തേക്ക് എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അധികം വര്‍ഷങ്ങള്‍ പഴക്കമില്ലാത്ത തട്ടിപ്പ് കഥയാണ് .എന്നാല്‍ ആ തേക്കിന്റെ ചരിത്രം തേടിയൊരു യാത്രയായാലോ ? അതും നമ്മുടെ കൊച്ചു കേരളത്തിലെ നിലംബൂര്‍ എന്ന മനോഹരമായ , പച്ച പുതച്ചു നില്‍ക്കുന്ന കാടുകള്‍ക്കിടയില്‍ .....അതോടൊപ്പം ഒരു മനോഹരമായ വെള്ളച്ചാട്ടവും....
യാദൃച്ഛികമായി ആ യാത്ര ഒത്തു വന്നു . സുഹൃത്തിന്റെ കല്യാണത്തിനു പോകണം ,അപ്പൊ തന്നെ മനസ്സില്‍ പ്ലാന്‍ ചെയ്തു .ഇത്തവണ ഒരു വെടിക്ക് രണ്ടു പക്ഷി തന്നെ ആയിക്കോട്ടെ, വിചാരിച്ചുറപ്പിച്ച പോലെ തന്നെ ആ ശുഭ ദിനം വന്നെത്തി.
അനന്തപുരിയില്‍ നിന്ന് പുറപ്പെട്ട നിലംബൂര്‍ രാജ്യറാണി എക്സ്പ്രസ്സില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് കയറി. അവിടുന്നങ്ങോട്ട് കോട്ടയം വഴി ഷോര്‍ണൂര്‍ . പിന്നെ ചെറുകരയും അങ്ങാടിപ്പുറവും പിന്നിട്ട് നിലംബൂര്‍ റോഡ് സ്റ്റേഷനില്‍ വണ്ടിയുടെ യാത്ര അവസാനിപ്പിച്ചു. പിന്നെ കല്യാണ വീട്ടിലേക്കുള്ള പ്രയാണമായിരുന്നു. മലപ്പുറം കല്യാണവും,കല്യാണ വീട്ടിലെ ഹൃദ്യമായ സ്വീകരണവും, സൊയമ്പന്‍ ബിരിയാണിയും കഴിച്ച ശേഷം ഉടനെ തന്നെ യാത്ര പുറപ്പെട്ടു. നേരം മദ്യാന്ഹം , മെയിന്‍ റോഡില്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് , ആഢ്യൻ പാറ വെള്ളച്ചാട്ടം എന്ന ബോര്‍ഡ് ആണ്. വണ്ടി ഉടനെ ആ വഴിയിലൂടെ മുന്നോട്ട് നീങ്ങി. നിലമ്പൂര്‍ താലൂക്കിലെ കുറുമ്പിലങ്ങോട് എന്ന പ്രദേശത്താണ് ആഢ്യൻപാറ വെള്ളച്ചാട്ടം. അല്പ ദൂരം കഴിഞ്ഞപ്പോഴേക്കും വളവു തിരിവുകളുടെ എണ്ണം കൂടി വരികയും അത് ഒരു കുന്നിനു മുകളിലേക്കുള്ള റോഡ് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഒടുവില്‍ ഞങ്ങള്‍ എത്തി. സഞ്ചാരികളെ കാത്തു കിടക്കുന്ന ഒന്നോ രണ്ടോ കടകള്‍ അവിടെയും ദൃശ്യമായിരുന്നു. മലപ്പുറത്തിനും കോഴിക്കോടിനും ഇടയ്കുള്ള മലനിരകളില്‍ നിന്ന് ഒഴുകി ഇറങ്ങുന്ന കാഞ്ഞിരപ്പുഴയാണ് ഈ വെള്ളച്ചാട്ടമായി രൂപാന്തരം പ്രാപിക്കുന്നത്. ഓഫ് സീസണ്‍ ആയതിനാല്‍ സഞ്ചാരികളുടെ എണ്ണം തുലോം കുറവായിരുന്നു.
