മെയ് അവസാന വാരം ; യാത്രയുടെ പ്ലാൻ ഒന്നുംതന്നെ ഇല്ലായിരുന്നു . പെട്ടന്നാണ് ഒരു ആശയം ഉദിച്ചത് . മൺറോ തുരുത്തിലൂടെ കായൽ യാത്ര . കാരണം മറ്റൊന്നുമല്ല , സഞ്ചാരി ടീം ന്റെ കൂടെ അന്ന് യാത്ര ചെയ്യാൻ പറ്റാത്ത നഷ്ട ബോധം മനസ്സിന്റെ ഒരു കോണിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ആ നഷ്ടം ഉടനെ നികത്തണം. കൂടെക്കൂടെ ഞാൻ ശ്യാമിനെ കാണുമ്പോഴൊക്കെ പറയാറുള്ള കാര്യവുമായിരുന്നതിനാൽ ( അന്ന് പോകാൻ പറ്റാത്തതിന്റെ അസൂയ എന്ന് വേണമെങ്കിലും പറയാം -- ) ഉടനെ ഫോൺ എടുത്തു കറക്കി .. സമയം പിന്നീടാണ് നോക്കിയത് ..രാത്രി പത്തുമണിയോടടുക്കുന്നു. ശ്യാം ഫോൺ എടുത്തതും , ഉടനെ ഞാൻ പറഞ്ഞു തുടങ്ങി. പെട്ടന്ന് ഒരു തോണിയാത്ര ഒപ്പിക്കണം , ഒത്താൽ നാളെ തന്നെ .. കാരണം ഞാനും കുടുംബവും പെട്ടന്ന് തീരുമാനിച്ചുറപ്പിച്ചതാണ് ഈ യാത്ര.
അടുത്ത ദിവസം തന്നെ പോയില്ലെങ്കിൽ പിന്നെ സമയം കിട്ടില്ല , എന്നും കൂട്ടത്തിൽ സൂചിപ്പിച്ചു. ശരി ,ഇപ്പൊ തിരിച്ചു വിളിക്കാം എന്ന ഉറപ്പിന്മേൽ ശ്യാം ഫോൺ വെച്ചു അൽപ്പ സമയത്തിനകം എല്ലാ വിവരങ്ങളുമായി കോൾ എത്തി . കൂടാതെ റൂട്ട് മാപ്പ് അടക്കം വാട്സ് ആപ്പ് മെസ്സേജും.കൂടെ തോണിയിക്കാരന്റെ നമ്പറും , പേരും . അപ്പൊ എല്ലാം പറഞ്ഞു റെഡിയാക്കിയിട്ടുണ്ട് .രാവിലെ ആയിരിക്കും യാത്ര നല്ലതു എന്ന് ശ്യാം പ്രത്യേകം പറഞ്ഞിരുന്നു .. നിങ്ങൾ ഫൈനൽ ആക്കിയാൽ മതി.എന്ന് ,”എത്ര മണിക്ക് ”, ഇതായിരുന്നു ഞാൻ തീരുമാനിക്കേണ്ടത് . മണി 10.30...ഇനിയും സമയം കളയേണ്ടതില്ല , രാവിലെ പുറപ്പെടാനുള്ള തയ്യാറെടുപ്പുമായി ആ നമ്പറിൽ വിളിച്ചു . പുലർച്ചെ വരാമെന്നു പറഞ്ഞു ഞാൻ വിമലൻ ചേട്ടനെ വിളിച്ചു. അങ്ങിനെ കരുനാഗപ്പള്ളി ,ഇടപ്പള്ളിക്കോട്ട -ശാസ്തംകോട്ട -വഴിയിൽ - കാരാളി മുക്ക് - തലയിണക്കാവ് ക്ഷേത്രം വഴി മുളക്കെ കടവിൽ എത്തിച്ചേരാനായിരുന്നു നിർദേശം. ഓക്കേ പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. അങ്ങിനെ പെട്ടന്നുള്ള തീരുമാനത്തിൽ ഞങ്ങൾ ഉറച്ചു നിന്നു. പിന്നെ ചിന്തകൾ മൺറോ എന്ന ദേശത്തെയും/ ദ്വീപിനെയും അവിടെ കാണാൻ പോകുന്ന കാഴ്ചകളെയും , അതോടൊപ്പം ടീം സഞ്ചാരിയുടെ യാത്രാ വിവരണവും ചിത്രങ്ങളുമായിരുന്നു മനസ്സിൽ ഉയർന്നു വന്നത്. ആ ചിന്തകൾക്കൊടുവിൽ ഞങ്ങൾ ഉറക്കം പിടിച്ചു. രാത്രിയുടെ മണിക്കൂറുകൾക്കു ആയുസ്സു വളരെ കുറവായി തോന്നിയ ദിവസമായിരുന്നു ... അലാറം ശബ്ദിച്ചു .. ഉടനെ തന്നെ ഉണർന്നെണീറ്റ് പോകാൻ ഞങൾ തയ്യാറായി. തയ്യാറെടുപ്പുകൾക്കൊടുവിൽ ഞാൻ തോണിക്കാരൻ വിമലൻ ചേട്ടനെ വിളിച്ചു .നിങ്ങൾ വന്നോളൂ ഞാൻ കടവിൽ തന്നെ ഉണ്ടാകും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാൻ മറക്കേണ്ട..ശരി,എന്നു ഞാനും. അങ്ങിനെ നേരം വെളുത്തു വരുമ്പോഴേക്കും ഞങ്ങൾ പുറപ്പെട്ടു.മുളക്കെ കടവ് ലക്ഷ്യം വെച്ച് , മെയിൻ റോഡിൽ നിന്ന് ടേൺ ചെയ്ത് അൽപ്പം മുന്നോട്ടു പോയി, ചെറിയൊരു സംശയം തീർക്കാനെന്നോണം വഴിയിൽ കണ്ട ചേട്ടനോട് ചോദിച്ചു ." ഈ മുളക്കടവിലേക്കു " വാചകം പൂർത്തിയാക്കും മുന്നേ ഉത്തരം കിട്ടി .. നേരെ പോയി വലത്തോട്ട് ചെന്ന് പിന്നെ വീണ്ടും മുന്നോട്ട് പോയി ഉടനെ ഇടത് വശം കാണുന്ന റോഡിലൂടെ പോയാൽ മതി. നന്ദി പറഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. അല്പം കഴിഞ്ഞു വീണ്ടും ഒരു വളവു തിരിഞ്ഞു ...റോഡ് സൈഡിൽ തന്നെ ,പൂക്കൾ പറിച്ചുകൊണ്ടു ഒരു ചേച്ചി .അവരോട് കൂടെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് ചോദിച്ചു .അല്പം മുന്നോട്ടു പോയി ഒരു ചെറിയ ഇറക്കം , ഒരു റേഷൻ കട കാണാം , അല്പം കൂടെ മുന്നോട്ടു പോയാൽ ,വലതു ഭാഗത്തായി കടവും കാണാം. അങ്ങിനെ വീണ്ടും മുന്നോട്ടു പോയി .. പതിനഞ്ചു കിലോമീറ്റർ അപ്പോഴേക്കും പിന്നിട്ടിരുന്നു. ഉടനെ റോഡിൽ വലതു വശത്തായി ഒരാൾ ആരെയോ കാത്തുനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടു. സംശയത്തെ സാധൂകരിച്ചുകൊണ്ടു അദ്ദേഹം കൈ കാണിച്ചു , പേര് ചോദിച്ചു ആളെ മനസ്സിലാക്കി ,വരൂ വണ്ടി അവിടെ പാർക്ക് ചെയ്തു , കടവിലേക്ക് പോകാം ..ആ ക്ഷണം സ്വീകരിച്ച നമ്മൾ കടവിലേക്ക് നടന്നു.
