ടി .കുറെ നേരം കായലില്‍ തന്നെ വട്ടം കറങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അടുത്ത ലാന്റിംഗ് പോയിന്‍റു നമ്മള്‍ ആദ്യം എത്തിയ മണ്‍തിട്ട ആയിരുന്നു. കുറച്ചു പേര്‍ അവിടെയും നില്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന തീരെ ചെറിയ വഞ്ചിയും ഉണ്ടായിരുന്നു . (ഏകാന്ത പഥികന്‍ ഞാന്‍ എന്ന പാട്ട് ഇടയ്ക് വെച്ച് മുഴങ്ങി കേട്ടപ്പോഴേ ആളിനെ നമ്മള്‍ ശ്രദ്ധിച്ചു;അതൊരു ബോംബെക്കാരന്‍ സഞ്ചാരി ആയിരുന്നു)
അഡ്മിന്‍ ശ്യാമും കുടുംബവും ഒരു വഞ്ചിയില്‍ ഇരുന്നു മൊത്തം ഫോട്ടോ എടുത്തു തീര്‍ത്തു.ബാകിയുള്ളവര്‍ പിന്നെ എന്തെടുക്കും എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത്തവണ വനിതാ മാഗസിനിലും ഒരു ഹണി മൂണ്‍ താരമായി അവര് മിന്നിതിളങ്ങിയ കാര്യം പിന്നീടു അവര്‍ തന്നെ വെളിപ്പെടുത്തി.
അങ്ങിനെ
സാഹസികത നിറഞ്ഞു കവിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ നമ്മള്‍ എല്ലാവരും കരയെ പുല്‍കി.അപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞ് മുപ്പതു മിനുട്ട്. ഗൈഡ്നും മറ്റു ജോലിക്കാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് നമ്മള്‍ അടുത്ത ലക്ഷ്യ സ്ഥാനമായ നാടന്‍ ഹോട്ടലിലേക്ക് പുറപ്പെട്ടു. നേരത്തെ എല്ലാവര്ക്കും വേണ്ടി ഭക്ഷണം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ ബുദ്ധിമുട്ടുണ്ടായില്ല. വിശപ്പിന്റെ വിളിയില്‍ നല്ല രുചിയോടെ തന്നെ എല്ലാവരും കഴിച്ചു. കൂട്ടത്തില്‍ ചില വെജിറ്റെറിയന്കാര്‍ വറുത്ത മീന്‍ രുചിയോടെ കഴിച്ചതും ചര്‍ച്ചാ വിഷയമായി.
ഊണിനു ശേഷം നമ്മള്‍ വീണ്ടും കാപ്പില്‍ ബീച്ചിലേക്ക്. കാറ്റാടി മരങ്ങള്‍ക്കിടയില്‍ തണുത്ത കാറ്റേറ്റ് ഊര്‍ജ്ജ സൊലതയോടെ എല്ലാവരും പരിചയം ഒന്ന് കൂടി പുതുക്കി. പുതിയ സഞ്ചാരികളെ പരസ്പരം പരിചയപ്പെട്ടും, അന്നത്തെ യാത്രാനുഭവം പങ്കുവെച്ചും അല്പ നേരം ചിലവഴിച്ചു .താരങ്ങളായ് നിറഞ്ഞാടിയ നരസിംഹ മന്നാടിയരും , ഹിറ്റ്‌ലറും , ബ്രഹ്മദത്തനും പിന്നെ കടമെടുത്ത ബുള്ളറ്റില്‍ കൊച്ചി വരെ പോയ ഡോക്ടര്‍ (ഒടുവില്‍ കണ്ണൂരില്‍ ട്രാഫിക് പോലിസ് പെറ്റിയടിച്ചപ്പോഴാണ് കൊച്ചിക്ക് പോയ ഡോക്ടര്‍ യാത്രാ ഭ്രമം മൂത്ത് മംഗലാപുരം വരെ എത്തിയ കഥ പുറത്തു വന്നത്) എല്ലാവരും കൂടി സഞ്ചാരിയുടെ മുപ്പതാമത് പ്രോഗ്രാം ഒരു സംഭവമാക്കി മാറ്റി. മനുവിന്റെ ‘മണി’യടി കഥയാക്കി മാറ്റിയ ചിലരും , ഹരിനന്ദന്റെ അനുഭവങ്ങളും, അജാസിന്റെ ചോദ്യ ശരങ്ങളും , അമ്പാടിയുടെയും രാഹുലിന്റെയും പിന്നെ ഈയുള്ളവന്റെയും ക്യാമറ കണ്ണുകളും ഒക്കെ ഒരു ഓര്‍മ്മചെപ്പിലോതുക്കാന്‍ പാകത്തില്‍, വീണ്ടും കാണാമെന്നുള്ള വാക്കോടെ, തുടിക്കുന്ന മനസ്സോടെ അന്നത്തേക്ക്‌ പിരിഞ്ഞു.
*******

No comments:

Post a Comment