ആഢ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയന മനോഹരവുമായ കാടിനാൽ സമ്പന്നവും, ട്രെക്കിങ്ങിനും അതുപോലെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിടമായി ചുരുങ്ങിയ കാലം കൊണ്ട് പേര് കേട്ട പ്രദേശവും കൂടിയാണ്. മാത്രമല്ല ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ആ വന പ്രദേശം എന്നും കൂടി അറിയാന്‍ കഴിഞ്ഞു. ആഢ്യൻ പാറയിലേക്കുള്ള എന്റെ യാത്ര മഴക്കാലത്തിനു മുമ്പേ ആയിരുന്നതിനാൽ എനിക്കുറപ്പായിരുന്നു , എന്നെ സ്വീകരിക്കാനും കുളിരേകാനും വശ്യ മനോഹരമായ വെള്ളച്ചാട്ടത്തിനു കഴിയില്ലല്ലോ എന്ന് , എങ്കിലും , മനസ്സിലെ പ്രതീക്ഷകളെ തള്ളി കളയാൻ തോന്നിയില്ല .ടൂറിസത്തിനു പ്രാധാന്യം നൽകിക്കൊണ്ട് ആ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അവിടെ എത്തിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ആഢ്യൻ പാറ എന്ന മനോഹരമായ വെള്ളച്ചാട്ടവും കെട്ടു പിണഞ്ഞു കിടക്കുന്ന കാട്ടു വള്ളികളും ആനക്കൂട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന കറുകറുത്ത വലിയ പാറക്കെട്ടുകളും തിങ്ങി നിറഞ്ഞ ആ പ്രദേശം , നമുക്ക് തരുന്നത് ഒരു വ്യത്യസ്ഥ അനുഭവമായിരിക്കും. വെള്ളം കുറവായതിനാൽ പാറക്കെട്ടുകളിൽ കാൽ തെന്നാതെ ഒന്നൊന്നായി ചാടി കടക്കാൻ നമുക്ക് പറ്റും .ഇടവിട്ട സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ട് , പക്ഷെ അവിടം ആഴം കൂടുതലാണ് , "ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം , ഇപ്പൊ രണ്ടു പേരെ വലിച്ചു കരയിലേക്ക് കയറ്റിയതേ ഉള്ളൂ , ചാൻസ് എടുക്കരുത് ",അവിടുത്തെ സുരക്ഷാ ഗാർഡ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു , പാറക്കെട്ടുകൾ ചാടി കടന്ന് , കാടിന്റെ വശ്യതയിലേക്കു കുറച്ചു നേരത്തേക്ക് ഊളിയിട്ടു , ഏറ്റവും താഴെ തട്ടിലെത്തി , അപ്പോഴാണ് ഒന്നോ രണ്ടോ ഗ്രാമീണരെ കാണാൻ ഇടയായത് , അവിടെ എന്തോ പന്തികേടിന്റെ ഒരു തോന്നൽ , കാട്ടാനകൾ വെള്ളം കുടിക്കാൻ അല്പം മുമ്പ് വന്നിരുന്നു എന്ന കാര്യം ഉൾക്കിടിലത്തോടെ കേട്ടു , അതോടൊപ്പം എന്തോ നഷ്ട ബോധവും ; ഒന്ന് കാണാൻ പറ്റിയില്ലല്ലോ , ആ ഉയർന്ന മസ്തകവും , ഗംഭീര്യത്തിന്റെ തലക്കനവും ; ഇടയ്ക്കൊന്നു മാറി ചിന്തിച്ചു , അഥവാ അൽപ്പം മുമ്പ് മുന്നിൽ വന്നു പെട്ടിരുന്നെങ്കിൽ ഒരു പക്ഷെ .......