നേരം വെളുത്തു , സൂര്യൻ മെല്ലെ മെല്ലെ അതിന്റെ മുഖപടം മാറ്റി തുടങ്ങി.കടവിൽ ഒരു തോണി നമ്മളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടതും എന്റെ മനസ്സും ചിന്തകളും ഒരു പാട് വർഷങ്ങൾ പുറകിലോട്ടു പോയി.
അത് വേറൊരു കഥ .. കഥയല്ല .. യാഥാർഥ്യം ....
അത് വേറൊരു കഥ .. കഥയല്ല .. യാഥാർഥ്യം ....
ഞാൻ ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരങ്ങളെ തൊട്ടുരുമ്മി കിടക്കുന്ന പ്രകൃതി രമണീയവും ശാന്തഗംഭീരവുമായ മലപ്പട്ടം എന്ന , മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമത്തിലാണ്.
വര്ഷങ്ങൾക്ക് മുമ്പ് , പ്രകൃത്യാ ഒറ്റപ്പെട്ട ഒരു പുഴയോര ഗ്രാമമായിരുന്നു , അതിനാൽ തന്നെ അതിന്റെതായ പ്രത്യേകതകൾ ആ ഗ്രാമത്തിനു ഉണ്ടായിരുന്നു. "മലയോരം ഒരു ഭാഗത്തും, പുഴയോരം ഇരു ഭാഗത്തും" അതായിരുന്നു എന്റെ ഗ്രാമം. പുറം ലോകത്തേക്ക് നമ്മെ നയിച്ചത് തോണി യാത്രകളായിരുന്നു. റോഡ് വഴി ദൂരം വളരെ കൂടുതൽ ആയതിനാൽ തോണി തന്നെ ആയിരുന്നു അക്കാലത്തെ നമ്മുടെ ആശ്രയം.എന്റെ വീട്ടുപറമ്പിനു മുന്നിലുള്ള വയൽ , മഴക്കാലങ്ങളിൽ ഒരു പുഴയായി വേഷം മാറുന്നതും ഞാനോർത്തു. കവുങ്ങിൻ തോപ്പുകളും തെങ്ങിൻ തോപ്പുകളും മലവെള്ളം കൊണ്ട് നിറയുന്നതും അതിലൂടെ മത്സരിച്ചു കളിയ്ക്കാൻ ഓടുന്നതും ക്ഷണ നേരത്തിൽ എന്നിലെ ഓർമകളെ നിറകുംഭമാക്കി. എന്നാൽ കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ശക്തമായ വെള്ളപ്പൊക്കമോ, മലവെള്ളപ്പാച്ചിലോ ഉണ്ടാകാറില്ല. കാലം അതിന്റെ തിരിച്ചടി തുടങ്ങിയെന്നുള്ള ഒരു മുന്നറിയിപ്പായി ഞാൻ അതിനെ കാണുന്നു .
എന്നാലിന്ന് നഗര ഹൃദയത്തിലേക്ക് കേവലം വളരെ കുറഞ്ഞ സമയം കൊണ്ട് എത്താൻ നമ്മുടെ നാട്ടിലെ പാലത്തിൽ കൂടെ സാധിക്കും , പാലം കടക്കുമ്പോഴെല്ലാം ദൂരെ കടത്തുവള്ളത്തിന്റെ സാന്നിധ്യമുണ്ടോയെന്നു അറിയാതെ നോക്കി പോകും. അത്രയ്ക് ആ കടവും , കടത്തു വള്ളവും നമ്മെ സ്വാധീനിച്ചതെന്നു ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആ ഓർമകളെ മുന്നിലേക്ക് എത്തിച്ചത് ഈ ഒരു യാത്രയും......... നമ്മുടെ നദികളും കുളങ്ങളും വറ്റി വരളുന്ന അവസ്ഥയിൽ നിന്ന് കരകയറിയില്ലെങ്കിൽ നാളത്തെ തലമുറ നമ്മെ പഴി ചാരും എന്നത് സംശയാതീതമായ വസ്തുതയാണ്. അവിടെയാണ് പ്രകൃതിയോടലിഞ്ഞു പ്രകൃതിയോടൊപ്പം എന്ന വാക്കുൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സഞ്ചാരി എന്ന കൂട്ടായ്മയുടെ പ്രാധാന്യം. വേണം നമുക്കീ സുന്ദര ഭൂമി , അതിനു പ്രകൃതിയിയെ അറിയണം , സ്നേഹിക്കണം ...........
