watching through

Wednesday, April 12, 2023

പാടിയും പറഞ്ഞും പാലക്കയം തട്ടിൽ......

 പാടിയും പറഞ്ഞും പാലക്കയം തട്ടിൽ.....

** ** ** ** ** ** ** ** ** ** ** ** ** ** **

           1990-91 വർഷത്തിലെ, മയ്യിൽ ഗവ.ഹൈ സ്കൂളിലെ പത്താം തരം സതീർത്ഥ്യർ ഒന്നായി കൂട്ടുകൂടി യാത്ര ചെയ്ത മനോഹരമായ ഒരു ദിവസമായിരുന്നു 2023 ഫെബ്രുവരി അഞ്ചാം  തീയ്യതി ഞായറാഴ്ച. പറഞ്ഞുറപ്പിച്ച പോലെ തന്നെ രാവിലെ 7 മണിക്ക് മയ്യിൽ സ്കൂളിന് സമീപം ടെമ്പോ ട്രാവലർ കാത്തു നിൽപ്പുണ്ടായിരുന്നു.മയ്യിലും പരിസരത്തുമുള്ളവർ കയറിയതിന് ശേഷം  പുറപ്പെട്ട വണ്ടി , എട്ടെയാർ ,മലപ്പട്ടം , ശ്രീകണ്ഠപുരം ,ചെമ്പേരി കുടിയാൻമല റൂട്ടിലായിരുന്നു നമ്മുടെ യാത്ര. ഏകദേശം 08.30 മണിക്ക് നമ്മുടെ ട്രാവലർ, സഹപാഠിയായ ജോഷിയുടെ വീടിനു പരിസരത്തെത്തി. വണ്ടിയിൽ നിന്നിറങ്ങി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെയുള്ള ചെറിയ റോഡിലൂടെ എല്ലാരും നടന്നു നീങ്ങി. പുലർകാല ഗ്രാമ സൗന്ദര്യത്തിന്റെ ചിത്രം മാഞ്ഞു തുടങ്ങിയില്ല. ഇലച്ചാർത്തുകളിൽ അവിടവിയെയായി മഞ്ഞു തുള്ളികൾ കാണാമായിരുന്നു. ചെറിയൊരു കയറ്റവും ഇറക്കവും വീണ്ടും മറ്റൊരു ചെറിയ കയറ്റവും ഒടുവിൽ, റബ്ബർ മരങ്ങൾക്കു നടുവിൽ ഒറ്റയാനെ പോലൊരു മനോഹരമായ വീടും പരിസരവും. മുറ്റത്ത്  അരികിലായി, പുക ഉയരുന്നന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്റെ കാഴ്ച അങ്ങോട്ട് ഉടക്കി. അടുത്ത് ചെന്നു നോക്കിയപ്പോൾ റബ്ബർ ഉണക്കാനുള്ള പുരയാണെന്നു മനസ്സിലായി. വിവിധ ചെടികളും പൂക്കളും കണ്ണിൽപ്പെട്ടു. ഉമ്മറത്ത് ഞങ്ങളെയും കാത്തു നിന്നിരുന്ന വീട്ടുകാരിയും കുഞ്ഞുങ്ങളും സ്നേഹപൂർവ്വം  എല്ലാവരെയും സ്വാഗതം ചെയ്തു.അപ്പോഴാണ് ജോഷിയുടെ മകളുടെ ടീച്ചർ  നമ്മുടെ യാത്രക്കാരിയായി കൂടെ ഉള്ളത് അറിഞ്ഞത്. അങ്ങിനെ പെട്ടെന്ന് തന്നെ ടീച്ചർ പത്തര മാറ്റുള്ള സ്‌പെഷ്യൽ ഗസ്റ്റ് ആയി മാറി ,അവരുടെ കൂടെ ഞങ്ങളും ചേർന്നപോൾ എല്ലാവരും വിശേഷപ്പെട്ടവരായി..   സ്വീകരണമുറിയിലെ മേശപ്പുറത്തു അപ്പോഴേക്കും കാച്ചിലും ചേമ്പും കിഴങ്ങും കാന്താരി മുളക് ചമ്മന്തിയും ഞങ്ങളുടെ രസമുകുളങ്ങൾക്ക് വിരുന്നേകാൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.ഒന്ന് കൈ കഴുകി , പരിമിതമായ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇരിപ്പുറപ്പിച്ചവരുടെ മുന്നിലേക്ക് വ്യത്യസ്തമാർന്ന വിഭവങ്ങൾ നിരന്നു..കുറെ പേർ നിന്നുകൊണ്ടും , കോലായിൽ ഇരുന്നും പ്രഭാത ഭക്ഷണം കഴിച്ചു. അതിനിടെ പയ്യന്നൂരിനും അപ്പുറത്ത് നിന്ന് സതീർഥ്യരുടെ കൂടെ ചേരാൻ വന്ന സുഹൃത്തിനെയും കൂട്ടു കാരിയയെയും കൊണ്ടുവരാൻ ജോഷിയുടെ നാനോ കാറിനും അവസരം ലഭിച്ചു. എരിവുള്ള കാന്താരിമുളക് ചമ്മന്തിയുടെ രസം നാവിൽ നിന്നും മാറുന്നതിനു മുന്നേ കട്ടൻ ചായയയുടെ അകമ്പടി , അതും കുടിച്ചു...അധികം വൈകാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് എല്ലാവരും, കൂടെ വീട്ടുകാരും ഞങ്ങളോടൊപ്പം ഇറങ്ങി. വീണ്ടും റബ്ബർ മരങ്ങളുടെ ഇടയിലൂടെ മെയിൻ റോഡിലേക്ക്...ട്രാവലർ ഞങ്ങൾ 26 പേരെയും ചുമലിലേറ്റി പൈതൽ മലയിലേക്ക് കയറ്റം തുടങ്ങി...