ഉടനെ ഒരു പഴയ ഓർമ്മ മനസ്സിൽ തികട്ടി വന്നു ,ഒരിക്കൽ മുത്തങ്ങ വഴി നാട്ടിലേക്കുള്ള യാത്രയിലായിരുന്നു , പെട്ടന്ന് എതിരെ വരുന്ന വണ്ടിക്കാർ കൈ കാണിച്ചു ,നിർത്താൻ പറഞ്ഞു , അൽപ്പം
അകലെ ആനക്കൂട്ടങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽപ്പുണ്ട് , ,കുറച്ചു കഴിഞ്ഞു പോയാൽ മതിയെന്ന് , ആയിക്കോട്ടെ എന്ന് ഞാനും , അപ്പോഴേക്കും എന്റെ വാഹനത്തിനു പിറകിൽ നിരനിരയായി മറ്റു വണ്ടികൾ എത്തിത്തുടങ്ങി . ഏതാണ്ട് അമ്പതു മീറ്റർ അകലെ ആനക്കൂട്ടം നമുക്ക് ദൃശ്യമായി. , ആദ്യം കൊമ്പൻ റോഡിൽ ഇറങ്ങി , ഇരു വശവും നോക്കി , പിന്നെ പിടിയാന റോഡ് ക്രോസ്സ് ചെയ്തു , പിറകെ കുട്ടിയാനകൾ , പിന്നേം ഒരു പിടിയാന , ഒടുവിൽ എല്ലാവരും കടന്നു എന്ന് ഉറപ്പായ കൊമ്പൻ വീണ്ടും ഇരു വശത്തേക്കും നോക്കി ,അപ്പോള്‍ ഏതോ ഇരു ചക്ര വാഹനക്കാരൻ മുന്നോട്ട് പോകാന്‍ ധൃതി കാണിച്ചു , ഞാനും അൽപ്പം മുന്നോട്ടു വാഹനം എടുത്തു , പക്ഷെ ഭയാനകമായ ഒരു ദൃശ്യമാണ് എനിക്ക് പിന്നെ കാണാൻ കഴിഞ്ഞത് , മസ്തകം കുലുക്കി ആ കൊമ്പൻ നമ്മുടെ ഭാഗത്തേക്ക് വരുകയാണ് , ഒരു നിമിഷനേരത്തേക്കു കണ്ണിൽ ആ ദൃശ്യം ഉടക്കി ... എന്തോ , റിവേഴ്സ് ഗിയർ കയ്യിൽ തടഞ്ഞു , വണ്ടി മോശമല്ലാത്ത സ്പീഡിൽ പുറകോട്ടെടുക്കുകയായിരുന്നു.മകനും ഭാര്യയും ഒച്ചവെക്കുന്നുണ്ടായിരുന്നു.ഏകദേശം പത്തു പതിനഞ്ചു മീറ്ററോളം പുറകിലോട്ടു വന്നെന്നു തോന്നുന്നു. പുറകിലുണ്ടായിരുന്നത് പച്ചക്കറി കയറ്റിയ ഒരു മിനി ലോറി ആയിരുന്നു , അവർ സ്ഥിരം യാത്രക്കാർ ആയതിനാൽ അവിടുത്തെ പൾസ് അറിയാമായിരുന്നു , പിന്നീടാണ് അവർ പറഞ്ഞത്,നിങ്ങൾ വണ്ടി മുന്നോട്ട് എടുക്കാൻ ധൃതി കാണിക്കരുതായിരുന്നു, ആനക്കൂട്ടം മൊത്തമായി ക്രോസ്സ് ചെയ്തതിനു ശേഷം മാത്രമാണ് എടുക്കേണ്ടത് ,അല്ലെങ്കില്‍ അക്രമ സ്വഭാവം കാണിക്കാറുണ്ട് എന്ന്. അപ്പോഴേക്കും ആ കൊമ്പന്‍ റോഡില്‍ നിന്നറങ്ങിയത് ശ്രദ്ധയില്‍ പെട്ടു. ആനയെ കണ്ട “സന്തോഷമെല്ലാം” നിമിഷങ്ങൾക്കകം “ആവിയായി”പ്പോയ ആ ദിവസത്തെ ഞങ്ങൾ ഇന്നും ഭീതിയോടെ ഓര്‍ക്കാറുണ്ട്.
