watching through

Saturday, November 26, 2011

26 /11 **************************



    






         മൂന്നു വര്‍ഷം തികഞ്ഞ  ഒരു ദുരന്തവും അതിന്‍റെ വിഹ്വലതകളും. 
 


ഒരു ജനാധിപത്യ രാജ്യത്തിന്‍റെ നിയമം അന്നും ഇന്നും ഒരു പോലെ പിന്തുടരുന്ന നമ്മുടെ ഈ നാട്ടില്‍ കാലത്തിനനുസരിച്ച് നിയമ നിര്‍മാണവും ഭേദ ഗതിയും നടക്കുന്നില്ല എന്ന വിചിത്ര സത്യം തീര്‍ച്ചയായും അംഭരപ്പിക്കുന്നു. .

          2008 ലെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബെ ആക്രമണം നമ്മുടെയുള്ളില്‍ കൊളുത്തിയ തീ ഇതുവരേക്കും കെട്ടടങ്ങിയില്ല. വധ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ ( അഥവാ  പഞ്ചനക്ഷത്ര ജയിലില്‍ ) കഴിയുന്ന മി. കസബിനു വേണ്ടി ഇതിനകം കോടികള്‍ ഒഴുക്കി കളഞ്ഞു. മരിച്ചവരുടെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ മെഴുകു തിരികള്‍ കത്തിച്ചു ആത്മാവിനു നിത്യ ശാന്തി വരുത്തുന്നതിന് പകരം ഇന്നേ ദിവസമെങ്കിലും കസബിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍  ജീവിച്ചിരിക്കുന്നവരുടെ മനസ്സിലെങ്കിലും ശാന്തി തോന്നിയേനെ..
ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ പഴുതുകള്‍ ഇന്നെല്ലാവര്‍ക്കും വളരെ നന്നായി അറിയാവുന്നതുകൊണ്ട്‌ തന്നെ ക്രിമിനലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഈയിടെ കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികളെ പിടിച്ചപ്പോള്‍ അവരുടെ ഭാഷണം എന്തായിരുന്നെന്നോ.. "വിദേശത്ത് നിന്ന് നാട്ടില്‍ വന്നു കൊല നടത്താന്‍ പ്രേരിപ്പിച്ച ഘടകം ഇന്ത്യയിലെ അയഞ്ഞ നിയമ വ്യവസ്ഥ തന്നെ. പിടിച്ചു കഴിഞ്ഞാല്‍ ഏതായാലും ഒറ്റയടിക്ക് തൂക്കിക്കൊല്ലില്ല , അഥവാ തൂക്കി കൊല്ലാനാണ് വിധിയെങ്കില്‍ തന്നെ ജയിലില്‍  ഒരുപാടു കാലം സുഖിച്ചു ജീവിക്കാം അതിനിടയില്‍ അപ്പീലുകളും മറ്റുമായി കാലം കഴിക്കാം ,ഒടുവില്‍ ഫൈനല്‍ വിധി ചിലപ്പോള്‍ ജീവപര്യന്തം ആയിരിക്കും..പിന്നെന്തു വേണം ...."
നമ്മുടെ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....ഇനി എന്നെങ്കിലും അങ്ങിനെയൊരു ബില്‍ ലോക്സഭയില്‍ വരുമോ..?

Saturday, November 12, 2011

"ഹരി"ദ്വാര്‍

         