മഞ്ഞ വെയിൽ അതിന്റെ കാഠിന്യം കൂട്ടുന്നതിന് മുന്നേ മുകളിൽ എത്തണം.മുരണ്ടും ചാഞ്ഞും ചരിഞ്ഞും ചെങ്കുത്തായ കയറ്റങ്ങളും കയറി ഒടുവിൽ ഞങ്ങൾ മലയുടെ പരിസരം പൂകി.ഇനി അങ്ങോട്ട് ജീപ്പിൽ പോകണം. മൂന്നു ജീപ്പുകളിലായി എല്ലാവരും മുന്നോട്ടുള്ള പാതയിൽ കുത്തനെ കയറ്റം തുടങ്ങി.ദുർഘടമായ , ഉരുളൻ കല്ലുകളും , വെള്ളമൊഴിഞ്ഞ നീർച്ചാലുകളും ഉള്ള വഴിയിലൂടെ 4×4 ജീപ്പുകൾക്ക് മാത്രമേ സുഗമമായി കയറാൻ പറ്റുകയുള്ളു..ആ റോഡും വഴികളും ഒരിക്കലും അറ്റ കുറ്റ പണികൾ നടത്താതെ ഇട്ടിരിക്കുന്ന ഒന്നായി തോന്നി.കാരണം യാത്രക്കാർ എല്ലാവർക്കും സ്വന്തം വാഹനങ്ങളിൽ പോകാൻ സാധിക്കരുത് എന്നതാണ് അധികൃതരും , ലോക്കൽ വാഹന ഉടമകളും തമ്മിലുള്ള ഉടമ്പടി എന്നത്‌ സത്യമായി തോന്നി.അല്ലെങ്കിൽ എന്നോ ശരിയാക്കി എടുക്കേണ്ട ചുമതല പഞ്ചായത്ത് അധികൃതർ കാണിക്കേണ്ടതാണ്.യാത്രക്കാരെ , കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ടൂറിസം മേഖലയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ജീപ്പുകാർക്ക് കുറഞ്ഞ സമയം കൊണ്ട്‌ വൻ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാൻ ഉദ്യോഗസ്ഥർ തന്നെ കഷ്ടപ്പെടുകയാണ്.