കോടമഞ്ഞും , കാട്ടാനയും ഒരു പോലെയാണ് .ഏതു നിമിഷവും എവിടെയും പ്രത്യക്ഷപ്പെടാം , വഴി മുടക്കാം . പക്ഷെ ഇനി ഈ സമയത്ത് അത് ഉണ്ടാവില്ല എന്ന തോന്നല്‍. കുറച്ചു ഫ്രീക്കന്മാര്‍ പാറയിടുക്കില്‍ കെട്ടിനിന്ന വെള്ളത്തിലേക്ക് കുളിക്കാനിറങ്ങി . ഉച്ച നേരത്ത് കാട്ടിനകത്തു നിന്ന് വീശിയടിച്ച കാറ്റിന് എന്തൊക്കെയോ പ്രത്യേകത ഉണ്ടെന്നു തോന്നി , അത്രയ്ക് ഉന്മേഷം തരുന്നുണ്ടായിരുന്നു. അതിനാല്‍ ക്ഷീണം തോന്നിയതേയില്ല. സമയം കുറവായിരുന്നു , എങ്കിലും പാറക്കെട്ടുകള്‍ വഴി മുകളിലേക്ക് വന്ന് ,കാനന ഭംഗി ഒരിക്കല്‍ കൂടി കണ്‍ കുളിര്‍ക്കെ കണ്ട് , തേക്ക് മ്യുസിയത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.. ആഢ്യന്‍ ; പേര് പോലെ തന്നെ നമുക്ക് അതിനെ ദര്‍ശിക്കാം, ആഢ്യതയോടെ...
അല്പ നേരം വീണ്ടും യാത്ര ....
നിലമ്പൂര്‍ നഗര ഹൃദയത്തില്‍ നിന്ന് കേവലം നാലു കിലോമീറ്റര്‍ അകലെ , ഗൂഡല്ലൂര്‍ റോഡിലാണ് പ്രശസ്തമായ തേക്ക് മ്യുസിയം അഥവാ കാഴ്ച ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് . റോഡരികില്‍ തന്റെ പ്രൌഡി പാടെ മറന്നെന്ന മട്ടില്‍ യാതൊരു തലക്കനവും ഇല്ലാതെ നമ്മളെ കാത്തു നില്‍ക്കുന്നത് തന്നെ ഒരു വിസ്മയമായി കരുതാം .
ലോകത്തിലെ ആദ്യത്തെ തേക്ക് മ്യുസിയം എന്ന ഖ്യാതിയും കേരള ഫോറെസ്റ്റ് റിസേര്‍ച് ഇന്സ്ടിട്യുടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ കാഴ്ച ബംഗ്ലാവിനു ഉണ്ട് എന്ന് നമ്മളില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ് .തേക്കിനെ കുറിച്ചുള്ള വിപുലമായ ചരിത്രം ശാസ്ത്രീയതയോടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കാനായി ഒരുക്കിയതാണ് ഈ മ്യുസിയം. കൊല്ലവര്‍ഷം 1995 ലാണ് തേക്ക് മ്യുസിയം സ്ഥാപിതമായത്, നിലംബൂര്‍ തേക്കിന്റെ ചരിത്ര പരമായ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയാണ് അവിടെ ഒരു മ്യുസിയം സ്ഥാപിക്കാന്‍ തയ്യാറായത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബ്രിട്ടീഷ് രാജ വംശക്കാലത്ത് 1840 കാലയളവില്‍ ആണ് ലോകത്തിലെ ആദ്യത്തെ തേക്കിന്‍ തോട്ടം സ്ഥാപിതമായത് .ഉഷ്ണ മേഘല കാടുകളില്‍ കാണപ്പെടുന്ന, മരങ്ങളിലെ രാജാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
തേക്ക് കുടുംബം :
ടീക്ക് എന്ന ആംഗലേയ നാമത്തിന്റെ ഉത്ഭവം തേക്ക് എന്ന ദക്ഷിണേന്ത്യന്‍ പദത്തില്‍ നിന്നാണ്. ടെക്ടോണ എന്ന ജനുസ്സിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആശാരി എന്ന അര്‍ഥം വരുന്ന ടെക്ട്ടന്‍ എന്ന വാക്കില്‍ നിന്നാണ് ഈ ജനിതക നാമത്തിന്റെ ഉത്ഭവം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന തേക്ക് കൂടാതെ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന ടെക്ടോണ ഹാമില്‍ടോണിയാന,ടെക്ടോണ ഫിലിപ്പിനെന്‍സിസ് എന്നിവയാണ് തേക്ക് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.