    പല്ലവികള്‍ വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പാഠം പഴയത് തന്നെ . പുതിയതു 2011  നവംബര്‍ എന്ന് മാത്രം .അഖില വിശ്വ ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അഞ്ചു ദിവസ മഹായാഗം . ആചാര്യ പണ്ഡിറ്റ്‌ ശ്രിരാം ശര്‍മ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷത്തിന്നിടയിലാണ് സംഭവം .സംഭവം നടന്ന ഉടന്‍ പേരും മാറി ..."ശാന്തിയാഗം " . അതായതു തഞ്ചo നോക്കി കാല് മാറ്റം.
  16  മരണവും 46  പേര്‍ക്ക് പരിക്കും..എങ്ങിനെ സംഭവിച്ചത് എന്ന് മാത്രം ചോദിക്കരുത്. കുംഭ മേള കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഒത്തു ചേരുന്ന മേളയാണിത്‌.ഏകദേശം 2  ലക്ഷത്തോളം പേര്‍ ഒത്തു ചേര്‍ന്നെന്നു ഔദ്യോഗികവും അനൌദ്യോഗികവുമായ കണക്കുകള്‍. ആയിരത്തോളം ഹവന കുണ്ടങ്ങളില്‍  നിന്ന്  ഉയര്‍ന്ന പുക മൂലം ശ്വാസം മുട്ടല്‍ അനുഭവ പ്പെട്ടാണ് ദുര്‍ഘടന സംഭവിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ തിക്കും തിരക്കും ലാത്തി ചാര്‍ജുമാണ് കാരണമെന്നു അഭ്യുഹവുമുണ്ട്. അത് അന്യേഷണത്തില്‍..(റിപ്പോര്‍ട്ട് വരുമോ ആവോ?).അപകടത്തില്‍പ്പെട്ടവര്‍ എല്ലാം പാവങ്ങള്‍.
  ഒരു കാര്യം പകല്‍ പോലെ വ്യക്തം . വിശ്വാസികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഇത്തരം അപകടങ്ങള്‍ സാധാരണം.  എന്തിനു വേണ്ടി ഇത്തരം മേളകള്‍ നടത്തുന്നു എന്ന് ഇതുവരെ സര്‍ക്കാരോ ജന പ്രധി
നിധികളോ ചോദിച്ചതായി കേട്ടിട്ടില്ല . കഷ്ടം ! പക്ഷെ ദുരിതാശ്വാസ ഫണ്ടുണ്ട്, സമാശ്വാസ വാക്കുകള്‍ ഉണ്ട്..ചോദ്യങ്ങള്‍ മാത്രം ഇല്ല.  എന്നെങ്കിലും ഇതുപോലുള്ള സംഭവത്തിനു ശേഷം നടത്തിപ്പ്കാര്‍ക്കെതിരായ കേസെടുത്തതായും കേട്ടിട്ടില്ല. . ഇതൊന്നും ചോദിയ്ക്കാന്‍ ആരുമില്ല..വോട്ടു ബാങ്കും ബിസിനസ്സും ; അതില്‍ കവിഞ്ഞു മറ്റൊന്നിലും ഇവര്‍ക്ക് നോട്ടമില്ല.. മുന്‍പ്  ശബരി മലയില്‍ സംഭവിച്ചപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു..കുറച്ചു കാലം പത്രങ്ങളിലും ടി വി യിലും നിറഞ്ഞു നിന്നു.പിന്നെ എങ്ങോട്ട് പോയെന്നു ആര്‍ക്കും അറിയില്ല.. പൊതു ജനത്തിന്‍റെ കണ്ണില്‍ പൊടിയിട്ടു വിരുതു കാണിക്കാന്‍ നേതാക്കന്‍മാരെക്കാളും മിടുക്കുള്ള മാജിക്കുകാര്‍ പോലുമില്ല..
 പ്രിയപ്പെട്ട
പൊതുജനം നിങ്ങള്‍ എന്നും ഒരേ നുകത്തില്‍ കെട്ടിയ --------------------------------.
 നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ....പൂജയും മന്ത്രവും ഫലിക്കുമെങ്കില്‍ എന്നെങ്കിലും ഇത്തരം ദുര്‍ഘടനകള്‍ സംഭവിക്കുമോ? അതോ മരിച്ചവര്‍ പാപികളാണോ ? പാപികള്‍ ആണ് മരിച്ചതെങ്കില്‍ ഇന്ത്യയില്‍ നിയമസഭയും ലോകസഭയും ഒക്കെ എന്നെ പൊട്ടിത്തെറിച്ചേനെ......

Thursday, November 10, 2011

C - 6699

        




