കൊച്ചു വെളുപ്പാൻ കാലത്തു മിക്കവരും പുതച്ചു മൂടി, അലസതയോടെ ഞായറിനെ വരവേല്ക്കുമ്പോൾ ഇവിടെ ഒരു കൂട്ടം സഞ്ചാരികൾ നിറഞ്ഞ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ( കാരണം ബാക്കി ദിവസങ്ങളിൽ നമ്മൾ സാധാരണ മനുഷ്യരെപ്പോലെ അലസരും എന്നാൽ യാത്ര എന്ന് കേൾക്കുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്നവീരന്മാരുംആണെന്നാണല്ലോവെപ്പ്). തയ്യറെടുപ്പുകൾ ശരിക്കും സാഹസം നിറയുന്ന സമയം തീർച്ചയായും ഉണ്ടാകാറുണ്ട്. ആരങ്കിലുംവിളിച്ചുണർത്തിയാൽ അവരെ രണ്ടു വാക്കും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന പ്രകൃതം ഉള്ളിലൊതുക്കിക്കൊണ്ടു, ഇന്നേ ദിവസം എല്ലാ ടിയാൻമാരും യുദ്ധ സമാന രീതിയിൽ , രാഷ്ട്ര ഭാഷയിൽ പറഞ്ഞാൽ " ബഹുത്ത് ജൽദി തയ്യാർ ഹോത്താ ഹേ " ....
യുദ്ധം ; ടൂത്ത് ബ്രഷ് , സോപ്പ് , വെള്ളം എന്നിവയോടാണല്ലോ. അങ്ങിനെ പറഞ്ഞ സമയം പാലിക്കാൻ സ്വയം നിർബന്ധിതമാകുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ മാത്രമേ ഒരുവൻ സഞ്ചാരി ആകൂ.
തയ്യറെടുപ്പിനൊടുവിൽ , പറഞ്ഞ സമയത്തിനു തന്നെ എത്താൻ വെപ്രാളപ്പെടുന്ന അവസ്ഥ; അത് വേറൊരു ലെവലാണ്.....
ടൈറ്റിൽ ഹെഡിങ് പോലെ " തിരുവിതാംകൂറിന്റെ രാജ സംസ്കാരം തേടി തമിഴ് മണ്ണിലേക്ക് " പോകുമ്പോൾ ആ ഒരു സെറ്റ് അപ്പ് ഒക്കെ വേണ്ടേ? വേണം ..അതല്ലേ അതിന്റെ ഒരു ഇത് .....
അങ്ങിനെ എല്ലാ കൊച്ചു രാജാക്കന്മാരും പല പല നാട്ടു വഴികളിലൂടെ സ്വന്തം പടക്കുതിരയെ നയിച്ചും , മറ്റു ചിലർ രാജാക്കന്മാരുടെ പുറകിൽ മന്ത്രിമാരായും പലായനം ചെയ്ത് മുൻകൂട്ടി നിശ്ചയിച്ച ഗോദയിലേക്കു വാളും പരിചയുമായി എത്തിച്ചേർന്നു. അതിരാവിലെ ചിലയിടങ്ങളിൽ പെയ്തിറങ്ങിയ തണുത്ത മഴ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.പക്ഷെ മഴ ഒരു ശകുനമായി തോന്നിയതേയില്ല .
