watching through

Saturday, June 29, 2024

കാഞ്ഞിരക്കൊല്ലി~ ഒരു കണ്ണൂർ വിസ്മയം.



കാഞ്ഞിരക്കൊല്ലി~ ഒരു കണ്ണൂർ  വിസ്മയം.
° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° °

സ്നേഹവർഷം 90-91 എസ് എസ് എൽ സി ഗ്രൂപ്പിന്റെ മൂന്നാമത്തെ യാത്ര 16 ജൂൺ 2024 നു സംഘടിപ്പിച്ചു.ടാഗ് ലൈനിൽ പറഞ്ഞ പോലെ, 
മഴ | തണുപ്പ് | കട്ടൻ | കോട മഞ്ഞ് | വെള്ളച്ചാട്ടം | അതിമനോഹരമായ കുന്നിൻ കാഴ്ച്ചകൾ | 
 അത്രകണ്ട് ശരിവെക്കുന്നതായിരുന്നു ഈ യാത്ര.

രാവിലെ 8 മണിക്ക് മയ്യിൽ നിന്നും പുറപ്പെട്ട ഞങ്ങളുടെ വാഹനം 
ഒരു മണിക്കൂറിൽ മലപ്പട്ടം , ശ്രീകണ്ഠപുരം , പയ്യാവൂർ ,കുന്നത്തൂർപാടി വഴി , വീണ്ടും പതിമൂന്നു കിലോമീറ്റർ കുത്തനെയുള്ള റോഡിലൂടെ കാഞ്ഞിരക്കൊല്ലിയിൽ എത്തിച്ചേർന്നു.
ഓരോ കയറ്റം കയറുമ്പോഴും യാത്രയുടെ മനോഹാരിത കൂടി വരികയാണ് എന്ന് ഞങ്ങൾ ഓരോരുത്തരും തിരിച്ചറിഞ്ഞു. മഴത്തുള്ളികളുടെ സംഗീതം വാഹനത്തിനു പുറത്തും, കൂട്ടുകാരുടെ സംഗീതം വാഹനത്തിനകത്തും ഒരേ സമയം  പ്രതിഫലിച്ചു എന്ന പ്രത്യേകതയും ഈ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു.
കുന്ന് കയറി ചെന്നെത്തിയത് ഒരു കാടിന്റെ നടുവിലാണ്..ചുറ്റും പ്രകൃതിയുടെ കരവിരുതിൽ ഉയിർത്തെഴുന്നേറ്റ വന മാലികകളായി ഇതിനെ വിവക്ഷിക്കാം.കേരളാ വനം വന്യജീവി വകുപ്പിന്റെ മേൽനോട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ മേഖല ടൂറിസത്തിന്റെ വികസന സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കണ്ണൂർ ജില്ലാ ടൂറിസം മാപ്പിൽ സ്ഥലം പിടിച്ചു കഴിഞ്ഞു. മലയോര മേഖലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി.
നമ്മുടെ തൊട്ടടുത്ത ഈ സ്ഥലം സമുദ്ര നിരപ്പിൽ നിന്നും 4000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ നിബിഡ വന മേഖലയിൽ വിവിധയിനം ജന്തുജാലങ്ങളുടെയും  ജീവി വർഗ്ഗങ്ങളുടെയും വൈവിധ്യമാർന്ന പക്ഷികളുടെയും വിഹാര കേന്ദ്രം ആണ്.
