watching through

Sunday, December 15, 2019

കയാക്കിങ് ; ഒരു ഒന്നൊന്നര അഡാർ ഇവൻറ്....PART II

                                                                                   (സഞ്ചാരി കൊല്ലം യൂണിറ്റ് ....നാല്പതാം ഇവൻറ് )


ഉദയ സൂര്യൻറെ പൊൻ കിരണങ്ങൾ പതിയുന്ന നേരം;  കായലിലെ വിളക്കുമാടങ്ങൾ തിരി താഴ്ത്തി നിൽക്കുമ്പോൾ ,കായലിനോടും കാറ്റിനോടും കിന്നാരം പറയാനും , ഓളങ്ങളിൽ ഉയർന്നു പൊങ്ങി താളം പിടിക്കാനും, ആ ഊർജ്ജത്തെ നമ്മിലേക്ക് ആവാഹിക്കാനും   അഷ്ടമുടിയുടെ വിരിമാറിൽ , കയാക്കിൽ തുഴയെറിഞ്ഞു കൊണ്ട് ,വീണ്ടും സഞ്ചാരി സുഹൃത്തുക്കൾ ഒത്തു കൂടി . കൊല്ലവർഷം 1194 , മേടം 28 പുലർകാലെ 7 മണിക്ക് അഡ്വഞ്ചർ പാർക്കിൽ ഉത്സവാഘോഷം. ( ഈ സഞ്ചാരി സുഹൃത്തുക്കളുടെ ഒത്തുകൂടൽ തന്നെ എന്നും ആഘോഷമാക്കാറാണ് പതിവ് ).

 കൊല്ലം ജില്ലയ്ക്ക്  പുറമെ , മറ്റു യൂണിറ്റ്കളിൽ നിന്നുള്ള മെമ്പർമാർ ഇത്തവണയും കൂട്ടുകൂടി. അങ്ങിനെ പറഞ്ഞുറപ്പിച്ചതനുസരിച്ചു അവരുടെ ( കയാക്കിങ്  )ജീവനക്കാരും എത്തിച്ചേർന്നു. സാധാരണ ദിവസങ്ങളിൽ 7 മണിക്ക് എൻട്രി ഉണ്ടാവില്ല. പക്ഷെ ഞങ്ങൾക്കു വേണ്ടി അവർ നേരത്തെ എത്തി . പക്ഷെ അവരെയും അമ്പരപ്പിച്ചു കൊണ്ട് നമ്മുടെ ചില സുഹൃത്തുക്കൾ അതിലും നേരത്തെ തന്നെ എത്തി ( അതങ്ങിനെ ആണല്ലോ : നമ്മൾ സഞ്ചാരി ഡാ ) .
 എന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം തവണയാണ് ഞാൻ തുഴ എറിയാൻ പോകുന്നത്. ആദ്യ തവണ കഴിഞ്ഞ വര്ഷം ലക്ഷ്മി പുരം തോപ്പിൽ ,പൊഴിക്കര റോഡിനു അരികിലായി സിസിജി ഇക്കോ സ്‌പോർട് ഒരുക്കി തന്ന കയാക്കിങ് അനുഭവം മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. കൊല്ലം സഞ്ചാരിയുടെ ഇവൻറ് കളിൽ ഏറ്റവും മുന്നിൽ നിക്കുന്ന ഒന്നായിരുന്നു ആ പ്രോഗ്രാം. അപ്പൊ അതിന്റെ അലയൊലികൾ മനസ്സിൽ തന്നെ കിടക്കുകയായിരുന്നു. അതിന്റെ കൂടെ ഈ ഒരേടും കൂട്ടിച്ചേർക്കണമെന്ന നിർബന്ധമായിരുന്നു എന്നെ വീണ്ടും കായാക്കിങ്ങിനു പ്രേരിപ്പിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒരു ഔട്ട് ഡോർ  സ്പോർട്ടിങ് ആക്ടിവിറ്റിയാണ് കയാക്കിങ്.  ഹൈക്കിങ്‌ , ബൈക്കിങ്ങ് ,അത് പോലെ മോട്ടോർ ബോട്ടിങ് എന്നിവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി കിട്ടുന്ന അനുഭവമാണ് കായാക്കിങ്ങിൽ കിട്ടുന്നത് . തിരക്ക് പിടിച്ച ജീവിത യാത്രയിൽ നിന്നൊഴിഞ്ഞു നയന മനോഹരമായ കായൽ കാഴ്ചകൾ നമുക്ക് ദർശിക്കാൻ പറ്റുന്ന ഒന്നാണ് കയാക്കിങ് .