ഇന്നിപ്പോൾ ഈ മൺറോ എന്ന സുന്ദരമായ ദ്വീപിൽ ഞാൻ എത്തിച്ചേർന്നപ്പോൾ എനിക്കനുഭവപ്പെട്ട ചിന്തകളുടെ സൂക്ഷ്മമായ ഒരു അവതരണം ആണ് മേൽ ഉദ്ധരിച്ചത്. ..ഞങ്ങൾ യാത്ര തുടങ്ങുന്നു...
കല്ലടയാറും അഷ്ടമുടി കായലും സംഗമിക്കുന്നിടത്താണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. നദീ മുഖത്തെ തുരുത്തിനെ ഉപയോഗ യോഗ്യമാക്കി മാറ്റുന്നതിൽ പ്രധാനിയായ അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായ കേണൽ ജോൺ മൺറോയുടെ പേരിലാണ് മൺറോ ഇന്നറിയപ്പെടുന്നത്. അങ്ങിനെ ഓരോ വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു കൊണ്ട് നമ്മുടെ ചെറു തോണിയെ വഞ്ചിക്കാരൻ ഉൾ കനാലിലേക്ക്പ്രവേശിപ്പിച്ചു . പിന്നീടങ്ങോട്ട് വാ തോരാതെ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങി. എവിടെ നിന്നോ ഒരു സൈക്കിൾ ബെല്ലടി കേട്ട് കരയിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അന്നത്തെ പത്രക്കെട്ടുമായി ഒരാൾ ധൃതിയിൽ പായുന്നു. നമ്മളോടും പത്രം വേണോ എന്ന് ചോദിക്കാനും ആ ചേട്ടൻ സമയം കണ്ടെത്തി. അൽപ്പ ദൂരം പിന്നിട്ടപ്പോഴേക്കും ,ചായയ്ക്കു സമയമായി എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ വഞ്ചിക്കാരൻ , കരയോട് ചേർന്ന് ഒരു ചെറിയ കടയുടെ ഓരത്തു വഞ്ചി അടുപ്പിച്ചു. കൂട്ടത്തിൽ എനിക്കും ഒരു കട്ടൻ ആയിക്കോട്ടെ എന്ന് പറഞ്ഞു. നേരിയ തണുപ്പും കായലിലെ വെള്ളത്തിന്റെ കുളിർമയും കൂടെ കട്ടൻ ചായയും ശരിക്കും ഒരു ഉന്മേഷം പകർന്നു തന്നു. ചായയ്ക്ക് ശേഷംവള്ള ത്തെ വീണ്ടും കയ്യിലൊതുക്കി വഞ്ചിക്കാരൻ നമ്മളെയും കൊണ്ട് മുന്നോട്ടു തുഴയെറിഞ്ഞു. അവിടവിടായി പക്ഷികളുടെ കൂട്ടങ്ങൾ കണ്ടു തുടങ്ങി. കൂടെ കൂടെ ദൃശ്യങ്ങൾ പകർത്താൻ നമ്മളും സമയം കണ്ടെത്തി. ഇടതൂർന്ന മരക്കൊമ്പുകൾക്കിടയിലൂടെ നമ്മളെയും കൊണ്ട് വഞ്ചി പതുക്കെ മുന്നോട്ടു നീങ്ങി .