 ചിന്തിച്ചു സമയം പോകുന്നതിനു മുന്നേ , എൻട്രി ഗേറ്റിനു മുന്നിലേക്ക് ഓരോ ജീപ്പുകളും എത്തിച്ചേർന്നു.സഞ്ചാരികളുടെ ബാഹുല്യം ഇല്ലാത്തതു കൊണ്ട് തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടറിൽ നിന്നും ഞങ്ങൾ എല്ലാവർക്കും എൻട്രി പാസ്സ് കിട്ടി.കൂട്ടം കൂടി ചെറിയ കയറ്റം ആരംഭിച്ചു. ചൂട് കൂടി വരുന്നത് കൊണ്ടു തന്നെ എത്രയും പെട്ടന്ന് മലയുടെ മുകൾ കാഴ്ച്ചകൾ കണ്ട് തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ചെങ്കുത്തായ മലനിരകളുടെ അകലകാഴ്ചകൾ നയന മനോഹരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ ഭാഗത്തുനിന്ന് നോക്കിയാലും നമ്മുടെ കണ്ണൂരിന്റ വിദൂര ദൃശ്യങ്ങൾ മനസ്സിലേക്ക് പകർത്താൻ പാകത്തിൽ വിശാലമായ കാൻവാസ്‌ പ്രകൃതി ഒരുക്കിയ പ്രദേശമാണ് പാലക്കയം തട്ട്.അതിമനോഹരമായ രാത്രിക്കാഴ്ചകളും സഞ്ചാരികൾക്ക് ഒരുക്കിയ സ്ഥലം കൂടിയാണ് അത്.ഒരുവശത്ത് കൂടി നോക്കുമ്പോൾ ദൂരെ പൈതൽ മലയും ദൃശ്യമായിരുന്നു.കർണ്ണാടക , കേരളാ അതിർത്തികൾ പങ്കിടുന്ന നിബിഡ വന പ്രദേശങ്ങളും ദൃശ്യമായി. മലയിലെ ഫ്രയിമിൽ നിന്ന് മനോഹരമായ ദൃശ്യങ്ങൾ പകർത്താനും സാധിച്ചു. ഗ്രൂപ്പ് ഫോട്ടോ, ഈ യാത്രയുടെ ഓർമ്മകൾക്ക് മാറ്റുകൂട്ടുന്ന ഒന്നായി മാറി. സൊറ പറഞ്ഞും ചാഞ്ഞിരുന്നും വെയിലുകൊണ്ടും കയറ്റിയിറക്കങ്ങൾക്ക് വിരാമ മാക്കിക്കൊണ്ട് , സഹപാഠികളിൽ ആരോ ഒരാൾ ഏർപ്പാടാക്കിയ    ഓരോ നാരങ്ങാ മുട്ടായി (പഴയ സ്കൂൾ കാല ഓർമ്മകളെ താലോലിച്ചു കൊണ്ട്) നുണഞ്ഞു ഞങ്ങൾ താഴേക്കിറങ്ങി. ...വീണ്ടും ഇറക്കമിറങ്ങി ജീപ്പ്‌ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് എത്തി. അപ്പോഴേക്കും ചൂട് തുടങ്ങിയിരുന്നു. എത്തിയ ഉടനെ സ്വന്തം ട്രാവലറിൽ ഓടിക്കയറി സീറ്റ് പിടിച്ച ചിലരെങ്കിലും ഉണ്ടായിരുന്നു.

ഉച്ചച്ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്താറായി. നാവിഗേറ്ററുടെ നിർദ്ദേശത്തിൽ വണ്ടി വളവു തിരിഞ്ഞു കുന്നിറങ്ങി ജോഷിയുടെ വീടിനു സമീപം എത്തിച്ചേർന്നു.വാഹനം ഒതുക്കി, ഒരു കാട്ടുചോലയിലേക്കാണ്‌ ഞങ്ങൾ ഇറങ്ങിച്ചെന്നത് .വേനലിൽ ആ നീർച്ചോല തന്ന അനുഭവം പറഞ്ഞറിയിക്കുക എന്നതിനപ്പുറം ,അറിഞ്ഞനുഭവിച്ചവരുടെ വികാരം ഒന്ന് വേറെ തന്നെയാണ്. ആടിയും പാടിയും നീർച്ചോല കുറുകെ കടന്നും, പാറയിൽ കുത്തിയിരുന്നും, കുഞ്ഞുങ്ങളെ പോലെ വെള്ളം തെറിപ്പിച്ചും , കളിയാക്കിയും , കാട്ടു മരങ്ങളുടെ വള്ളിയിൽ തൂങ്ങിയും , കാട്ടുചെടികൾ പറിച്ചെടുത്തും , ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ടാണ് നമ്മുടെ പ്രിയ സഹപാഠികൾ ആ തണുപ്പിൽ മതിമറന്നത്. കുറെ നല്ല ഫോട്ടോ മുഹൂർത്തങ്ങൾ അവിടെ വീണുകിട്ടി.ആ നീർച്ചോലയിൽ മുഖവും ,കാലും കൈകളും കഴുകി ഉന്മേഷത്തിന്റെ  പാരമ്യത്തിൽ മദിച്ചു നിൽക്കുമ്പോൾ ജോഷിയുടെ സ്നേഹപൂർവ്വമായ , ശാസനയും വിളിയും...