മഴ പെയ്തു തോർന്നാൽ പെട്ടെന്നാണ് കോടമഞ്ഞു പരക്കുന്നത്. ആ കാഴ്ചയ്ക്ക് വേറൊരു ഭംഗിയാണ്.ഒരു ഭാഗം കുന്നിനു മുകളിലും മറ്റൊരു ഭാഗം നമ്മുടെ കാൽക്കീഴിലും.അതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.കർണാടകയിലെ കൂർഗ് വനമേഖലയോട് അതിർത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളിലെ കാഞ്ഞിരക്കൊല്ലിക്ക് അതിന്റെതായ ഗരിമ ഉണ്ട് എന്ന് എടുത്തു പറയേണ്ടതില്ല.ഉടുമ്പ റിസോർട്ടിൽ എത്തിച്ചേർന്ന ഞങ്ങളെ ,ഒരു വീട്ടിലോട്ട് എന്നപോലെയാണ് സ്വീകരിച്ചത് .
കുന്നും മലയും കയറി വേറൊരു ലോകം. റിസോർട്ടിൽ താമസക്കാർക്ക് വേണ്ടിയാണ് സാധാരണ ഭക്ഷണം ഉണ്ടാക്കുന്നത് .എങ്കിലും  , ഞായറാഴ്ച നല്ല തിരക്കുള്ള ദിവസമായിട്ടു പോലും ഞങ്ങൾക്ക് വേണ്ടി മൂന്നു നേരം രുചികരമായ ഭക്ഷണം തയ്യാറാക്കിയ മാനേജ്‌മെന്റിനോട് പ്രത്യേകം സന്തോഷവും നന്ദിയും യാത്രയിലെ മെമ്പർമാർ പ്രകടിപ്പിച്ചു..പ്രഭാത ഭക്ഷണമായി ആവി പറക്കുന്ന പുട്ടും കടലയും ഡൈനിങ് റൂമിൽ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.
റിസോർട്ടിൽ നിന്നുള്ള കാഴ്ച്ച മനോഹരമാണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.
റിസോർട്ടിനു മുന്നിലെ ആകാശ നീലിമ കലർന്ന നീന്തൽ കുളം സഞ്ചാരികളെ കാത്തിരിക്കുന്നതായി  തോന്നിച്ചു.
പ്രഭാത ഭക്ഷണത്തിന് ശേഷം സമയം വൈകാതെ ഞങ്ങൾ "ആളകാപുരി"വെള്ളച്ചാട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു.
എൻട്രി ഫീ കൊടുത്ത് ഓരോരുത്തരായി ഗേറ്റ് കടന്ന് കാടിനുള്ളിലേക്ക് പ്രവേശിച്ചു. ഏകദേശം നാനൂറ് മീറ്ററോളം കുന്നിൻ ചരിവിലൂടെ ഇറക്കം ഇറങ്ങി മുന്നോട്ടു പോയ  ഞങ്ങളുടെ ചെവിയിൽ മലമുകളിൽ നിന്നും ഊർന്നുവീഴുന്ന വെള്ളത്തിന്റെ സുന്ദര സംഗീതം  അലയൊലിയായി പതിഞ്ഞു. അൽപ്പം അകലെയായി പച്ചയും ചുവപ്പും നിറത്തിലുള്ള കൈവരികൾ ശ്രദ്ധയിൽ പെട്ടു. അതാ, മരച്ചില്ലകൾക്കിടയിലൂടെ വെള്ളിപ്പാദസരങ്ങൾ ദൃശ്യമായിത്തുടങ്ങി. ഇടയ്ക്ക് അഥിതിയായി മഴച്ചാറ്റൽ.തണുപ്പിന്റെ കമ്പളം ചുറ്റിലും വിതച്ചുകൊണ്ട്‌ ഇടതൂർന്ന വൃക്ഷ ലതാദികൾ.