പിന്നീട് ഒരു കോൺക്രീറ്റ് പാലത്തിന്റെ അടിയിൽ കൂടി പോകുമ്പോൾ തല തട്ടാതെ മുട്ടാതെ കുനിഞ്ഞിരിക്കാൻ ഓർമപ്പെടുത്തി. വഞ്ചിയെ മുന്നോട്ടു തുഴഞ്ഞു വിശേങ്ങളും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വേറൊരു തോണി നമുക്കെതിരെ വരുന്നത് ശ്രദ്ധയിൽ പെട്ടു. അത് മണൽ നിറച്ച തോണിയായിരുന്നു. അന്വേഷിച്ചപ്പോൾ ഏതോ ഒരു വീട്ടു പണിക്കായി കൊണ്ടുപോകുകയാണെന്നു അറിയാൻ കഴിഞ്ഞു. മുന്നോട്ടു നീങ്ങവേ ഇടതു വശത്തായി ആകാശ നീലിമയുടെ ചാരുതയുള്ള വലിയ വലകൾ ദൃശ്യമായി . അപ്പോഴേക്കും വഞ്ചിക്കാരൻ ചെമ്മീൻ വളർത്തലിനെ കുറിച്ചും അതിന്റെ പരിപാലനത്തെ കുറിച്ചും വാചാലനായി. പിന്നീടങ്ങോട്ട് ചെമ്മീൻ കെട്ട് എന്നറിയപ്പെടുന്ന ചെമ്മീൻ കൃഷിപ്പാടങ്ങൾ ദൃശ്യമായി.
പക്ഷികളും മറ്റും ഇറങ്ങാതിരിക്കാനും നഷ്ടങ്ങൾ ഒഴിവാക്കുവാനുമാണ് നിറയെ വല വിരിച്ചിടുന്നത്. അടുത്ത മാസം വിളവെടുപ്പിനു തയ്യാറാവുകാണെന്നും എന്നും മറ്റും വഞ്ചിക്കാരൻ പറയുന്നുണ്ടായിരുന്നു. മാത്രമല്ല തൊണ്ണൂറു ശതമാനവും കയറ്റുമതി ലക്ഷ്യമാക്കിയുള്ള വിളവെടുപ്പും കൃഷിഷിയുമാണിതെന്നു അദ്ദേഹം ഓർമിപ്പിച്ചു. ഇളം വെയിലേറ്റു തിളങ്ങി നിൽക്കുന്ന നീല വലകൾ ഏതോ ഒരു മാസ്മര ദൃശ്യമായി തോന്നി. ഒരു വളവു തിരിഞ്ഞു മുന്നോട്ടു നീങ്ങി ,ഇനിയങ്ങോട്ട് നമുക്ക് കായലിലേക്ക് കടക്കാം എന്നായി ....വിശാലമായി നോക്കെത്താ ദൂരത്തോളം ശാന്ത സുന്ദരമായി പരന്നു കിടക്കുന്ന അഷ്ടമുടി കായലിന്റെ വിരിമാറിലേക്കാണ് ഇനി നമ്മൾ തുഴഞ്ഞെത്താൻ പോകുന്നത് എന്ന് പറയുമ്പോഴേക്കും മനസ്സിൽ സന്തോഷം തുടി കൊട്ടി.. കായലുകളുടെ കവാട കമാനം അഥവാ ഗോപുര ദ്വാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഷ്ടമുടിയുടെ മടിത്തട്ടിൽ ഞങ്ങൾ എത്തിക്കഴിഞ്ഞു . ഇനി ഒരു പഴയ ദുഃഖ കഥ പറയട്ടെ എന്നായി വഞ്ചിക്കാരൻ . ദൂരേക്ക് കൈ ചൂണ്ടി ഒരു പാലം ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തി. പെരുമൺ ......