തേക്കിനും നിലംബൂരിനും ചരിത്രത്തില്‍ സ്ഥാനം നേടി കൊടുത്തത് ശ്രീ എച് വി കനോലിയാണ്. 1842 ലെ മലബാര്‍ കളക്ടര്‍ ആയിരുന്നു അദ്ദേഹം. ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേക്കിന്‍ കാടുകള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായതാണ്.
അഞ്ചു വര്‍ഷം പ്രായം ആകുമ്പോഴാണ് തേക്ക് പുഷ്പിക്കാന്‍ തുടങ്ങുന്നത്. വര്‍ഷകാല ആരംഭത്തോടെയാണ് തേക്ക് പൂവണിയുക. പൂവുകള്‍ കൊഴിഞ്ഞു കായ് ആകുവാന്‍ വേണ്ട സമയം ഏകദേശം അഞ്ചു മാസം ആണ്. നവംബര്‍-ജനുവരി മാസങ്ങളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വിത്തുകളും ലഭ്യമാകും.
പണം കായ്ക്കുന്ന മരം എന്നതിലുപരി തേക്കിന്റെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിസ്തുലമാണ്.വിവിധ മൂല്യങ്ങളാല്‍ സമ്പുഷ്ടമായ, മേല്‍ മണ്ണിനെ പിടിച്ചു നിര്‍ത്താനുള്ള മൂലവ്യൂഹമാണ് തേക്കിന് ഉള്ളത്. വേനല്‍ക്കാലത്ത് പൊഴിക്കുന്ന ഇലകള്‍ മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ഏകദേശം മുന്നൂറോളം ഷഡ്പദങ്ങള്‍ തേക്കിനെ ആശ്രയിക്കുന്നതായാണ് കരുതപ്പെടുന്നത്. അതുപോലെ സോഡിയം , കാല്‍സിയം എന്നിവ കൊണ്ട് സമ്പുഷ്ടമായ തേക്കിന്റെ തൊലി, ആനകള്‍ക്ക് വളരെയധികം പഥ്യമാണ് എന്നത് മറ്റൊരു വസ്തുത. പരാദ സസ്യങ്ങള്‍ക്ക് വളരാന്‍ സ്ഥലവും സംരക്ഷണവും നല്‍കി പോകുന്നത് തേക്കിന്റെ പാരിസ്ഥിതിക ധര്‍മ്മമായി കരുതുന്നു.
അതിവിനയത്തോടെ, അതിലേറെ തന്മയത്വത്തോടെ ഋതുഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ മഹാവൃക്ഷം , വേനലില്‍ ഇലപൊഴിച്ചു നീലാകാശ ത്തേക്ക് പടര്‍ന്നു നില്‍ക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. അതോടൊപ്പം മഴയുടെ വരവോടെ , സര്‍വാഭരണ വിഭൂഷിതയായി തളിരിലയോടെ കുണുങ്ങി നില്‍ക്കുന്ന കാഴ്ചയും നയനാനന്ദകരമാണ്.
തേക്കിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മിക്കേണ്ടുന്ന ഒരു പ്രധാന കാര്യമാണ് കന്നിമാര തേക്കിന്റെ വിശേഷം.തേക്ക് രാജാവ് എന്നറിയപ്പെടുന്ന ഈ തേക്ക് മരം പാലക്കാട് ജില്ലയിലെ ,പറമ്പിക്കുളം ഡിവിഷനില്‍ തൂണക്കടവ് റേഞ്ചില്‍ നിലകൊള്ളുന്നു.അഞ്ഞൂറ് വയസ്സിലധികം പ്രായമുള്ള ഈ തേക്കിന് 39.98 മീറ്റര്‍ നീളവും നെഞ്ചളവിന്‍ ചുറ്റളവ് 7.02 മീറ്ററും ആണ്. ഈ മരത്തിനു ഭാരത സര്‍ക്കാരിന്റെ മഹാ വൃക്ഷ പുരസ്‌കാരം കിട്ടിയിട്ടുണ്ട്.