ഇതാ, നമ്മളെത്തിക്കഴിഞ്ഞു, തലയുയർത്തി മുകളിലേക്ക് നോക്കികൊണ്ട്  എല്ലാവരും ആ വശ്യ ഭംഗി ആസ്വദിച്ചു. സമയം പാഴാക്കാതെ ഓരോരുത്തരും വെള്ളച്ചാട്ടത്തിന് കീഴെ സ്ഥാനം പിടിച്ചു.
 മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്.കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുന്ന വെള്ളത്തിന് വേറൊരു മുഖമാണ്. ഒഴുകി വന്നു താഴോട്ടു പതിച്ചു , മുത്തു മണികളായി ചിതറി വീണ്ടും ഒരുമിച്ചു കൊണ്ട് ഒഴുകിയകലുന്ന കാഴ്ച കണ്ടാലും കണ്ടാലും മതിവരില്ല. ആ മാന്ത്രിക കാഴ്ച്ച നൽകുന്ന ഇമ്പം നേരിട്ട് അനുഭവിക്കുക എന്നത് ഒരു അനുഭൂതി തന്നെയാണ്. പ്രകൃതിയുടെ 
ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ സ്നേഹവർഷം ഗ്രൂപ്പിലെ കൂട്ടുകാർ ഓരോരുത്തരും വെള്ളച്ചാട്ടത്തിന് കീഴിൽ അണിനിരന്നു.  മഴ അല്പ നേരത്തേക്ക് നമുക്ക് വേണ്ടി മാറി നിൽക്കുകയായിരുന്നു.നുരഞ്ഞു പതഞ്ഞു പാഞ്ഞൊഴുകുന്ന  വെള്ളം തലയിലും ദേഹത്തും പതിക്കുമ്പോൾ കിട്ടുന്ന ലഹരി പറഞ്ഞറിയിക്കുന്നതിലും എത്രയോ അധികമാണ്. പച്ചപ്പണിഞ്ഞ കാട്ടുവഴികളിലൂടെ മുളംകാടുകളുടെ സമീപത്തെ വെള്ളച്ചാട്ടത്തിനടുത്തെത്തി യപ്പോൾ ഞങ്ങളെ കൂടാതെ മറ്റു കാനന സഞ്ചാരികളും ഉണ്ടായിരുന്നു. അങ്ങകലെ ഡൽഹിയിൽ നിന്നും അവധിക്കാലം ആസ്വദിക്കാൻ എത്തിയ കുടുംബവും വെള്ളച്ചാട്ടത്തിനു കീഴിൽ ഉണ്ടായിരുന്നു.
വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജലപാതം ഏതാണെന്നു സംശയം എല്ലാർക്കും ഉണ്ടായി.ആ  പദവി ഏഞ്ചൽ വെള്ളച്ചാട്ടത്തിന് അവകാശപ്പെട്ടതാണ്. അതിൻ്റെ അതിശയിപ്പിക്കുന്ന ഉയരം 3212 അടി എന്നായി രേഖപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വെനസ്വേലയിലെ അതിശയകരവും  പ്രകൃതിദത്തവുമായ അത്ഭുതമാണിത്. വളരെ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വെള്ളം  പലപ്പോഴും മൂടൽമഞ്ഞായി മാറും, നിലത്ത് എത്തുന്നതിന് മുമ്പ്, ഒരു അതിശയകരമായ  മാന്ത്രിക അന്തരീക്ഷം സൃഷ്ടിക്കുന്നതായി കാഴ്ചക്കാർ രേഖപ്പെടുത്തിയിരിക്കുന്നു.