പേര് കേട്ടപ്പോഴേ മനസ്സിൽ അലമുറയുടെയും തകർന്നടിഞ്ഞ സ്വപ്നങ്ങളുടെയും ഒരു നാടിനെയും ദേശത്തെയും മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ദുരന്തത്തിന്റെ മിന്നലാട്ടം. എല്ലാം നഷ്ടപ്പെട്ട കുറെപ്പേരുടെ കഥന കഥ അദ്ദേഹം ചുരുക്കം വാക്കുകളിൽ ഒതുക്കി. ദുഃഖത്തിന്റെ നിഴലാട്ടം വഞ്ചിക്കാരന്റെ ഹൃത്തിൽ പടർന്നത് അറിയുന്നുണ്ടായിരുന്നു. ആ പാലം പതുക്കെ കാഴ്ചയിൽ നിന്നും മറഞ്ഞു. അപ്പോഴേക്കും ഒരു ചെറു തോണി വളരെ വേഗത്തിൽ നമ്മുടെ അടുത്ത് കൂടെ കടന്നു പോയി. എൻജിൻ ഘടിപ്പിച്ച ആ തോണി ജലപാളികളെ കീറി മുറിച്ചപ്പോൾ വിഷമം തോന്നാതിരുന്നില്ല. അൽപ നേരം എൻജിൻ ഘടിപ്പിച്ച തോണികളെ കുറിച്ചും അവയുടെ ഗുണത്തെയും ഒപ്പം ദോഷത്തെയും കുറിച്ച് തോണിക്കാരൻ സംസാരിച്ചു. പെട്ടന്ന് തന്നെ മറ്റൊരു മനോഹര ദൃശ്യം ശ്രദ്ധയിൽപ്പെട്ടു . മണൽ നിറച്ചുകൊണ്ട് , വലിയ ഒരു തോണി. അല്പം ഒന്ന് ആടിയുലഞ്ഞാൽ വെള്ളം കയറാൻ പാകത്തിൽ , മുങ്ങി - മുങ്ങില്ല എന്ന രീതിയിൽ ഞങ്ങളുടെ അടുത്തു കൂടെ കടന്നു പോയി. അപ്പോഴേക്കും നമ്മുടെ സംഭാഷണത്തിൽ മണൽ മാഫിയകളുടെയും മറ്റു നിയന്ത്രണങ്ങളെ കുറിച്ചും , മണൽ ഊറ്റിയെടുത്തലുണ്ടാകുന്ന ദോഷ ഫലങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളിൽ വരെയെത്തി. ചുരുക്കം പറഞ്ഞാൽ യാത്രയുടെ രസം ഇത്തരം കൊച്ചു കൊച്ചു വിഷയങ്ങളും കൂടി ആയിരുന്നു ... സൂര്യരശ്മികള്‍ക്ക് തേജസ്സു കൂടി വരുന്നതായി തോന്നി , പ്രത്യേകിച്ച് കായലില്‍ ആയതു കൊണ്ട്. ഒരിക്കല്‍ വന്നവരെ വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ ആ രശ്മികളായിരിക്കാം ശക്തി പകരുന്നത് . അത് പോലെ തന്നെയായിരിക്കും കായല്‍ക്കാറ്റും ,കായല്‍ മര്‍മ്മരങ്ങളും.