1994-ല്‍ കോട്ടയം വനം ഡിവിഷന്റെ കീഴിലുള്ള നഗരംപാറ റേഞ്ചിലെ കടുവാക്കുഴി എന്ന സ്ഥലത്തു നിന്ന് മുറിച്ചു നീക്കിയ ഒരു വലിയ തേക്ക് മരത്തിന്‍റെ വേര് ഈ കാഴ്ച ബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം. അതിന്റെ നീളം 20.04 മീറ്റര്‍ ആയിരുന്നു. 1995 ല്‍ പൊതു ലേലത്തില്‍ വില്‍പ്പന നടന്നപ്പോള്‍ , കുബിക് മീറ്ററിനു 70,500 /- നിരക്കില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു . കൂടാതെ മറ്റെവിടെയും ദര്‍ശിക്കാത്ത ഒരു സവിശേഷതയായി പറയാവുന്നത് , കാര്‍ഷിക വന വിഭവങ്ങളുടെ കീടങ്ങളായ നിശാ ശലഭത്തിനെ കുറിച്ചുള്ള അറിവാണ്.തേക്ക് തോട്ടങ്ങളില്‍ വ്യാപകമായി കണ്ടു വരുന്ന ഇത്തരം ഷഡ്പദങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. വിസ്മയ പ്രധാനവും വിജ്ഞാന സമ്പുഷ്ടവും ആയ തേക്ക് മ്യുസിയത്തിലെ കാഴ്ചകള്‍ക്ക് ശേഷം , അവിടെ തന്നെയുള്ള ജൈവ ഉദ്യാനത്തിലേക്ക് പതുക്കെ നടന്നു. നമ്മളെല്ലാം ജൈവ വൈവിധ്യത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആ ജൈവ വൈവിധ്യത്തിന്റെ മനോഹരമായ പ്രധിനിധികളായ സസ്യജാലങ്ങളെ അവിടെ ഒരുക്കി നിര്‍ത്തിയിരിക്കുന്നു. അതോടൊപ്പം അതിന്റെ പ്രാധാന്യം ജനമനസ്സിലേക്ക് എത്തിക്കുക എന്ന കടമയും ഈ ഉദ്യാനം ഏറ്റെടുത്തിരിക്കുന്നു. കൊല്ലവര്‍ഷം 2030 ആകുമ്പോഴേക്കും ജൈവ വൈവിധ്യം മൂന്നില്‍ ഒന്നായി കുറയുമെന്നാണ് പ്രവചനം. മിക്ക സസ്യജാലങ്ങളും വംശനാശ ഭീഷണി പ്രത്യക്ഷമായും പരോക്ഷമായും നേരിട്ട് കൊണ്ടിരിക്കയാണ്. അത്തരം സസ്യങ്ങളുടെ അതി ജീവനം ഈ ജൈവ ഉദ്യാനം ഉറപ്പ് വരുത്തുന്നു. ഓര്‍ക്കിഡുകള്‍ , പന്നലുകള്‍ ,ജല സസ്യങ്ങള്‍ ,കള്ളി ചെടികള്‍ ,ഔഷധ സസ്യങ്ങള്‍ എനിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവയെ ഇവിടെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത് നമുക്ക് കാണാം. 120 കുടുംബങ്ങളില്‍ പെട്ട 1000 ഓളം സസ്യങ്ങള്‍ വിവിധ കളങ്ങളിലായി നട്ട് പിടിപ്പിച്ചിരിക്കുന്നു. കണ്ണിനും മനസ്സിനും കുളിര്‍മ്മയേകിയ നേരം , വിവധ സസ്യ ജാലങ്ങളെ ഒരുമിച്ചു കണ്ട ഉന്മേഷം, അതോടൊപ്പം ഒരു പാട് അറിവുകളും. സമയക്കുറവിനാല്‍ അല്പം ധൃതി പിടിക്കേണ്ടി വന്നു .........യാത്രകള്‍ ഒരിക്കലും അവസാനിക്കരുത് ......
വാചാലമായ ചിത്രങ്ങളുടെ സഹായത്താൽ നല്ലൊരു വിവരണം.
ReplyDeleteതേക്കിനേക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത കുറച്ച് വിവരണങ്ങളും!!!
Thank u so much for your comments
ReplyDelete