(സഞ്ചാര വഴി -- കരുനാഗപ്പള്ളി -കൊല്ലം-കടപ്പാക്കട-ആറ്റിങ്ങൽ -വെഞ്ഞാറമൂട് -വെമ്പായം-ആര്യനാട് -കോട്ടൂർ -നെയ്യാർ ഡാം -തൃപ്പരപ്പ് - പദ്മനാഭപുരം കൊട്ടാരം -നെയ്യാറ്റിൻകര- എയർപോർട്ട് റോഡ് - കഴക്കൂട്ടം -കൊല്ലം )
പടയോട്ടത്തിന്റെ ആദ്യ മണിക്കൂറിൽ അമൃതേത്തും കഴിഞ്ഞു കുതിച്ചു പാഞ്ഞ ഞങ്ങൾ എത്തിച്ചേർന്നത്
കാപ്പുക്കാടിനടുത്തുള്ള കോട്ടൂർ എന്ന സ്ഥലത്താണ് . വന്യ ജീവി സംരക്ഷണത്തിന്റെ ഭാഗമായുള്ള പുനരധിവാസ കേന്ദ്രം. അതും ഗജവീരന്മാരുടെ ; തലയെടുപ്പുള്ള കരി വീരന്മാരുടെ പുനരധിവാസ കേന്ദ്രം.... അല്ലേലും ആനയും അമ്പാരിയുംരാജകുമാരന്മാർക്ക്പുത്തരിയല്ലല്ലോ. പടയോട്ടത്തിൽ തളർന്നുവീഴാതിരിക്കാൻ ആനയും അമ്പാരിയും മാത്രമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നാട്ടു രാജാക്കന്മാരുടെ നിരവധി പോരാട്ടങ്ങൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിരുന്ന ഓർമ്മകൾ നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി എന്ന് വേണമെങ്കിൽ ഭംഗ്യന്തരേണ പറയാം. ആ ആനക്കൊട്ടിലിൽ നമ്മെ എതിരേറ്റ കാഴച്ചകളിൽ ആദ്യത്തേത് കരിവീരന്മാരുടെ ആഡംബര പൂർണ്ണമായ കുളിയായിരുന്നു.
നമുക്ക് പുത്തനാണെങ്കിലും ഈ നീരാട്ടും മറ്റും അവിടുത്തെ സ്ഥിരം കാഴ്ചയാണ്. അതി രാവിലെ തന്നെയുള്ള ഗജ നീരാട്ടിനു ശേഷം അവരെ ഊട്ടുന്നതും ( "ആനയൂട്ടു") നമുക്ക് ദർശിക്കാം . ചോറും ശർക്കരയും, പിന്നെ മഞ്ഞൾ ചേർത്ത ആഹാരവും അവരുടെ മെനുവിൽ ഉൾപ്പെടുത്തി ഉഷാറാക്കാൻ അവിടുത്തെ നല്ലൊരു ടീം കഠിനമായി തന്നെ അധ്വാനിക്കുന്നുണ്ട് . ഒരു തരത്തിൽ പറഞ്ഞാൽ ആനകളെ സംബന്ധിച്ചിടത്തോളം 56 ഏക്കർ നിറഞ്ഞു കിടക്കുന്ന വന പ്രദേശം ഒരു ഓർഫനേജ് അല്ലെങ്കിൽ ഒരു റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതാണ്. മുപ്പതോളം ആനകളെ ഒരേ സമയം പരിപാലിക്കാനും കൊണ്ടു നടക്കാനുമുള്ള സൗകര്യം അവിടെ ഉണ്ട് എന്നുള്ളത് തന്നെ വളരെ വലിയ കാര്യമാണ്. മറ്റു വന്യജീവികളിൽ നിന്ന് സംരക്ഷിക്കാൻ പാകത്തിൽ അവിടെ കിടങ്ങുകളും തീർത്തിട്ടുണ്ട്. കൂട്ടത്തിൽ ചിലർക്കൊക്കെ ആനപ്പുറത്തു കയറി മേഞ്ഞു നടക്കാൻ മോഹം ഇല്ലാതിരുന്നില്ല .
കാടിനകത്തെ തടാകത്തിൽ ബോട്ടിങ്ങിനും മറ്റും സൗകര്യം ഉണ്ട് . സഞ്ചാരികൾക്കു വേണമെങ്കിൽ താമസിക്കാനും വന ജീവിതം ആസ്വദിക്കാനുമുള്ള കോട്ടേജുകളും മറ്റും അവിടെ തന്നെ ഒരുക്കിയിട്ടുണ്ട്.