"ഊണിനു കാലമായി"

വിശപ്പുള്ളവർക്ക് കഴിക്കാം"

അപ്പോഴാണ് വയറിന്റെ  വിളി അറിയാൻ എല്ലാരും ശ്രമിച്ചത്. തണുത്ത വെള്ളത്തിൽ എല്ലാം മറന്ന് കളിച്ചവർ ആ വിളികേട്ട് കര കയറി.ഓടിച്ചെന്നത്‌ തൊട്ടടുത്ത വീട്ടുമുറ്റത്ത്.. വീട്ടുടമയും  ജോഷി യും ചേർന്ന് ഒരുക്കിയ ഗംഭീര ഉച്ച ഭക്ഷണം , കഴിക്കുന്നതിനു മുമ്പ് തന്നെ മണത്തിലൂടെ രുചി അറിഞ്ഞു. ഫ്രൈഡ് റൈസും ചിക്കൻ കറിയും ,വെജിറ്റബിൾ കുറുമയും,നാരങ്ങാ അച്ചാറും, കൂട്ടത്തിൽ , മിനിയും ,ബിന്ദുവും കൊണ്ടുവന്ന മാങ്ങാ , ഈന്തപ്പഴം അച്ചാറും.. ഒന്നും പറയണ്ട, വിളമ്പലും കഴിക്കലും സൊറപറയലും വയറു നിറയലും എല്ലാം ഒരു പ്രത്യേക രുചിയുമായി രുന്നു.ഇത്രയേറെ ആസ്വദിച്ചു ആ വീട്ടുമുറ്റത്ത് ഓരോരുത്തരും ഉച്ചഭക്ഷണം കഴിച്ചു, നമുക്കു വേണ്ടി അല്പ സമയം വീട്ടിൽ അനുവദിച്ച വീട്ടുകാരോടു നന്ദിയും പറഞ്ഞു ഞങ്ങൾ ,വീണ്ടും വാഹനത്തിൽ കയറി.അവിടെ നിന്ന് കുറെ ചെടികൾ (റോസാ, കടലാസുപൂക്കൾ)പാർസൽ ആക്കാനും കൂട്ടുകാർ മറന്നില്ല.

സമയം ഓടിക്കൊണ്ടിരിക്കുന്നു  എന്ന സത്യത്തെ ഉൾക്കൊണ്ട് കൊണ്ട് , സഞ്ചാരികളുടെ മോഹമായ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ വികൃതി കാണാനായി ഞങ്ങൾ ഉത്സാഹം കാട്ടി.ടിക്കറ്റ് എടുത്ത് ഉടനെ തന്നെ ഞങ്ങൾ കൂട്ടമായി ഗേറ്റ് കടന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ , ഏഴു വലിയ കുഴികളിൽ പതിക്കുന്ന വെള്ളച്ചാട്ടവും ഒരു ചെറിയകുഴിയിൽ പതിക്കുന്ന  വെള്ളച്ചാട്ടവും ചേർന്നതാണ് ഏഴരക്കുണ്ട് എന്ന മനോഹരമായ ഭൂപ്രദേശം.മഴക്കാലം അല്ലാതിരുന്നതിനാൽ വെള്ളം കുറവായിരുന്നു ,എങ്കിലും അതൊന്നും നമ്മുടെ യാത്രയെ ഒട്ടും ബാധിച്ചില്ല. കാരണം ഒറ്റ മനസ്സോടെ ഒരേ ഓർമ്മകളോടെ , വെള്ളച്ചാലുകളുടെ അരിക്‌ പറ്റി മുകളിലേക്ക് ട്രക്കിങ് ചെയ്ത് കയറുമ്പോൾ ഒരേ വികാരമാണ്. ആ പത്താം തരം കുട്ടികൾ.അതു മാത്രം മതിയായിരുന്നു കുന്നു കയറലിന്റെ കഷ്ടത അലിയിച്ചു കളയാൻ.ഇടയ്ക്കിടെ അരുവികൾക്ക് കുറുകെ കടക്കാൻ തടികൊണ്ടുള്ള പാലവും, മനോഹരമായ ഒരു തൂക്കുപാലവും അതിനു മുകളിൽ മുള കൊണ്ട് തണൽ വിരിച്ചതും എല്ലാം നനു നനുത്ത അനുഭവം ആണ് ഓരോരാൾക്കും സമ്മാനിക്കുക എന്നതിൽ അശേഷം  സംശയം ഇല്ല.ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അവിടെ തയ്യാറാക്കിയ സൗകര്യങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.വെള്ളക്കെട്ടിൽ കുളിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ പോലും ഏർപ്പാടാക്കി മാതൃക കാണിച്ചിട്ടുണ്. മുകളി എത്തിയ ഞങ്ങൾക്ക്‌ ,വലിയ വെള്ളച്ചാട്ടത്തിന്റ രികിൽ നിന്ന് ഉച്ചച്ചൂടിലും പകർന്നു കിട്ടിയ കുളിർമ്മ അനുഭവം വേറെ ലെവൽ ആണ്.

