ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും ഇരുട്ട് പരന്നു കിടക്കുന്ന വ്യത്യസ്ഥ ലോകത്താണ് നാമിപ്പോൾ .ഉറങ്ങുന്നവർ നീണ്ട ഉറക്കത്തിലും ......
നമുക്ക് നഷ്ടപ്പെട്ടത് എന്തൊക്കെയാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തത്രയും ദൂരേക്ക് നമ്മൾ എത്തിയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ മാത്രമല്ല മുന്നോട്ടു നോക്കുമ്പോഴും കൂരിരുട്ടിന്റെ കാഠിന്യം .
തിരി വെളിച്ചം കിട്ടാതെ തപ്പി തടയേണ്ടി വരുമ്പോൾ , ഈ കൂരിരുട്ടിന്റെ ഉത്തരവാദികൾ നമുക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി മുക്രയിട്ടും , ആക്രോശിച്ചും ഉറഞ്ഞു തുള്ളുകയാണ്. പാതാള സങ്കൽപ്പവും , നരക സങ്കൽപ്പവും ഒരു വിശ്വാസമാണെങ്കിൽ തന്നെ , അതിനെക്കാളും , തരം താണിരിക്കുകയാണ് ഇത്തരക്കാരുടെ സാമൂഹ്യാവബോധം. എത്ര കഴുകിയാലും വൃത്തിയാക്കാൻ പറ്റാത്ത ജാതി , മത ,വർണ്ണ ,വർഗ്ഗ ,രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ വാലും പിടിച്ചു നടക്കുന്നവരാൽ ചുറ്റപ്പെട്ടിരിക്കുകയാണ് നാമെല്ലാവരും. ഹിന്ദുവെന്നോ , മുസ്ലീമെന്നോ , ക്രിസ്ത്യാനിയെന്നോ ,ആദിവാസിയെന്നോ....... എന്ത് പേരിട്ടു വിളിച്ചാലും മാനവനല്ലതാകുമോ ?
നമുക്ക് ഊർജം കിട്ടിക്കൊണ്ടിരുന്ന പൊതു ഇടങ്ങൾ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.മറ്റു പലതും ഇനിയും നഷ്ടപ്പെടാനിരിക്കുന്നു .
"ഇനി അമ്പലങ്ങൾക്കു തീ കൊളുത്താം" എന്ന് പറഞ്ഞ വി ടി യും , "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട" എന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനും , "ഒരു അമ്പലം കത്തിയാൽ അത്രയും വിശ്വാസം കുറയും" എന്ന് പറഞ്ഞ മുഖ്യമന്ത്രി ശ്രീ കേശവനും നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയായിരുന്നു. അന്നൊന്നും ഇളകിയാടാനും , ഉറഞ്ഞ് തുള്ളാനും ആരും മെനക്കെട്ടില്ല , കാരണം വിശ്വാസ വികാരം എന്ന വ്രണം അന്നുണ്ടായിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ . വർണ മനോഹരമായ മതേതര കാലഘട്ടത്തിൽ നിന്ന് സ്വാമി വിവേകാന്ദന്റെ , അടിവരയിട്ട വാക്കുകൾ അന്വർത്ഥമാക്കുന്ന ഈ " ഭ്രാന്താലയത്തിൽ " , ജ്വലിക്കുന്ന സംഘര്ഷങ്ങളുമായി കുറേപ്പേർ ഉദയം കൊണ്ടിരിക്കുന്നു. ഉന്മൂല നാശം ഇതിന്റെ പ്രത്യാഘാതം മാത്രമായിരിക്കും .....