 
  ഇത് വെറും നമ്പരല്ല .പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പുതിയ അന്തേവാസിയുടേതാണ്. കോടതി അലക്ഷ്യമാണ് കേസ്. സംഗതി ചെറുതല്ല ,എന്നാല്‍ ഒട്ടും മോശമല്ലതാനും. എന്നും അതിരാവിലെ നാക്ക് വടിച്ച്‌ പുറത്തിറങ്ങാറാണ് പതിവ്. എന്നാല്‍ പ്രായമായതോടെ ആ പതിവ് തെറ്റിച്ചു തുടങ്ങി.. അതോടെ കലികാലവും. അവസാനം വായില്‍ തോന്നിയത് എന്തും വിളിച്ചു പറയമെന്നായി..ചിന്താ ശക്തിക്കും ഓര്‍മ്മയ്ക്കും മങ്ങലേറ്റതാമെന്നു ചിലര്‍. അതല്ല മന:പൂര്‍വ്വം കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നു മറ്റു ചിലര്‍. എന്തായാലും സംഗതി പുലിവാലായി.ഒടുവില്‍ നമ്പരും കിട്ടി .ഇനിയിപ്പോ എല്ലാ നമ്പരുകളുടെ യും കൂടെ 6699 ചേര്‍ത്താല്‍ ബലേഭേഷ്.(പുതിയ മൊബൈലിന്‍റെയും അവസാന നമ്പര്‍ 6699  ആണെന്നാണ് കേട്ട് കേള്‍വി. )
കറുത്ത കോട്ടുമിട്ട് കണ്ണാടികൂട്ടിലിരുന്നു പറയുന്നതെല്ലാം ഭോഷ്കാണെന്ന് അതിയാന് തോന്നി. ജനദ്രോഹപരമായ കാര്യമാണ് നിരത്തു വക്കില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും എന്ന് കോടതി പറഞ്ഞതിനും അതിനെ നിയമം മൂലം നിര്‍ത്ത ലാക്കിയത്തിനു മേതിരെയുള്ള മറുപടിയായാണ്  6699 എന്ന് ഇപ്പൊ നാമകരണം ചെയ്ത നേതാവ് കണ്ടക്ഷോഭം നടത്തിയത്. ഇനിയേതായാലും 'പൊളി'ട്രിക്കല്‍ ഇമേജു കൂടുകയും അത് വഴി ഇലക്ഷനെ പുല്ലു പോലെ നേരിടുകയും വേണ്ടി വന്നാല്‍ വലിയ കസേരയില്‍ ഒരു പക്ഷെ തന്നെ ഇരുത്തിയെക്കുമെന്നുള്ള ചിന്തകളും രണ്ടു ദിവസമായി അലട്ടാതില്ല. എന്തായാലും വിതച്ചതെ കൊയ്യാന്‍ കഴിയൂ.. പിന്നെ മുറിയുടെ കാര്യമെടുത്താല്‍ ഒത്തിരി എഴുതാനുണ്ടാവും. ഒരാളിറങ്ങുമ്പോള്‍ അടുത്തയാള്‍ ..അതാണ് പ്രകൃതി നിയമം. അത് തെറ്റില്ല. ഇനിയെന്തായാലും മുറി കാലിയാവില്ല..ഒരുപാട് സംഭവവികാസങ്ങള്‍ Q വിലാണ് .അടുത്ത നറുക്ക് ആര്‍ക്കെന്ന് പറയാന്‍ പറ്റില്ല. കാത്തിരുന്ന് കാണാം.           
(കാസര്‍കോട്ട് 6699  പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച്  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു എന്നാണു ഇപ്പോഴത്തെ വിവരം.[മോന്തായം പണ്ടേ വളഞ്ഞിരിപ്പാണ് പിന്നെയല്ലേ ബാക്കി...].

Saturday, November 5, 2011

തീ പിടിച്ച പെട്രോള്‍



    കേരള ഹൈ കോടതി ഒടുവില്‍ സഹികെട്ട് പ്രസ്താവന ഇറക്കി ..എന്തെ പൊതു ജനം പ്രതികരിക്കാത്തത് ...? ഇന്നിവിടെ ആര് പ്രതികരിച്ചിട്ട്  എന്ത് കാര്യം എന്ന അവസ്ഥയായി.. പോളിസികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണു നിര്‍മിക്കപ്പെടുന്നത് . എന്നാലിപ്പോള്‍ അത് ജന നേതാക്കന്‍മാര്‍ക്കാണെന്ന് പരസ്യമായ രഹസ്യം . ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ പോളിസികള്‍ റിവ്യു ചെയ്യണമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇത് എല്ലാത്തിനും ബാധകമാണ്. പക്ഷെ ആര് ചെയ്യുന്നു ഇതൊക്കെ. അതിനു സമയം കിട്ടിയിട്ട് വേണ്ടേ ..... അതിനിടയില്‍ 2  ജിയും  പിന്നെ 3 ജിയും ..പൊതു ജനം എന്തും വിറ്റ് പെട്രോള്‍ അടിക്കുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം....എന്നെങ്കിലും ജനോപകാര പ്രദമായ വ്യവസ്ഥകള്‍ നമുക്ക് അനുഭവിക്കാന്‍ പറ്റുമോ ആവോ..