നഗര മാലിന്യങ്ങളും വിഷമയങ്ങളും ഇല്ലാത്ത അവിടുത്തെ തടാകം കാനന ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട് എന്നു പറയാതിരിക്കാൻ വയ്യ. നല്ലൊരു തടാകം അല്ലെങ്കിൽ തെളിനീരൊഴുകുന്ന പുഴ കാണാൻ കാടു കയറി പോകേണ്ട അവസ്ഥയിലേക്ക് കാലം മുന്നേറി. ഇത്തരം കാഴ്ചകൾ ഒക്കെ തന്നെ ഒരു വേള നമ്മെ ചിന്തിപ്പിക്കും .അതു തീർച്ചയാണ്..
കാടിന്റെയും ഗജവീരന്മാരുടെയും കുട്ടിയാനകളുടെയും കാഴ്ചകൾക് ശേഷം നമ്മൾ നെയ്യാർ ഡാമിനെ ലക്ഷ്യമാക്കി പടയോട്ടം തുടർന്നു. കുറച്ചു നേരത്തെ ഡ്രൈവിനു ശേഷം ഡാമിന്റെ മടിതട്ടിലേക്കു നമ്മൾ എത്തിച്ചേർന്നു . ചൂടിന്റെ കാഠിന്യം ഏറി വരുന്നുണ്ടായിരുന്നു .
പശ്ചിമഘട്ട മലനിരകൾക്കു കീഴെ , ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിൽ 1956 ൽ സ്ഥാപിതമായ ഈ ഡാമിന് 56 മീറ്റർ ഉയരവും 294 മീറ്റർ നീളവും ഉണ്ട്. 10,60,000000 M3 വെള്ളം സ്റ്റോർ ചെയ്യാനുളള കപ്പാസിറ്റി ഉണ്ട്.
ഡാമിന് തൊട്ടടുത്ത് തന്നെ ചെറിയൊരു മരത്തണലിൽ അല്പ നേരം ഇരിക്കാനുള്ള സ്ഥലം നമ്മൾ കണ്ടെത്തി. സഞ്ചാരികൾ പരസ്പരം പരിചയപ്പെട്ടും വിശേഷങ്ങൾ പങ്കു വച്ചും (തള്ളൽ/കത്തി/സുവിശേഷം/ബോറടിപ്പിക്കൽ ) കുറച്ചു നേരം സൊറ പറഞ്ഞും ഇരുന്നു. സമയം അധികം നഷ്ടപ്പെടുത്താൻ ഇല്ലാത്തതിനാൽ ചൂടേറി വന്ന ആ അന്തരീക്ഷത്തിൽ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു നമ്മൾ നെയ്യാർ വന്യ ജീവി സങ്കേതത്തിന്റെ ഹൃദയം തേടി മുകൾ ഭാഗത്തേക്ക് പടക്കുതിരയുമായി കുതിച്ചു. സഞ്ചാരികളെ കാത്തു കിടക്കുന്ന ബോട്ടുകളേയും ജീവനക്കാരേയും നമുക്കവിടെ കാണാം. ഒരുഭാഗത്ത് കുന്നിൻ മുകളിൽ കുറച്ചു മുതലകളെയും പിന്നെ അലസനായി കൂട്ടിൽ കിടക്കുന്ന ഒരു പെരുമ്പാമ്പിനെയും കണ്ടു. അതേ കൂട്ടിൽ തന്നെ ഒരു വലിയ കോഴിയെയും കണ്ട നമ്മൾ സംശയ നിവൃത്തി വരുത്തി. അപ്പോഴാണ് ആ കോഴി പെരുമ്പാമ്പിന്റെ ഇരയാണെന്നു മനസ്സിലായത്. രണ്ടാഴ്ചയിൽ കൂടുതലായി ആ പാമ്പ് ഭക്ഷണം കഴിച്ചിട്ട്.അപ്പോൾ ആ പാമ്പിന്റെ അടുത്ത ഇരയാണ് നമ്മൾ കണ്ട കോഴി.പക്ഷെ കോഴി അതിരറ്റ
സന്തോഷത്തിലും .കാരണം അതിനാറിയില്ലല്ലോ ഇനി ഇരയാവാൻ പോകുന്നത് താനാണെന്ന്.കണ്ടപ്പോൾ ചെറിയ വിഷമം തോന്നാതിരുന്നില്ല. കഥയല്ല അവയുടെ ജീവിതം.