പിന്നീട് കായലോരം കേന്ദ്രമാക്കി കളമുറപ്പിക്കുന്ന കായല്‍ മാഫിയകളുടെ കഥ യായി. സ്ഥലം കൈവശപ്പെടുത്തി റിസോര്‍ട്ടുകളും മറ്റും പണിയുന്നവരെ ക്കുറിച്ചും അതിനു ശ്രമം നടത്തുന്നവരെക്കുറിച്ചും വഞ്ചിക്കാരന്‍ വാചാലനായി. പലതും കൈ വിട്ടുപോകുന്ന അവസ്ഥ ആ വാക്കുകളില്‍ തികച്ചും പ്രകടമായിരുന്നു. കായലും കനാലും കൈ വഴികളും ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് അദ്ദേഹം കൂടെ കൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. അല്പം അകലെ മീന്‍ കള്ളന്‍ അഥവാ കിംഗ് ഫിഷെര്‍ എന്നറിയപ്പെടുന്ന പക്ഷികളെ കാണാനായി. ഓളപ്പരപ്പിലേക്ക് ചെറു പരല്‍ മീനുകള്‍ ചാടിക്കളിക്കുന്നത് മനോഹരമായ മറ്റൊരു കാഴ്ചയായി അനുഭവപ്പെട്ടു. ഞങ്ങള്‍ വീണ്ടും കനാലിന്റെ കൈ വഴികളിലേക്ക് തുഴഞ്ഞു കയറി. കയലോരത്തിന്റെ സുന്ദരമായ കാഴ്ച്ചകള്‍ കണ്ണിനു തരുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യ.
മലയാളത്തിലെ ആദ്യകാല സിനിമയുടെ പേര് തന്നെ “ജീവിതനൌക” എന്നാണ്. അതില്‍ നിന്ന് നമുക്ക് മനസിലാക്കാം തോണിയുമായുള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധം. “ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ പെണ്ണേ ...”..എന്ന ഗാനം എന്റെ കാതുകളില്‍ അലയടിക്കുന്നതായി എനിക്ക് തോന്നി......കായലിനക്കരെ പോകാനെനിക്കൊരു കളി വള്ളമുണ്ടായിരുന്നു....ഈ ഗാനവും മനസ്സില്‍ തികട്ടി വരുന്നുണ്ടായിരുന്നു .
പുഴകള്‍ ശാന്ത സൊരൂപിണിയും അതേ സമയം സംഹാര രൂപിണിയുമാണ്, എന്നാല്‍ കായല്‍ എപ്പോഴും ശാന്തസ്വരൂപിണി തന്നെയായിരിക്കും. ആ ഒരു കാരണം തന്നെ മതി കായലിന്റെ മഹിമ വാനോളം ഉയരാന്‍.
തോണിയില്‍ നിന്ന് അല്പം ദൂരെ ഒരു നീര്‍ക്കോലി പാമ്പ് പ്രത്യക്ഷപ്പെട്ടു. വെള്ളത്തിലൂടെ ഊളിയിട്ടു നീന്തിയകലുന്നത് തൊട്ടടുത്ത് നിന്ന് കാണാന്‍ സാധിച്ചു. അതുവരെ പേടിച്ച് ഒതുങ്ങിയിരുന്ന മകന്‍ ചുക്കാന്‍ കയ്യിലെടുത്തു, ഇനി ഞാന്‍ തുഴയാം എന്ന് പറഞ്ഞു തുഴയാന്‍ തുടങ്ങി.
ഇതിനിടയിൽ മറ്റൊരു കാര്യം പറയാതെ വയ്യ.മകൻ ഒതുങ്ങി ഇരിക്കുന്നതു കൊണ്ട് ഞാൻ പറഞ്ഞു " കുട്ടികൾക്ക് ഭയങ്കര പേടിയാണ് , അവർ ഒതുങ്ങി ഇരുന്നു കൊള്ളും എന്നൊക്കെ. പക്ഷെ എന്ത് കൊണ്ടോ ഈ "പേടി" കാര്യം വള്ളക്കാരൻ ചേട്ടൻ അംഗീകരിക്കാൻ തയ്യാറായില്ല. അദ്ദേഹം ഒരു കാര്യം ആദ്യമേ പറഞ്ഞു , " ഇപ്പൊ പേടി കാണും പക്ഷെ കുറച്ചു നേരം കഴിയട്ടെ , മക്കൾ തന്നെ തുഴ എടുക്കും , തോണിയിൽ എഴുന്നേറ്റു നിൽക്കും , അവർ തുഴയാൻ തുടങ്ങും . " ഏയ് അങ്ങിനെയൊന്നും സംഭവിക്കില്ല എന്ന് ഞങ്ങളും. ഒടുവിൽ അത് തന്നെ സംഭവിച്ചു. തുഴ എടുക്കൽ മാത്രമല്ല , ഇനി "ഞാൻ മാത്രം തുഴയാം , എനിക്ക് പറ്റും എന്നൊക്കെ " ശരിക്കും അത്ഭുതം തോന്നി , വള്ളക്കാരൻ പറഞ്ഞു , നോക്കൂ ഞാൻ ആദ്യമേ പറഞ്ഞില്ലേ , അത് തന്നെ സംഭവിച്ചില്ലേ.