സീൻ-1
അൽപ സമയത്തിന് ശേഷം കുറച്ചുപേർക്ക് ലൈഫ് ജാക്കറ്റ് ഇഷ്യൂ ചെയ്തു . അതോടൊപ്പം എല്ലാര്ക്കും കായാക്കിങ്ങിനെക്കുറിച്ചും , തുഴ ഉപയോഗത്തിനെക്കുറിച്ചും സഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകളെ കുറിച്ചും ഒരു ചെറു വിവരണം നൽകി .         
 അങ്ങിനെ ആദ്യ ബാച്ച് കായലിലേക്ക് തുഴയെറിഞ്ഞു നീങ്ങി .ആഹ്ലാദം , ആവേശം ,അമിതാവേശം ..ഈ മൂന്നു കാറ്റഗറിയും  നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കാറുണ്ട് .   പക്ഷേ കായൽ കാറ്റ് നമ്മെ ശാന്തമാക്കി...
 സീൻ-2 
 ആദ്യ ബാച്ചുകാർ കായലിന്റെ ഓളം പറ്റി മുന്നോട്ടു നീങ്ങി. കാഴ്ചയിൽ ഉണ്ടെങ്കിലും ദൂരെ ദൂരെ ഒരു പൊട്ടുപോലെ അവർ തുഴഞ്ഞു നീങ്ങി. കരയിൽ സൊറ പറഞ്ഞും , വിശേഷങ്ങൾ പങ്കു വെച്ചും ,പാർക്കിലൂടെ നടന്നും സഞ്ചാരികൾ സമയം നീക്കി. ആദ്യ ബാച്ചിന്റെ മടക്കം. ആഘോഷത്തോടെ  തന്നെ. അവരുടെ വിശേഷങ്ങൾ കേൾക്കാൻ  നിൽക്കാതെ അടുത്ത ടീമിന്റെ അരങ്ങേറ്റം.  അങ്ങിനെ എന്റെ ഊഴവും വന്നു.  ലൈഫ് ജാക്കറ്റ് അണിയിക്കാൻ ഗൈഡും മറ്റൊരു സഹായിയും. ഞാൻ റെഡി ആയി .ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന കയാക്കിലേക്ക് .  ശ്രദ്ധയോടെ കയാക്കിൽ ഇരിപ്പുറപ്പിച്ചു. ലക്ഷ്യം അങ്ങകലെ  കാണുന്ന പാലവും, അതിനപ്പുറത്തെ പള്ളിയും.
സാവധാനം തുഴയെറിഞ്ഞു മുന്നോട്ടു നീങ്ങി. തൊട്ടു പുറകിലായി ഊഴമനുസരിച്ചു മറ്റുള്ളവർ തുഴഞ്ഞു തുടങ്ങി .  കായലിലെ ഓളങ്ങൾ ശാന്തമായിരുന്നെങ്കിലും മാനം അല്പം മൂടി ക്കെട്ടിയോ എന്ന് തോന്നിച്ചു .വെയിലിന്റെ കാഠിന്യം അത്രയ്ക്ക് ഇല്ല. ദേശീയ ജല പാതയിലൂടെ കുറെ മുന്നോട്ടു പോയപ്പോൾ ഹൗസ്ബോട്ടുകളിൽ ടൂറിസ്റ്റുകൾ ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു. ശീതീകരിച്ച കാബിനകത്തു , മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തും , സ്റ്റാറ്റസ്സ് അപ്ഡേറ്റ് ആക്കിയും ഇടക്കിടെ തല പുറത്തിട്ടു നോക്കി ,  വെള്ളത്തിൽ കൂടി ഓടുകയാണെന്നു  ഉറപ്പ് വരുത്തുന്നവരെ കുറിച്ച് ഓർത്തപ്പോൾ ഒന്നു രണ്ടു പേർ കൈ വീശി കാണിച്ചു ..തിരിച്ചും കൈ വീശി മറുപടി കൊടുത്തു , അപ്പോൾ മനസ്സിൽ തോന്നിയ ആ വികാരം എഴുതിയറിയുക്കുക എളുപ്പമല്ല. അതി മനോഹരമായ കായൽ ക്യാൻവാസിൽ ഒരു കൊച്ചു വള്ളത്തിൽ ഒറ്റയ്ക്ക് തുഴഞ്ഞു പോകുന്നതിന്റെ ആസ്വാദനം പറഞ്ഞും എഴുതിയും അറിയിക്കുവാൻ പറ്റില്ല. അതു അനുഭവിച്ചു തന്നെ അറിയണം. സഞ്ചാരിയുടെ ഈ ഇവന്റിൽ പങ്കെടുത്തവർ ആ വികാരത്തിന്റെ പാരമ്യത്തിൽ തീർച്ചയായും എത്തി എന്നത് ഒരു രഹസ്യം കൂടിയാണ് .  ആ രഹസ്യം പരസ്യമായതാണ് നമ്മുടെ വിജയം.
ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ മൂന്നോ നാലോ കൊച്ചു വള്ളങ്ങൾ (ഇവിടെ കയാക്കുകൾ) കായലിന്റെ നടുവിൽ ഒത്തു ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്‌തു. വർണാഭമായ  ഫോട്ടോകളിൽ   , ഈ യാത്രയുടെ സന്തോഷം തെളിഞ്ഞു കാണാം .പിന്നീട് ഞങ്ങൾ എല്ലാവരും പാലം ലക്ഷ്യമാക്കി വീണ്ടും തുഴഞ്ഞു.അപ്പോഴേക്കും നല്ല  ദാഹം എല്ലാവരെയും ബാധിച്ചു . പാലത്തിനരികിൽ  , കായലോരത്തെ  വീട്ടുകാർ ഞങ്ങളുടെ ദാഹത്തെ  ശമിപ്പിക്കാൻ കുടിവെള്ളവുമായി എത്തി. വേലിക്ക് മുകളിലൂടെ വെള്ളം നിറച്ച ഗ്ലാസുകൾ അവർ കൈമാറിയപ്പോൾ അതിൽ നിറഞ്ഞു തുളുമ്പിയത് സ്നേഹവും സാഹോദര്യവും ആയിരുന്നു. വീണ്ടും തുഴഞ്ഞു വരാനും  ക്ഷീണം അകറ്റാനും അവർ ഒഴിച്ചു തന്ന വെള്ളത്തിനു കഴിഞ്ഞു. കരുതലായി ഒരു ബോട്ടിലിലും അവർ കുടി വെള്ളം പകർന്നു നൽകി. കൊച്ചു കുട്ടികൾ ഞങ്ങളോട് കൂട്ടു കൂടാൻ വേലിക്കെട്ടുകൾക്ക് അരികിൽ തന്നെ സ്ഥലം പിടിച്ചിരുന്നു. ജല വിഭവങ്ങളിൽ മുന്നിൽ നില്കുന്ന കക്കകൾ ആ തീരത്തു , മതിലിനോട് അടിഞ്ഞു കൂടിയത് കാണാമായിരുന്നു..
അപ്പോഴേക്കും ഞങ്ങളെ തേടി ഒരു വലിയ മോട്ടോർ ബോട്ട് എത്തി. വൈകുന്നു , എത്രയും വേഗം തിരിച്ചു തുഴയണം എന്ന നിർദേശം. കാരണം ഇനിയും ഊഴം കാത്തു നിൽക്കുന്ന സഞ്ചാരി സുഹൃത്തുക്കൾ കരയിലുണ്ട്.
വെയിലിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി. വലിയ മോട്ടോർ ബോട്ടുകൾ യാത്രികരെ വഹിച്ചു കൊണ്ടു വീണ്ടും വീണ്ടും കടന്നു പൊയ്ക്കൊണ്ടി രുന്നു...അവരിൽ നിന്ന് ദൂരെ മാറി ഞങ്ങൾ തുഴഞ്ഞു തുഴഞ്ഞ് പുറപ്പെട്ട തീരത്തു തന്നെ എത്തി...കൂട്ടത്തിൽ ഒന്നോ രണ്ടോ പേർ നല്ല ക്ഷീണിതരായതിനാൽ അവരുടെ ഭാരം കൂടി വഹിക്കേണ്ടി വന്നു.. അതായത് ഒറ്റയ്ക്ക് പോയവർ ഇരട്ടയായി തിരിച്ചെത്തി. "ഒരുമിച്ചു തുഴയാം ഒരുമിച്ചു ചേരാം, എന്നത്‌ ആപ്ത വാക്യം.