തിരിച്ചിറങ്ങിയ നമ്മൾ ഊരിപ്പിടിച്ച വാൾ ഉറയിലേക്ക് തിരുകി വീണ്ടും ഓട്ടം തുടർന്നു. വിശപ്പിന്റെ വിളി കഠിനം എന്നു പറയാൻ പറ്റില്ല.എങ്കിലും സമയം മധ്യാഹ്നം .അപ്പൊ എന്തെങ്കിലും കഴിച്ചില്ലേൽ യാത്രയ്ക്ക് ഭംഗം വരും. സ്ഥലം - വെള്ളറട , അവിടെ ഒരു നാടൻ ഊണ് തരമായി.ഏകദേശം അരമണിക്കൂറിന് ശേഷം അവിടെ നിന്നും നമ്മൾ പദ്മനാഭ പുരം കൊട്ടാരം ലക്ഷ്യമാക്കി യാത്ര തുടർന്നു..കിലോമീറ്ററുകൾ താണ്ടിയപ്പോൾ പാണ്ടി രാജ്യത്തിന്റെ അതിരുകൾ ദൃശ്യമായി തുടങ്ങി.മനസ്സിൽ പണ്ട് വായിച്ചിരുന്നു വീര സ്മരണകൾ ഓരോന്നായി തികട്ടി വരാൻ തുടങ്ങി. അങ്ങിനെ നീണ്ട യാത്രക്കൊടുവിൽ കുലശേഖരം , കുമാര പുരം ,പിന്നെ മാർത്താണ്ഡം എന്നീ സ്ഥലങ്ങൾ പിന്നിട്ട ഞങ്ങൾ പ്രധാന റോഡിൽ നിന്ന് അല്പം അകത്തോട്ട് തിരിഞ്ഞു..അതേ അവിടെ കൊട്ടാരം ദൃശ്യമായിത്തുടങ്ങി.നമ്മുടെ മുന്നിൽ സമയം കുറവാണ് .എത്രയും പെട്ടന്നു തുറന്നു കിടക്കുന്ന കൊട്ടാര വാതിൽ കയറണം.എല്ലാവരും കുതിരകളെ (അതെ, സഞ്ചാരികളുടെ ഇരുചക്ര വാഹനത്തിനു ഇതിലും നല്ല പേരില്ല ) അല്പനേരത്തേക്ക് മേയാൻ വിട്ടു.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടു നടപ്പ് പാലിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.കൊട്ടാരം കാവൽക്കാരിൽ ഒരാൾ ടിക്കറ്റ് കൗണ്ടർ എവിടെയെന്ന് ചൂണ്ടിക്കാട്ടി. ( " എന്ത് ? നമുക്ക് ടിക്കേറ്റോ " എന്ന ചോദ്യം രാജകുമാരൻമാരുടെയും മന്ത്രി പുംഗവരുടെയും ചിന്തയിൽ ഉദിച്ചെങ്കിലും പുറത്തു കാണിക്കാതെ നമ്മൾ ക്ഷമ പാലിച്ചു ) . അങ്ങിനെ കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് ഓരോരുത്തരായി രംഗപ്രവേശം നടത്തി.പൂമുഖത്തു തന്നെ നമ്മെ വരവേറ്റു കൊണ്ടു ഗൈഡ് നിൽപ്പുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു അഭിസംബോധന ചെയ്തു കൊണ്ട് ഒരു ചെറിയ വിവരണമാണ് അവർ കൊട്ടാരത്തെ കുറിച്ചു പറഞ്ഞു തന്നത്.