ചില കുട്ടികൾ തുഴ കൈയ്യിലെടുക്കും , എടുത്താൽ ഒരു പക്ഷെ ആപത്തുണ്ടാവും , ( അത് വളരെ ശരിയാണ് , അവർക്കു അതിന്റെ വരും വരായ്കകൾ അറിയില്ല അപ്പോൾ , തുഴയെറിയുമ്പോൾ ചിലപ്പോൾ ഒരു വശം ചരിഞ്ഞു പോകാനുള്ള സാദ്ധ്യതകൾ കൂടുതലാണ് , ബാലൻസിങ് ചെയ്യാൻ പറ്റിയെന്നു വരില്ല, അത് കൊണ്ടു തന്നെ അത്ര സേഫ് അല്ല. ) പക്ഷെ ഇവിടെ ഒരു സൈക്കോളജിക്കൽ ചാർജിങ് ആണ് നടന്നത്. യാത്രയിൽ ഇടയ്ക്കിടെ കുട്ടിയോട് സംസാരിക്കാനും , പേടിക്കേണ്ട , ധൈര്യം ഉണ്ടാവണം , നീന്തൽ പഠിക്കണം , ഇതൊക്കെ അത്യാവശ്യമാണ് , എന്നൊക്കെ സൂചിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി . അത് ഫലവത്തായി എന്ന് മാത്രമല്ല യാത്രാവസാനം വരെ തുഴ വിട്ടുകൊടുക്കാൻ തയ്യാറായില്ല , നമ്മുടെ മേൽ നോട്ടത്തിൽ വളരെ സുരക്ഷിതമായി തന്നെ തുഴയാൻ ശ്രമിക്കുകയും ചെയ്തു. ...
കായലിൽ നിന്ന് വീണ്ടും കനാലിലേക്ക് കേറുകയും മനോഹരമായ കൈവഴികളിലൂടെ യാത്ര തുടർന്ന് ഒടുവിൽ പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തിയപ്പോൾ എന്തോ ഒരു അനുഭൂതി , മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന അഷ്ട മുടി കായലിലൂടെയുള്ള ജല നൗക യാത്ര നമുക്ക് പകർന്നു തന്ന ഊർജ്ജം എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ,
ഓർമകൾക്ക് നിറം പകരുകയും അതോടൊപ്പം വീണ്ടും ഓർമ്മിക്കാൻ കുറെയേറെ അനുഭവങ്ങളും സമ്മാനിച്ച മൺറോ എന്ന വിശുദ്ധ തുരുത്തിനും , യാത്രയിൽ ഉടനീളം വാ തോരാതെ വിശേഷങ്ങളും അനുഭവങ്ങളും പങ്കു വെച്ച , പ്രിയ തോണിക്കാരനും നന്ദി പറഞ്ഞു കൊണ്ട് ഞങൾ അന്നത്തെ യാത്ര അവസാനിപ്പിച്ചു .....
" തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു ......................."
Superb....athimanohara vivaranam....photos too👌💖
ReplyDeleteThank you
Delete