 അല്പസമയത്തിനകം ഒടുവിലത്തെ ടീമും അവരുടെ തുഴച്ചിൽ പൂർത്തിയാക്കി കരയിലേക്കെത്തി. തുടർന്ന് എല്ലാവരും പാർക്കിന്റെ ഒഴിഞ്ഞ ഭാഗത്തു ഒത്തു കൂടി. ഇനി പുതിയ മെമ്പർമാരുടെ പരിചയപ്പെടുത്തലിന്റെ ഊഴം . ചിലർ വലിയ വായിൽ , വാതോരാതെ സ്വയം പരിചയപ്പെടുത്തി , മറ്റു ചിലർ ചുരുക്കം വാക്കിലും. ഓരോ  തവണയും പുതുമുഖങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയുടെ മറ്റൊരു വിജയം . സഞ്ചാരിയുടെ എല്ലാ ഇവെന്റുകളിലും പരമാവധി മെമ്പർമാർ എത്തിച്ചേരുന്നതും ഒരു പക്ഷെ ആത്മ ബന്ധങ്ങളുടെ ആഴം  കൂടിയത് കൊണ്ടാകാം . കയാക്കിങ് വ്യത്യസ്ഥമായ , വേറിട്ട അനുഭവം ആണെന്ന് അതിൽ പങ്കെടുത്ത എല്ലാ മെമ്പർമാരും ഒരേ സ്വരത്തിൽ പറയുന്നു . അതോടൊപ്പം തന്നെ സഞ്ചാരിയുടെ മറ്റൊരു പ്രോഗ്രാം ആയ " നോട്ട് ബുക്ക് " സീസൺ 4 നെ ക്കുറിച്ചു വിവരങ്ങൾ പങ്കുവെക്കുകയും ഉണ്ടായി. " "സ്വപ്നങ്ങൾക്ക് ചിറകേകാം ... വിടരട്ടെ നറു പുഞ്ചിരികൾ ".....അങ്ങിനെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് എല്ലാവരും ചേർന്ന്  ഒരു ഗ്രൂപ്പ് ഫോട്ടോയും .. ഉച്ചയോടെ പരിസമാപ്തി കുറിച്ച് കൊണ്ട് സഞ്ചാരികൾ അവരവരുടെ ലോകത്തേക്ക് വീണ്ടും യാത്രയായി. വീണ്ടും ആരോ ഒരാൾ കമെന്റ് പറഞ്ഞു ....അടുത്ത ഇവന്റ് പതിവ് പോലെ സർപ്രൈസ് ആയിരിക്കുമല്ലോ............? അതെ ആയിരിക്കും .......



മനസ്സിൽ കായലും , കളി വള്ളവും തത്തിക്കളിക്കുമ്പോൾ മറക്കാൻ പറ്റാത്ത ഒരു ഗാനമാണ് ഓർമ്മയിൽ എത്തിയത്....

       " കായലിനക്കരെ പോകാൻ  എനിക്കൊരു

                     കളിവള്ളമുണ്ടായിരുന്നു
              പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ...
             ഒത്തിരി ദൂരം തുഴഞ്ഞു തരാനൊരു
                      മുത്തശ്ശിയുണ്ടായിരുന്നു ..
             അന്തിക്ക് ഞങ്ങളാ കായലിനക്കരെ
                       അമ്പലമുറ്റത്തു പോയി
              കളിവള്ളം തുഴയും , കഥകൾ  പറയും
               കഥകളി പാട്ടുകൾ പാടും , മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും."....🎼🎼
 ...................................................................



                  
                                                          

No comments:

Post a Comment