കൊല്ലവർഷം 1601 ൽ ഇരവി വർമ്മ കുലശേഖര പെരുമാളിന്റെ മേൽനോട്ടത്തിൽ നിർമിതമായതാണ് ഈ കൊട്ടാരം എന്നു ചരിത്രം പറയുന്നു . അദ്ദേഹം വേണാട് ഭരിച്ചിരുന്നതു 1592 മുതൽ 1609 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു .പിന്നീട് ഇന്നത്തെ തിരുവിതാംകൂർ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ ഈ കൊട്ടാരം പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട് ., പൂർണ്ണമായും തേക്ക് മരത്തിൽ നിർമ്മാണം നിർവഹിച്ച ആ കൊട്ടാരത്തിന്റെ ചരിത്രം നമ്മൾ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് . നമ്മുടെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ ആ കൊട്ടാരത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരും . ആകർഷകമായ തൂക്കു വിളക്കാണ് പൂമുഖത്തിന്റെ ഐശ്വര്യമായി ഇപ്പോഴും നിലകൊള്ളുന്നത് . ഏതു വശത്തേക്കും തിരിച്ചു വെക്കാമെന്നുള്ള പ്രത്യേകതയാണ് കുതിരക്കാരൻ വിളക്ക് എന്നറിയപ്പെടുന്ന ആ തൂക്കു വിളക്കിനുള്ളത്. ബിയറിങ്ങും പിന്നെ വെയിറ്റ് ബാലൻസും ആ വിളക്കിന്റെ പ്രത്യേകതയാണ് . തൊണ്ണൂറു തരത്തിലുള്ള പൂക്കൾ കൊത്തിവെച്ച സീലിംഗ് മറ്റൊരു അത്ഭുതം തന്നെയാണ് .മണി മാളിക , നാടക ശാല മന്ത്രശാല , നൃത്ത മണ്ഡപം എന്നിവ കാണേണ്ട കാഴ്ച തന്നെയാണ് . അന്തപുര റാണി മാർ ഉപയോഗിച്ചിരുന്ന നിലക്കണ്ണാടി കൊട്ടാരത്തിന്റെ ഹാളിൽ ഇപ്പോഴും കാണാം .അകത്തളത്തിലെ തറകൾക്ക് ഇപ്പോഴും മാര്ബിളിനെ വെല്ലുന്ന ഉറപ്പും തിളക്കവും നമുക്ക് ദർശിക്കാം . ചുണ്ണാമ്പും , മുട്ടയുടെ വെള്ളയും കരിയും മറ്റും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ആ കൊട്ടാരത്തിന്റെ തറ നിർമ്മാണം നിർവ്വഹിച്ചത്. കൽ തൂണുകളുടെ ഗാംഭീര്യം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് . രാജാവിന്റെ ശയ്യാ മുറിയും ഔഷധ മരങ്ങൾ കൊണ്ടു നിർമിച്ച സപ്ര മഞ്ച കട്ടിലും ഇന്നും കേടുകൂടാതെ ഇരിക്കുന്നു. നിരനിരയായി കാണപ്പെട്ട ആട്ടു കല്ലുകൾ അന്നത്തെ അടുക്കളയുടെ പ്രതാപം വിളിച്ചോതുന്നു. തേഞ്ഞു തീരാറായ അര കല്ലും അവിടെ ദൃശ്യമായിരുന്നു. അരയന്നങ്ങൾ നീന്തി തുടിച്ചിരുന്ന കുളവും , രാജ നീരാട്ടിന്റെ ഓർമ്മകൾ കാട്ടിത്തരുന്ന കുളപ്പുരയും കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. അതു പോലെ തന്നെ വിദേശ അഥിതികൾക്കായി പണി കഴിപ്പിച്ച മന്ദിരം വിശിഷ്യമായി എപ്പോഴും നിലകൊള്ളുന്നു. ഹാളിൽ പലയിടത്തും ക്യാൻവാസുകളിൽ കോറിയിട്ട മനോഹരമായ ചിത്രങ്ങൾ കാണാം.താഴേക്ക് ഇറങ്ങി വരാന്തയിലൂടെ മുന്നോട്ട് നടന്നപ്പോൾ ഒരു വശത്തു വലിയ ഒരു കിണറും ശ്രദ്ധയിൽ പെട്ടു.അതി പുരാതനമായ പ്രൗഢിയോടെ ആ കൊട്ടാരം ഇന്നും നിലകൊള്ളുകയാണ് എന്ന വസ്തുത മനസ്സിൽ പതിഞ്ഞു. കൊട്ടാരത്തിന്റെ അങ്കണത്തിൽ വെച്ചു വീണ്ടും ഒത്തു ചേർന്ന സഞ്ചാരികൾ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു കൊട്ടാര വാതിലിലൂടെ പുറത്തേക്ക് പ്രയാണം ആരംഭിച്ചു . പഴയ പ്രതാപത്തിന്റെ ഐശ്വര്യം വിളിച്ചോതിക്കൊണ്ടു ഇപ്പോഴും സഞ്ചാരികളെ മാടി വിളിക്കുന്ന ഒരു വലിയ ലോകമാണ് പദ്മനാഭപുരം കൊട്ടാരം... സത്യത്തിൽ യാത്രാ ക്ഷീണം മറന്നു മനസ്സു നിറഞ്ഞ നിമിഷങ്ങളായിരുന്നു നമ്മൾ അവിടെ ചിലവഴിച്ചത്. നേരം വൈകിയെങ്കിലും "miles to go before I sleep" എന്ന ചിന്തയിൽ വീണ്ടും തിരികെ യാത്ര ആരംഭിച്ചു. തമിഴ് മണ്ണിന്റെ ഹൃദയത്തിലൂടെ കുളമ്പടി കേൾപ്പിച്ചു കൊണ്ടു സഞ്ചാരികളുടെ കുതിരകൾ ഓരോന്നായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു. ഇടയ്ക്ക് വെച്ചു സംഘം രണ്ടു വഴിക്കും പിന്നീട് അൽപ നേരത്തിനു ശേഷം ഒന്നിക്കുകയും ഓരോ ചായ കുടിച്ചതിനു ശേഷം , കളിയാക്കവി ള , വിഴിഞ്ഞം , കോവളം വഴി പ്രധാന ഹൈവേയിൽ എത്തി.അപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. പിന്നീട് പലരും പല ദിക്കുകൾ വഴി സ്വന്തം കൊട്ടാരത്തിലേക്ക് യാത്ര തുടർന്നു.അവിസ്മരണീയമായ , മറ്റൊരു ഏടു കൂടി പൂർത്തിയാക്കി കുറെ പുതു മുഖങ്ങളെയും പരിചയപ്പെട്ടുകൊണ്ടു അന്നത്തെ യാത്ര അവസാനിച്ചപ്പോൾ അടുത്ത യാത്രയ്ക്കായി വീണ്ടും മനസ്സ് തയ്യാറെടുത്തു .എല്ലാവരും തിരിച്ചെത്തി എന്നുറപ്പ് വരുത്തിയ അഡ്മിനും ടീമുകൾക്കും സുഖ നിദ്ര പറഞ്ഞും , കൊട്ടാര ഓർമ്മകളുമായി ചിലമ്പൊലികൾക്ക് കാതോർത്തും മറ്റൊരു പുലരിയെ വരവേൽക്കാനായി ഉറക്കം പൂണ്ടു.... ...