അങ്ങിനെ ഏകദേശം രണ്ടുമണിക്കൂർ ജലപാതത്തിൽ ചെലവഴിച്ച ശേഷം ,മനസ്സിനെയും ശരീരത്തിനേയും പുതിയൊരു അനുഭൂതിയുടെ ആഴങ്ങളിൽ എത്തിച്ച മനോഹരമായ ആളകാപുരി വെള്ളച്ചാട്ടത്തോട് വിട പറഞ്ഞു , വിറച്ചുകൊണ്ടു തന്നെ പലരും വാഹനത്തിന് അടുത്തേക്ക് എത്തി. 
വാഹനം വീണ്ടും റിസോർട്ട് ലക്ഷ്യമാക്കി കുന്നു കയറി.
 ഉച്ചയൂണിന് അൽപ്പ നേരം കൂടി ഉണ്ട്. ആ അവസരം ഗ്രൂപ്പ് അംഗങ്ങൾ സ്വിമ്മിങ് പൂളിൽ വിനിയോഗിച്ചു. ആകാശ നീലിമയുടെ മനോഹാരിത, നീന്തൽ കുളത്തിൽ പ്രതിഫലിച്ചു കണ്ടപ്പോൾ , അവിടെ കിട്ടുന്ന എനർജി എന്തായാലും ഒന്നു കൂടെ ശരീരത്തെ ഊർജ്ജസ്വലമാക്കാൻ  പാകത്തിൽ ആയിരിക്കും എന്ന തോന്നൽ ഉണ്ടായി. വീണ്ടും ചെറിയ നീന്തൽ മത്സരം.നീന്തൽ അറിയാത്തവർ പൂളിലൂടെ നടത്തം.കുളത്തിലും പുഴയിലും നീന്തിത്തുടിച്ച ബാല്യ കാല ഓർമ്മകൾ അയവിറക്കിയായിരുന്നു പലരും പൂളിൽ നീന്തിത്തുടിച്ചത്.വസ്ത്രം മാറി വിശന്ന വയറോടെ ഡൈ നിങ് ഹാളിൽ എത്തിയപ്പോഴേക്കും ഞങ്ങളെ കാത്ത് , ചൂടുള്ള നെയ്ച്ചോറും നാടൻ കോഴിക്കറിയും തയ്യാറാക്കി വെച്ചിരുന്നു. രുചികരമായ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ വീണ്ടും ഒത്തു കൂടി.ആട്ടവും പാട്ടും കസേരകളി മത്സരവും അരങ്ങേറി.പുറത്ത് മഴ തകർത്തു പെയ്യുന്നു.മഴ മേഘങ്ങളും കോട മഞ്ഞും മാറി മാറി വിസ്മയം സൃഷ്ടിച്ച അന്തരീക്ഷം. മഴയൊന്ന് ശമിച്ചപ്പോൾ , നമ്മുടെ അടുത്ത നടത്തം ശശിപ്പാറയിലേക്കായിരുന്നു.
ടാർ ചെയ്തത് ഭംഗിയാക്കിയ പുത്തൻ റോഡിലൂടെ ഏവരും മുന്നോട്ട് നടന്നു.മഴയിലും  സഞ്ചാരികൾ ആ സമയത്ത് എത്തിക്കൊണ്ടിരുന്നു. അൽപ്പ നേരം നമുക്ക് വീണ്ടും തെളിഞ്ഞ കാലാവസ്ഥ കിട്ടി. 
ശശിപ്പാറയിൽ നിന്ന്  കാഞ്ഞിരക്കൊല്ലി താഴ്‌വര, കർണാടകയിലെ റിസർവ് ഫോറസ്റ്റിൻ്റെ കൂർഗ് റേഞ്ച്, ഉടുമ്പെ നദി, ഏലപ്പാറ, മറ്റ് ഗ്രാമങ്ങൾ എന്നിവ കാണാം. ശശിപ്പാറയിൽ നിന്നുള്ള മലനിരകളുടെ കാഴ്ച മനോഹരമായ ഒന്നാണ്. താഴെയുള്ള സമീപ ഗ്രാമങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുന്ന മനുഷ്യരെ മുകളിൽ നിന്നും നോക്കുമ്പോൾ  ചെറിയ ഉറുമ്പുകളെപ്പോലെ തോന്നും. വർഷം മുഴുവനും സമൃദ്ധമായ കാറ്റ് വീശുന്ന ഈ കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച്ചകൾ കണ്ണിനും മനസ്സിനും ശരീരത്തിനും കുളിർമ്മ പകരുന്ന ഒന്നാണ്.
ഒരു ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ , വൈകീട്ട് ചായയും നെയ്യപ്പവും കുടിച്ചു പരിസമാപ്തി കുറിച്ചു. വീണ്ടും വാഹനം ഞങ്ങളെ വഹിച്ചു കൊണ്ടു കുന്നിറങ്ങി..ഓർമ്മകളുടെ  ഏടിൽ മറ്റൊരു അധ്യായവും കൂടി തുന്നിച്ചേർത്തു കൊണ്ട് സ്നേഹവർഷം 90~91 ഗ്രൂപ്പ് മെമ്പർമാർ പങ്കെടുത്ത യാത്ര തിരികെ എത്തിയപ്പോൾ , ഇനി അടുത്ത യാത്ര എന്ന ചോദ്യം അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടേയിരുന്നു...
വീണ്ടും കാണാൻ ഈ ലോകത്തെ മനോഹരമായ കാഴ്ചകൾ നമുക്ക്‌ മുന്നിൽ പ്രകൃതി ഒരുക്കിയിട്ടുണ്ട്.
അപ്പോൾ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കും. 
# travel with classmates 
# yathra
# snehavarsham 90-91
# june 16 ~2024
# കാഞ്ഞിരക്കൊല്ലി~ശശിപ്പാറ~അളകാപുരി വെള്ളച്ചാട്ടം -

No comments:

Post a Comment