ദാഹം അതിന്റെ പാരമ്യത്തിൽ എത്തിയതിനാൽ എല്ലാരും സോഡാ നാരങ്ങ കഴിച്ചു കൊണ്ട് ശമനം കണ്ടെത്തി.ആ മലമുകളിൽ നമ്മുടെ,  പ്രിയസുഹൃത്ത് ഡോക്ടർ നൗഷാദിനെ ( കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്) കണ്ടുമുട്ടിയതും മറക്കാൻ പറ്റില്ല. കുറച്ചുപേർ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ശരീരം തണുപ്പിച്ചു. സമയത്തിന്റെ അപര്യാപ്തത ഞങ്ങളെ കുന്നിറങ്ങാൻ പ്രേരിപ്പിച്ചു.ഓരോ കൂട്ടമായി ഞങ്ങൾ പാടിയും പറഞ്ഞും ,പാറക്കൂട്ടങ്ങളിൽ കയറി ഗ്രൂപ്പ് ഫോട്ടോ എടുത്തും താഴേക്കിറങ്ങി. കൂട്ടത്തിൽ,കർണ്ണാടക,കൂർഗ് മലനിരകളിൽ കൂടെ  അതിഥികളായി എത്തിയ  എത്തിയ ദേശാടന ശലഭങ്ങൾ പാറക്കൂട്ടങ്ങളുടെ മുകളിൽ നിറമാർന്ന കാഴ്ച പകർന്നു.അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ ദേഹത്തേക്ക് വീഴുമ്പോഴേക്കും ഏഴരക്കുണ്ടിന്റെ മനോഹാരിത നുണഞ്ഞുകൊണ്ട്  അടിവാരം പുൽകിയ ഞങ്ങളെയും വഹിച്ചു കൊണ്ട്  യാത്രാ വണ്ടി മുന്നോട്ട് നീങ്ങി. സ്വന്തം തട്ടകത്തിൽ സതീർഥ്യർ വിരുന്നുകാരായി എത്തിയപ്പോൾ എങ്ങിനെയൊക്കെ അവരെ സ്വീകരിക്കാം, സൽക്കരിക്കാം, മനോഹരമായ ഓർമ്മകൾ സമ്മാനിക്കാം എന്നതിന്റെ പൂർണ്ണ രൂപങ്ങളായി ജോഷിയും കുടുംബവും മാറിക്കഴിഞ്ഞിരുന്നു. അവർക്കുള്ള നന്ദി വെറും വാക്കുകളിൽ ഒതുങ്ങില്ല എന്ന ബോധ്യം എല്ലാർക്കും ഉണ്ട്. അത്കൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് തയ്യാറായിക്കൊള്ളാൻ പറഞ്ഞിട്ടാണ് കുടിയാൻമലയിൽ നിന്നും ബൈ പറഞ്ഞത്‌..വഴിയിൽ നിർത്തി ഓരോ ചൂട് ചായയും  മനം നിറയ്ക്കാൻ പഴംപൊരിയും കഴിച്ച് ശ്രീകണ്ഠപുരം , കണിയാർ വയൽ , ചേടിച്ചേരി ,പാവന്നൂർ കടവ് വഴി മയ്യിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷവും അനന്ദകരവുമായ ഒരു ദിവസം ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പാകത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ ചേർത്തുവെച്ച പ്രതീതി..."അതേ, യാത്രകൾ ഇനിയും തുടരും..കണ്ടത് മനോഹരം..കാണാൻ പോകുന്നത് അതിമനോഹരം..........           °°°°°°° °°°°°°°° °°°°°°°°° °°°°°°°° °°°°°°°°°°